ഫ്ഗാനിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികൾ അന്ത്യഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇനിയാരും കാബൂൾ എയർപോർട്ടിലേക്ക് വരേണ്ടതില്ലെന്ന് ബ്രിട്ടൻ. രക്ഷപ്പെടണമെന്നുള്ളവർ ഭാഗ്യത്തിൽ വിശ്വസിച്ച് രാജ്യത്തിന്റെ അതിർത്തിയിലേക്ക് നീങ്ങാനാണ് ഇപ്പോൾ പറയുന്നത്. അതിർത്തി രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്കുള്ള വിമാനത്തിനായി പ്രതീക്ഷിക്കുവാനും സർക്കാർ ഉപദേശിക്കുന്നു. ഇനി പരിമിതമായ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിമാനങ്ങളിൽ ഇടം കണ്ടെത്താൻ ആകാത്തതാണ് കൂടുതൽ പേരെ കൊണ്ടുവരുന്നതിൽ തടസ്സം. മാത്രമല്ല ഐസിസ് കെ ഉൾപ്പടെയുള്ള പല ജിഹാദി ഭീകരന്മാരുടെയും ആക്രമണങ്ങൾക്ക് സാധ്യതയുമുണ്ടത്രെ.

അതിനിടയിൽ തേനും പാലുമൊഴുകുന്ന ദൈവരാജ്യം വിട്ട് പലായനം ചെയ്യുന്ന പതിനായിരക്കണക്കിന് അഫ്ഗാനികളുടെ ദൃശ്യങ്ങൾ ഇന്നലെയും പുറത്തുവന്നു. പാക്കിസ്ഥാൻ അതിർത്തിയിലൂടെയാണ് ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നത്. അതിർത്തികളിലെ ചെക്പോസ്റ്റുകളിൽ അഭയം തേടിയെത്തുന്നവരുടെ നീണ്ട നിരയാണ്. ഇനി ബാക്കിയുള്ള ഓരോ നിമുഷവും ബ്രിട്ടൻ ഫലപ്രദമായി ഉപയോഗിക്കും എന്ന് പറയുമ്പോഴും പല പ്രായോഗിക ബുദ്ധിമുട്ടുകളേയും തരണം ചെയ്യേണ്ടതായിട്ടുണ്ട്. പല രജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും സർവ്വീസ് നടത്തുന്നതിനാൽ, വിമാനത്താവളത്തിലെ സ്ഥലപരിമിതി തന്നെയാണ് പ്രധാന പ്രതിബന്ധം.

ഇന്നലെ മാത്രം 150 വിമാനങ്ങളാണ് തങ്ങളുടെ ആളുകളേയും വഹിച്ച് വിവിധ രാജ്യങ്ങളിലേക്ക് കാബൂളിൽ നിന്നും പറന്നുയർന്നത്. അതായത്, വിവിധ വിദേശ രാജ്യങ്ങളുടെ എംബസികളിൽ ദ്വിഭാഷികളായി ജോലിചെയ്തിരുന്ന അഫ്ഗാൻ പൗരന്മാർ ഉൾപ്പടെ നിരവധിപേരെ ഓഗസ്റ്റ് 31 ന് ശേഷം താലിബാന്റെ ദയയ്ക്കായി വിട്ടുകൊടുക്കേണ്ടിവരും എന്നർത്ഥം. അമേരിക്കൻ സൈന്യം പൂർണ്ണമായും പിൻവാങ്ങുന്നതിനു മുൻപായി തന്നെ ബ്രിട്ടന്റെ 1000 സൈനികരും മടങ്ങണമെന്ന് അമേരിക്ക നിർദ്ദേശിച്ചു കഴിഞ്ഞു. ഇത് രക്ഷാപ്രവർത്തങ്ങൾക്കുള്ള സമയം ഇനിയും കുറയ്ക്കും. അമേരിക്കൻ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കാൻ രണ്ടു മൂന്നു ദിവസം വേണ്ടിവരും. അതായത്, വരുന്ന ഞായറാഴ്‌ച്ചയോടു കൂടി അവസാന ബ്രിട്ടീഷ് സൈനികനും കാബൂളിൽ നിന്നും തിരികെ മടങ്ങേണ്ടതായി വരും.

വിമാനത്താവളത്തിനു പുറത്ത് ചെക് പോസ്റ്റുകൾ ഉയർത്തി താലിബാൻ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ആവശ്യമായ രേഖകളില്ലാതെ എത്തുന്ന ആരെയും വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുന്നില്ല. രാജ്യം വിടാൻ ശ്രമിക്കുന്ന അഫ്ഗാൻ പൗരന്മാർക്കൊപ്പം വിദേശികൾക്കും ഭീകരരുടെ ക്രൂര മർദ്ദനം ഏൽക്കേണ്ടതായി വരുന്നുണ്ട്. കഴിഞ്ഞദിവസം ചോരവാർന്നൊലിക്കുന്ന മുഖവുമായി നിൽക്കുന്ന ഒരു ആസ്ട്രേലിയൻ പൗരന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏകദേശം പതിനായിരത്തോളം അഫ്ഗാൻ പൗരന്മാർ ഇപ്പോഴും വിമാനത്താവളത്തിനു പുറത്ത് കാത്തുകിടപ്പുണ്ട്.

അതേസമയം, പുതിയ ഭീകര ആക്രമണങ്ങൾ നടന്നേക്കും എന്ന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ അഫ്ഗാനിലുള്ള അമേരിക്കൻ പൗരന്മാരോട് കാബൂൾ വിമാനത്താവളത്തിലേക്ക് വരരുതെന്ന നിർദ്ദേശം അമേരിക്കയും നൽകിക്കഴിഞ്ഞു. ഇനിയും വിമാനത്താവളത്തിനകത്ത് കയറാനാകാതെ പുറത്ത് കാത്തു നിൽക്കുന്ന അമേരിക്കൻ പൗരന്മാർ ഉടൻ അവിടം വിട്ടുപോകണമെന്നും നിർദ്ദേശിക്കുന്നുണ്ട്. ഐസിസുമായി ബന്ധം പുലർത്തുന്ന ഐ എസ് ഐ എസ് കെ എന്ന ഭീകര സംഘടന ജനക്കൂട്ടത്തിനിടയിൽ അക്രമം അഴിച്ചുവിടുമെന്ന ആശങ്കയാണ് ഇത്തരമൊരു ഉത്തരവിറക്കാൻ കാരണമായത്.

ഇനിയും ഏകദേശം ആയിരത്തഞ്ഞൂറോളം അമേരിക്കക്കാർ അഫ്ഗാനിൽ കുടുങ്ങിക്കിടപ്പുണ്ട് എന്നാണ് അറിവ്. ഇവർക്ക് സുരക്ഷിതമായി നാടുവിടാൻ താലിബാൻ വഴിയൊരുക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. ഇതിൽ കാലിഫോർണിയ കാജോൺ വാലി സ്‌കൂൾ ഡിസ്ട്രിക്ടിൽ നിന്നുള്ള 24 സ്‌കൂൾ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ഉൾപ്പെടുന്നു. വേനലവധിയിൽ സന്ദർശനത്തിനെത്തിയ ഇവർ യുദ്ധമുഖത്ത് കുടുങ്ങിപോവുകയായിരുന്നു.