കാബൂൾ: സഖ്യകക്ഷികളുടെ അഭ്യർത്ഥനകൾക്ക് ചെവികൊടുക്കാതെ അമേരിക്ക സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. അഫ്ഗാനിലെ അമേരിക്കൻ സാന്നിദ്ധ്യം ഓഗസ്റ്റ് 31 ന് ശേഷവും തുടർന്നേക്കും എന്ന നേരിയ പ്രതീക്ഷപോലും ബാക്കിവയ്ക്കാതെ സേനയുടെ പിന്മാറ്റവും ആരംഭിച്ചിരിക്കുന്നു. ട

അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിലെ പ്രസ്സ് സെക്രട്ടരി ജെൻ സാക്കിയാണ് ഇക്കാര്യമിന്നലെ മാധ്യമങ്ങളെ അറിയിച്ചത്. ഓഗസ്റ്റ് 31 ന് ശേഷം അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് താലിബാൻ നിലപാട് കടുപ്പിച്ചതോടെ ഒരു ഏറ്റുമുട്ടലിന് തയ്യാറാകാതെ അമേരിക്ക പിൻവാങ്ങുകയാണ്.

ഇന്നലെ നടന്ന ജി എസ് നേതാക്കളുടെ വെർച്വൽ മീറ്റിംഗിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ അമേരിക്ക അഫ്ഗാനിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നത് വൈകിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ്ര

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കെലും ഉൾപ്പടെയുള്ള നേതാക്കളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. മുഴുവൻ ആളുകളേയും അഫ്ഗാനിൽ നിന്നും സുരക്ഷിതമായി ഒഴിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നതാണ് ഇതിനു കാരണമായി അവർ ചൂണ്ടിക്കാണിച്ചത്. എന്നാൽ അതൊക്കെ പധിരകർണ്ണങ്ങളിൽ പതിക്കുകയായിരുന്നു.

എന്നാൽ, തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് ബൈഡൻ പെന്റഗണിനെ അറിയിക്കുകയായിരുന്നു. മാത്രമല്ല, ഇന്നലെ രാത്രി വൈറ്റ്ഹൗസിൽ ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ പിന്മാറ്റം വേഗത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായും ബൈഡൻ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 14 ന് ശേഷം ഇതുവരെ 70,000 പേരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 31 ന് ശേഷമുള്ള ഒഴിപ്പിക്കൽ പ്രക്രിയ സുഗമമാക്കുവാനുള്ള ഉത്തരവാദിത്തം താലിബാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീരുമാനത്തിൽ നിരാശയുണ്ടെങ്കിലും അവസാന നിമിഷം വരെ ഒഴിപ്പിക്കൽ പ്രക്രിയ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. അമേരിക്കൻ സൈന്യം പിൻവാങ്ങിയാലും ഒഴിപ്പിക്കൽ പ്രക്രിയയ്ക്ക് തടസ്സം വരാതെ നോക്കാൻ താലിബാനെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ പാശ്ചാത്യ ശക്തികളെ അവഗണിച്ച് മുന്നോട്ടുപോകാൻ അഫ്ഗാനിസ്ഥാന് കഴിയില്ല. ഉപരോധം ഉൾപ്പടെയുള്ള സമ്മർദ്ദങ്ങൾ അഫ്ഗാന് മേൽ ചെലുത്താൻ പാശ്ചാത്യ ശക്തികൾ തയ്യാറായേക്കും.

അമേരിക്കൻ തീരുമാനം പൊതുതാത്പര്യത്തിന് എതിരായെങ്കിലും അതിന്റെ പേരിൽ സഖ്യത്തിൽ ഒരു വിള്ളലുണ്ടാകില്ല. ഒന്നിച്ചു നിന്ന് താലിബാൻ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ തന്നെയാണ് ജി 7 രാജ്യങ്ങളുടെ തീരുമാനം. ഓഗസ്റ്റ് 31 ന് ശേഷവും ഒഴിപ്പിക്കൽ പ്രക്രിയ ഇപ്പോൾ നടക്കുന്നതുപോലെ തുടരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് ഒരു വക്താവ് അറിയിച്ചത്.