കൊച്ചി: റിസോർട്ടിൽ താമസിച്ച യുവാവിനെ റിസോർട്ടിനു പുറത്തെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിൽ പൊലീസ്.കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫിസർ ലിസിമോളുടെയും ഏകമകൻ ജിതിൻ (29) ആണു മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

ജിതിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അതിനിർണ്ണായകമാകും. അസ്വാഭവികതകൾ ഒന്നു ഇല്ലെങ്കിൽ അന്വേഷണം പൊലീസ് അവസാനിപ്പിക്കും. അല്ലാത്ത പക്ഷം അന്വേഷണം തുടരും. സമീപത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിക്കും. ഇതെല്ലാം പരിശോധിച്ച് തീരുമാനം എടുക്കും.

3 വയസ്സു മാത്രമുള്ള മക്കളായ ഇരട്ടകൾ രാത്രി 3 മണിക്കൂറോളം മൃതദേഹത്തിന്റെ അരികിലിരുന്നു കരഞ്ഞതാണ് ജിതിന്റെ മരണത്തെ ചർച്ചയാക്കിയത്. പുലർച്ചെ ഇവിടെ എത്തിയ പത്രവിതരണക്കാരനാണു ദാരുണ സംഭവം ആദ്യം കണ്ടത്. ജിതിൻ മക്കളായ ഏയ്ഡനും ആമ്പർലിക്കുമൊപ്പം 6 ദിവസം മുൻപാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കാൻ എത്തിയത്.

ഗോവയിൽ ബിസിനസ് ചെയ്തിരുന്ന ജിതിൻ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണു നാട്ടിലെത്തിയത്. കലൂരിൽ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണു താമസം. ക്രിസ്റ്റീന ജോലി സംബന്ധമായ ആവശ്യത്തിനു ബെംഗളൂരുവിലായിരുന്നു. കാക്കനാട്ടെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു ജിതിൻ റിസോർട്ടിൽ താമസിക്കാൻ എത്തിയത്.

പിതാവ് ജോർജ് വിദേശത്താണ്. ജിതിൻ മക്കളായ ഏയ്ഡനും ആമ്പർലിക്കുമൊപ്പം 6 ദിവസം മുൻപാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കാൻ എത്തിയത്. റഷ്യ സ്വദേശിയായ ക്രിസ്റ്റീനയാണു ഭാര്യ. ശാരീരിക അസ്വസ്ഥതയെ തുടർന്ന് മക്കളുമായി പുറത്തിറങ്ങിയ ജിതിൻ വീണുമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പർലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്ന കാഴ്ച മാതൃഭൂമി ഏജന്റായ അണ്ടിപ്പിള്ളിക്കാവ് ചുള്ളിക്കാട്ട് സി.ടി. രാധാകൃഷ്ണനാണ് ആദ്യം കണ്ടത്. കുട്ടികൾ രണ്ടും അച്ഛനെ വിളിച്ച് ഏങ്ങി കരയുകയായിരുന്നു. കൈ രണ്ടും നെഞ്ചിൽ ചേർത്തുപിടിച്ച നിലയിലായിരുന്നു ജിതിന്റെ ശരീരമെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

റിസോർട്ടിൽ ഇവർ താമസിച്ച വീടിന്റെ വാതിൽ തുറന്നുകിടന്നിരുന്നു. കോളിങ് ബെൽ അടിച്ചെങ്കിലും ആരും വരാത്തതിനെ തുടർന്ന് പരിസരത്തെ വീടുകളിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മരിച്ചിട്ട് മൂന്നു മണിക്കൂറിലേറെ പിന്നിട്ടിരുന്നു.