തലശേരി: സ്വത്തു തർക്കത്തെ തുടർന്ന് യുവാവ് പിതൃസഹോദരിയുടെ വീട്ടിൽ നിർത്തിയിട്ട കാർ കത്തിച്ച കേസിൽ അറസ്റ്റിലായി. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു അതിക്രമം. വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട കാർ കത്തിച്ച കേസിൽ രണ്ടുപേരെയും എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചരക്കണ്ടി കുഴുമ്പിലാട് ദേവിപുരം കടാങ്കോട് ഹൗസിൽ വി.ഉമേഷ് (33), അഞ്ചരക്കണ്ടി കുളത്തുമല കൊക്കൂറ താഴത്ത് ഹൗസിൽ എം.എം ലിജേഷ് (36) എന്നിവരെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഉമേഷിന്റെ പിതൃസഹോദരി തോട്ടട ഹരികൃഷ്ണയിൽ ടിവി പ്രമീളയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറാണ് ഇവർ കത്തിച്ചത്. ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം.

പരാതിക്കാരിയുടെ സഹോദരന്റെ മകനായ പ്രതി ഉമേഷ് പിതാവും സഹോദരിയും തമ്മിലുള്ള
സ്വത്തു തർക്കം മൂലമുള്ള വൈരാഗ്യമാണ് കാർ കത്തിക്കാനുണ്ടായ കാരണമെന്ന് പൊലീസ് പറഞ്ഞു. അഗ്‌നിരക്ഷാ സേനയും പൊലീസും എത്തിയാണ് അന്ന് തീയണച്ചത്. അന്നത്തെ പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന് ഇത് വാഹനത്തിന് ആരോ തീകൊടുത്തത് എന്ന് മനസിലായിരുന്നു.

കണ്ണൂർ പൊലീസ് അസി. കമ്മീഷണർ പിപി സദാനന്ദന്റെ നിര്‌ദേശപ്രകാരം എടക്കാട് ഇൻസ്പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ മഹേഷ് കണ്ടമ്പത്ത് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റോഡരികിലെ സി.സി.ടി.വി ക്യാമറയിൽ ബൈക്കിലെത്തിയ രണ്ടു യുവാക്കളുടെ ചിത്രമുണ്ടായിരുന്നുവെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് പൊലിസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ കുടുക്കിയത്.

എസ്‌ഐമാരായ മധു ആർപി വിനോദ്, സന്തോഷ്,എഎസ്ഐമാരായ രാകേഷ്, മഹേഷ് , സിപിഒ നിഷാന്ത് തുടങ്ങിയവരും കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.