- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാൻ നരകത്തിൽ നിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയും അസ്തമിക്കുന്നു; എയർപോർട്ടിലേക്ക് നീങ്ങുന്നവരെ തടഞ്ഞ് താലിബാൻ തീവ്രവാദികൾ രംഗത്ത്; പാശ്ചാത്യ പൗരന്മാർ പോലും പെരുവഴിയിൽ; അഫ്ഗാനിൽ നടക്കുന്നത് സമാനതകളില്ലാത്ത മാനവ ദ്രോഹം
കാബൂൾ: അഫ്ഗാനിൽ സ്ഥിതിഗതികൾ പ്രവചനാതീതം. ഓഗസ്റ്റ് 31-ഓടെ അഫ്ഗാനിസ്താനിൽനിന്ന് അമേരിക്കൻ സൈന്യം പൂർണമായും പിന്മാറണമെന്നും താലിബാൻ ആവർത്തിച്ചു. അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ അഫ്ഗാൻ പൗരന്മാർക്ക് ഇപ്പോൾ അവസരമില്ല. അവരെ വിമാനത്താവളത്തിലേക്ക് വിടുന്നില്ല. ഇതോടെ വിദേശ പൗരന്മാർക്കും പ്രശ്‌നങ്ങളായി. അവരും വഴിയിൽ തടയപ്പെടുകയാണ്. ഇതോടെ പല രാജ്യങ്ങളുടേയും രക്ഷാ ദൗത്യവും പ്രതിസന്ധിയിലായി.
താലിബാൻ വരവോടെ അഫ്ഗാൻ നരകത്തിൽ നിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയും അഫ്ഗാൻ പൗരന്മാർക്ക് അസ്തമിക്കുകയാണ്. എയർപോർട്ടിലേക്ക് നീങ്ങുന്നവരെ തടഞ്ഞ് താലിബാൻ തീവ്രവാദികൾ രംഗത്ത് എത്തിയതാണ് ഇതിന് പ്രധാന കാരണം. പാശ്ചാത്യ പൗരന്മാർ പോലും പെരുവഴിയിലാകുമ്പോൾ അമേരിക്കയ്ക്ക് പോലും ഇടപെടാൻ കഴിയുന്നില്ല. അഫ്ഗാനിൽ നടക്കുന്നത് സമാനതകളില്ലാത്ത മാനവ ദ്രോഹമെന്ന തിരിച്ചറിവ് അന്താരാഷ്ട്ര സമൂഹത്തിനും ഉണ്ട്.
അഫ്ഗാൻ പൗരന്മാരെ ഇനിമുതൽ കാബൂൾ വിമാനത്താവളത്തിലേക്ക് പോകാൻ അനുവദിക്കുകയില്ലെന്നാണ് താലിബാൻ പ്രഖ്യാപനം. അഫ്ഗാൻ പൗരന്മാർ നാടുവിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കാബൂൾ വിമാനത്താവളത്തിൽ ആളുകൾ സംഘം ചേരുന്നതും സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനുമാണിതെന്നാണ് താലിബാൻ വാദം. വിദേശികൾക്കു മാത്രമേ ഇനി വിമാനത്താവളത്തിലേക്ക് പോകാനാകൂവെന്നും താലിബാൻ വിശദീകരിക്കുന്നു. എന്നാൽ വിദേശികളുടെ യാത്ര പോലും പ്രതിസന്ധിയിലാണ് ഇപ്പോൾ.
യു.എസ്., നാറ്റോ സേനയുമായി അടുപ്പം പുലർത്തിയിരുന്ന, തങ്ങളുടെ എതിരാളികളെയും അവരുടെ കുടുംബാംഗങ്ങളെയും തിരഞ്ഞ് താലിബാൻ വീടുകൾതോറും കയറി പരിശോധന നടത്തുന്നുണ്ടെന്ന് യു.എൻ. രഹസ്യരേഖയിലെ വിവരങ്ങൾ പുറത്തെത്തിയിരുന്നു. അതിനിടെ പാഞ്ച്ശിറിലെ പ്രശ്നങ്ങൾ സമാധാനപൂർണമായി പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാൻ പ്രഖ്യാപിച്ചു.
താലിബാൻ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പാഞ്ച്ശിറിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മുജാഹിദ് കൂട്ടിച്ചേർത്തു. അഫ്ഗാനിലെ യുദ്ധം അവസാനിച്ചതായി ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു വെടിയുണ്ടപോലും ഉതിർക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. അൽപം ആശങ്കയുള്ളവരുമായി ഞങ്ങൾ ചർച്ച നടത്തുന്നുണ്ട്. ഒരു ശതമാനം ആളുകൾ വിശ്വസിക്കുന്നത് പ്രശ്നങ്ങൾ പ്രശ്നങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നാണ്- മുജാഹിദ് പറഞ്ഞു.
അഫ്ഗാനിൽ ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയാണെന്ന് അവകാശപ്പെട്ട മുജാഹിദ്, കാബൂൾ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. അതിനിടെ അഫ്ഗാനിസ്ഥാനിലെ വടക്കൻ ബഗ്ലാൻ പ്രവിശ്യയിലെ അൻഡാറബ് താഴ്‌വരയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് അഫ്ഗാൻ ആക്ടിങ് പ്രസിഡന്റ് അമറുല്ല സാലിഹ് അറിയിച്ചു. താലിബാൻ മനുഷ്യാവകാശ ലംഘനപരമായ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിവരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അൻഡാറബ് പ്രവിശ്യയിൽ താലിബാനും പ്രദേശവാസികളും തമ്മിലുള്ള പോരാട്ടത്തിന്റെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അമറുല്ലയുടെ പരാമർശം. അന്തരിച്ച മുജാഹിദീൻ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമദ് മസൂദിന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ച്ശീർ പ്രവിശ്യയിൽ താലിബാന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
അഫ്ഗാനിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ കഴിയുന്നില്ലെന്ന് യുഎൻ മനുഷ്യാവകാശ ഏജൻസികളും അറിയിച്ചു. മരുന്നുകളും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാനായി എത്രയും വേഗം സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. 500 ടൺ മെഡിക്കൽ ഉൽപ്പന്നങ്ങൾ രാജ്യത്ത് ഇതുവരെ എത്തിക്കാനായിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ റീജ്യനൽ ഡയറക്ടർ റിച്ചാർഡ് ബ്രണ്ണൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ