കുഴൽമന്ദം: തിരുവോണദിവസം സുഹൃത്തിനൊപ്പം കുതിരാൻ തുരങ്കം കാണാൻ പോയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ചെർപ്പുളശേരി കാറൽമണ്ണ ചെന്ത്രത്തുപറമ്പ് സുജീഷാണ് (22) മരിച്ചത്. കൂടെയുണ്ടായിരുന്നു കാറൽമണ്ണ ചെന്ത്രത്തുപറമ്പ് രാരിച്ചൻ കുന്നത്ത് സുജിത്ത് (22) കാൽമുട്ടിന് പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബൈക്കോടിച്ചിരുന്നത് സുജീഷാണ്. ശനിയാഴ്ച വൈകീട്ട് നാലരയോടെ ദേശീയപാത കുളവന്മൊക്ക് ചരപ്പറമ്പിൽവെച്ച് മുന്നിൽപ്പോയിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിക്കയായിരുന്നു. തെറിച്ചുവീണ യുവാക്കളുടെമേൽ പിന്നിൽവന്ന കാർ കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മലമ്പുഴഡാം കണ്ടതിനുശേഷമാണ് ഇരുവരും കുതിരാനിലേക്ക് പോയത്. കാർഡ്രൈവർ പിരായിരി സ്വദേശി സുധീർകൃഷ്ണക്കെതിരേ കുഴൽമന്ദംപൊലീസ് കേസെടുത്തു. സുജീഷിന്റെ അച്ഛൻ: പരേതനായ സുന്ദരൻ. അമ്മ: സുധ. സഹോദരൻ: സുധീഷ് (കരസേന). മൃതദേഹം വാണിയംകുളം സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ. ശവസംസ്‌കാരം തിങ്കളാഴ്ച.