കുറവിലങ്ങാട്: വീടിനോടു ചേർന്നു ഗുഹാമുറി നിർമ്മിച്ചു ശ്രദ്ധ നേടിയ കുറവിലങ്ങാട് പകലോമറ്റം ഞരളംകുളം ചാരുത വീട്ടിൽ സി.ആർ. വർഗീസ് (58) മരിച്ചു. എംസി റോഡിൽ വെമ്പള്ളി പാലത്തിനു സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് മരണം. സംസ്‌കാരം ഇന്നു 2.30ന് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടക്കും.

തിരുവോണനാളിൽ രാത്രി ഏഴുമണിയോടെയാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നു വീട്ടിലേക്കു പോവുകയായിരുന്ന വർഗീസിന്റെ സ്‌കൂട്ടറിൽ എതിരെ വന്ന കാർ തട്ടിയെന്നും സ്‌കൂട്ടർ മറിഞ്ഞു റോഡിൽ തെറിച്ചു വീണതാകാമെന്നും പൊലീസ് പറഞ്ഞു. ഇടിച്ച വാഹനം നിർത്താതെ പോയി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീടിനോടു ചേർന്നു ഗുഹാമുറി നിർമ്മിച്ചു ശ്രദ്ധ നേടിയ വർഗീസ് പുരാവസ്തു ശേഖരണത്തിലും മികവു തെളിയിച്ചിരുന്നു.

അപകടം നടന്നയുടൻ സമീപവാസികൾ ഓടിയെത്തി വർഗീസിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ ലഭിച്ചില്ല. 10 മിനിറ്റിനു ശേഷം അതുവഴി വന്ന പിക്കപ് വാനിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെ മരിച്ചു. അപകടസ്ഥലത്ത് കുറവിലങ്ങാട് പൊലീസും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി. ഭാര്യ: ലില്ലി, മകൻ ബിബിൻ.