- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓഗസ്റ്റ് 31 ന് ശേഷം ഒരു ദിവസം പോലും അനുവദിക്കാതിരുന്നിട്ടും വൻ ഓഫർ നൽകി ജി 7 രാജ്യങ്ങൾ; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും ഭീകരതയും മയക്കുമരുന്നും തടയുകയും ചെയ്താൽ കോടികൾ നൽകാമെന്ന് വാഗ്ദാനം; താലിബാനെ ഒടുവിൽ പാശ്ചാത്യലോകം അംഗീകരിക്കുമ്പോൾ
കാബൂൾ: കേവലം വികാരങ്ങൾക്ക് പുറത്ത് തീരുമാനം എടുക്കുന്നവരല്ല പൊതുവേ പാശ്ചാത്യ ലോകത്തെ ഭരണകർത്താക്കൾ. പ്രായോഗികതയ്ക്കാണ് എന്നും അവർ മുൻഗണന നൽകാറുള്ളത്. താലിബാന്റെ വിഷയത്തിലും ഇതു തന്നെയാണ് ദൃശ്യമാകുന്നത്.
കോവിഡ് പ്രതിസന്ധിയിൽ താറുമാറായിരിക്കുകയാണ് ആഗോള സമ്പദ്വ്യവസ്ഥ. ഇത്തരമൊരു കൂനിന്മേൽ ചുട്ടുനീറുന്ന കുരുവായി മാറും ഒരു യുദ്ധമെന്ന് അറിയുവാനുള്ള സാമാന്യ ബുദ്ധിയൊക്കെ പാശ്ചാത്യലോകം വാഴുന്ന ഭരണകർത്താക്കൾക്കുണ്ട്. അതുകൊണ്ടു തന്നെയാണ് അവർ താലിബാൻ നേതൃത്വവുമായി സമവായത്തിന് ശ്രമിക്കുന്നത്.
എന്നാൽ, തങ്ങളുടെ വ്യക്തിത്വവും ആദർശവും താലിബാന് അടിയറവയ്ക്കുവാനും അവർ തയ്യാറല്ല. അഫ്ഗാൻ സർക്കാരിന്റെ പേരിലുള്ള വൻതുകകൾ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് വിദേശ ബാങ്കുകളിലാണ്. ഇത് ലഭിക്കാതെ താലിബാന് അഫ്ഗാൻ ഭരണവുമായി ഒരടി മുന്നോട്ട് പോകാൻ സാധിക്കുകയില്ല. ഇത് മനസ്സിലാക്കിയ പാശ്ചാത്യ രാജ്യങ്ങൾ നേരിട്ടൊരു യുദ്ധത്തിന് മുതിരാതെ അഫ്ഗാന് മേൽ സമ്മർദ്ദം വർദ്ധിപ്പിച്ച് തങ്ങളുടെ വഴിയെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
തങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ അനുസരിക്കാമെങ്കിൽ, താത്ക്കാലികമായി മരവിപ്പിച്ചിരിക്കുന്ന ഫണ്ടുകൾ വിട്ടു നൽകാം എന്നാണ് ഇന്നലെ ബോറിസ് ജോൺസൺ പറഞ്ഞത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം സംരക്ഷിക്കണം, അതുപോലെ രാജ്യത്ത് തീവ്രവാദവും മയക്കുമരുന്ന് മാഫിയയും ശക്തിപ്രാപിക്കുന്നത് തടയണം അതുപോലെ, അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികൾക്ക് സുരക്ഷിതരായി സ്വന്തം നാടുകളിൽ തിരിച്ചെത്താനുള്ള സാഹചര്യം ഒരുക്കണം എന്നു തുടങ്ങിയ നിബന്ധനകളാണ് ഫണ്ട് നൽകുന്നതിനായി പാശ്ചാത്യ രാജ്യങ്ങൾ മുന്നോട്ടു വയ്ക്കുന്നത്.
എത്രമാത്രം ധനസഹായമായിരിക്കും അഫ്ഗാന് നൽകുക എന്നത് ഇപ്പോൾ പറയുവാനാവില്ലെന്ന് ബോറിസ് ജോൺസൺ പറഞ്ഞു അതുപോലെ അത് എന്തിനുവേണ്ടിയായിരിക്കും ചെലവഴിക്കുക എന്നും ഇപ്പോൾ പറയാനാവില്ല. എന്നാൽ, മനുഷ്യത്തിലൂന്നിയുള്ള നടപടികളാകും സ്വീകരിക്കുക എന്നും ബോറിസ് ജോൺസൺ ഉറപ്പു നൽകുന്നു. അടിയന്തര കരുതൽ ധനത്തിൽ450 മില്ല്യൺ ഡോളർ അന്താരാഷ്ട്ര നാണയനിധി തടഞ്ഞുവച്ചതായി കഴിഞ്ഞമാസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, തങ്ങളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ മനുഷ്യാവകാശ ധ്വംസനങ്ങളുമായി മുന്നോട്ടു പോകാനാണ് താലിബാൻ മുതിരുന്നതെങ്കിൽ തങ്ങളും കടുത്ത സമീപനം സ്വീകരിക്കുമെന്ന് ജി 7 രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾ, പെൺക്കുട്ടികൾ, വംശീയ ന്യുനപക്ഷങ്ങൾ എന്നിവർക്കെതിരെയുള്ള ഒരു അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ, മുഖം മാറിയെന്ന് സ്വയം അവകാശപ്പെടുന്ന രണ്ടാം താലിബാന് ഒരു അവസരം നൽകുകയാണ് പാശ്ചാത്യ രാജ്യങ്ങൾ, സ്വയം നന്നാവാൻ. അങ്ങനെ നന്നാകാൻ തയ്യാറായില്ലെങ്കിൽ നന്നാക്കാൻ അറിയാമെന്ന മുന്നറിയിപ്പും കൂട്ടത്തിൽ നൽകുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ