ഡ്രമ്മിലെ ധൃതതാളത്തിൽ ഒരു ജനതയെ മുഴുവൻ ആവേശത്തിലാഴ്‌ത്തിയ ആ മാന്ത്രിക കരങ്ങൾ നിശ്ചലമായി. റോളിങ് സ്റ്റോണിന്റെ ഡ്രമ്മർ ചാർലി വാട്ട്സ് തന്റെ എൺപതാം വയസ്സിൽ ലോകത്തോട് വിടപറയുമ്പോൾ അവസാനിക്കുന്നത് ഒരു ചരിത്രമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റോക്ക് എൻ റോൾ ഗ്രൂപ്പായ റോളിങ് സ്റ്റോണിന്റെ ഹൃദയസ്പന്ദനമായിരുന്നു ചാർലി.തൊണ്ടയെ ബാധിച്ച അർബുദത്തിൽ നിന്നും നേരത്തേ രക്ഷപ്പെട്ട ചാർലി പക്ഷെ അവസാനം മരണത്തിനു കീഴടങ്ങി.

ലണ്ടനിലെ ഒരു ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചാർലി മറ്റൊരു ലോകത്തേക്ക് ചിറകുവിരുത്തിപ്പറന്നത്. റോളിങ് സ്റ്റോണിൽ തനിക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടിരുന്നില്ലെങ്കിലും, ഗ്രൂപ്പിന്റെ ആത്മാവ് ചാർലിയാണെന്ന് മറ്റംഗങ്ങൾ എപ്പോഴും ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. ലോകത്തിൽ, റോളിങ് സ്റ്റോണിന്റെ പാട്ടിന് നൃത്തച്ചുവടുകൾ വച്ചവരൊക്കെ ചാർലിയുടെ താളത്തിനായിരുന്നു നൃത്തം ചവിട്ടിയതെന്നാണ് ടീമംഗങ്ങൾ പറയാറുള്ളത്. ഒരു പക്ഷെ മറ്റു സംഘങ്ങളേക്കാൾ കൂടുതൽ താളനിബദ്ധമായ ഗാനങ്ങളുമായി ആളുകളെ കോരിത്തരിപ്പിക്കാൻ റോളിങ് സ്റ്റോണിന് കഴിഞ്ഞതും ചാർലിയുടെ സാന്നിദ്ധ്യം കൊണ്ടായിരുന്നു.

സെപ്റ്റംബർ 26 ന് മിസ്സോറിയിലെ സെയിന്റ് ലൂയിസിൽ ആരംഭിക്കുന്ന ട്രൂപ്പിന്റെ അമേരിക്കൻ പര്യടനത്തിൽ പങ്കെടുക്കാനാവില്ലെന്ന വിഷമം രണ്ടാഴ്‌ച്ചകൾക്ക് മുൻപാണ് അദ്ദേഹം പങ്കുവച്ചത്. ഒരു അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നതിനെ തുടർന്നാണ് ചാർലിക്ക് യാത്ര ഒഴിവാക്കേണ്ടതായി വന്നത്. തന്റെ സമയം അല്പം മോശമാകാൻ തുടങ്ങിയിരിക്കുന്നു എന്നാണ് ഈ വിഷമം പങ്കുവച്ചുകൊണ്ട് 80 കാരനായ ചാർലി അന്നു പറഞ്ഞത്.

പ്രശസ്തിയുടെ കൊടുമുടിയിൽ വാഴുമ്പോഴും എന്നും വെള്ളിവെളിച്ചത്തിൽ നിന്നും അകന്നു നിൽക്കാനായിരുന്നു ചാർലി ആഗ്രഹിച്ചത്. വളരെ കുറച്ച് അഭിമുഖങ്ങൾ മാത്രമാണ് അദ്ദേഹം നൽകിയിട്ടുള്ളത്. അതുപോലെ മറ്റു സെലിബ്രിറ്റികൾക്ക് ഒപ്പം കറങ്ങിനടന്ന് വാർത്തകളിൽ ഇടം നേടാനും അദ്ദെഹം ശ്രമിച്ചില്ല. എന്നെ ജനങ്ങൾ ശ്രദ്ധിക്കേണ്ടത് ഞാൻ സ്റ്റേജിൽ ഡ്രംസിനും മുന്നിൽ ഇരിക്കുമ്പോൾ മാത്രമായിരിക്കണം എന്നായിരുന്നു അദ്ദേഹം പറയാറുണ്ടായിരുന്നത്.

സംഗീത ലോകത്തെ പല പ്രതിഭകളും സൂപ്പർ മോഡലുകൾക്കൊപ്പവും നടിമാർക്കൊപ്പവും ജീവിതം ആഘോഷമാക്കിയപ്പോൾ, തന്റെ ഭാര്യ ഷേർലി മാത്രമായിരുന്നു ചാർലിയുടെ ലോകം 1964-ൽ ആയിരുന്നു ഇവർ വിവാഹിതരായത്. അതിനു ശേഷം ചാർലിയുടെ ജീവിതത്തിൽ മറ്റൊരു സ്ത്രീക്കും സ്ഥാനമുണ്ടായിട്ടില്ല. തന്റെ താളത്തിനൊത്ത് ലോകത്തെയാകെ നൃത്തം ചവിട്ടിക്കുമ്പോഴും, എന്നും ഒരു കുടുംബസ്ഥനായി കഴിയുവാനായിരുന്നു ചാർലി ആഗ്രഹിച്ചതും ശ്രമിച്ചതും.

ബാസിസ്റ്റായ ബിൽ വെയ്മാൻ ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഓർമ്മിച്ചെടുത്തു. 1965-ലെ ട്രൂപ്പിന്റെ ഒരു മീറ്റിംഗിനിടയിൽ തങ്ങളുടെ ജീവിതത്തിൽ കയറി വന്ന സ്ത്രീകളെ കുറിച്ചും അനൗപചാരിക ചർച്ച ഉയർന്നു വന്നു. തനിക്ക് അപ്പോൾ തന്നെ 278 സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന് പറഞ്ഞ ബിൽ, ബ്രിയാൻ ജോൺസിന്റെ ജീവിതത്തിൽ അതുവരെ 130 സ്ത്രീകളാണ് വന്നുപോയതെന്നും പറയുന്നു. മൈക്കിന്റെ ജീവിതത്തിൽ 30 ഉം കീത്തിന്റെ ജീവിതത്തിൽ 6 ഉം സ്ത്രീകൾ വന്നപ്പോൾ ചാർലിയുടെ ജീവിതത്തിൽ എന്നും ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു.

റോക്കിങ് ജീവിതം മടുത്ത ചാർലിയും ഷേർലിയും ലണ്ടനും ന്യുയോർക്കും എല്ലാം ഉപേക്ഷിച്ച് വടക്കൻ ഡെവണിലെ ഡോൾട്ടൻ എന്നൊരു ഗ്രാമമായിരുന്നു പിന്നീടുള്ള തങ്ങളുടെ ജീവിതം ജീവിച്ചു തീർക്കാൻ തെരഞ്ഞെടുത്തത്.