- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്താനുമായി 1300 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന അയൽക്കാരൻ; ഇമ്രാൻഖാൻ ലക്ഷ്യമിട്ടത് അയൽരാജ്യത്തെ താലിബാനൊപ്പം നിർത്താനുള്ള നയതന്ത്ര നീക്കം; മുളയിലേ നുള്ളി താലിബാനെ തള്ളി പറഞ്ഞ് താജികിസ്താൻ; പിന്തുണയ്ക്കാൻ ചൈനയും
കാബൂൾ: അഫ്ഗാനിലെ താലിബാൻ ഭരണത്തെ അന്തരാഷ്ട്ര സമൂഹം തൽകാലം പിന്തുണയ്ക്കില്ല. താലിബാൻ അധികാരം പിടിച്ച സാഹചര്യത്തിൽ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ക്കു പിന്നാലെ ലോകബാങ്കും അഫ്ഗാനുള്ള ധനസഹായം നിർത്തിവച്ചു. ഇതിനിടെ, അഫ്ഗാനിസ്ഥാനിലേക്കുള്ള അംബാസഡർ താലിബാനുമായി ചർച്ച നടത്തിയെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്ത താലിബാനെ അവിടുത്തെ സർക്കാരായി അംഗീകരിക്കില്ലെന്ന് താജികിസ്താൻ അറിയിച്ചിട്ടുണ്ട്. അതായത് ചൈന മാത്രമാണ് പരസ്യമായി അഫ്ഗാനെ പിന്തുണയ്ക്കുന്നത്. റഷ്യയും പാക്കിസ്ഥാനും താലിബാനെ കൂടെ കൂട്ടുമെന്നാണ് റിപ്പോർട്ട്. അതിശക്തമായ നിലപാടാണ് താജികിസ്താൻ എടുത്തത്. അക്രമണത്തിലൂടെയും അടിച്ചമർത്തലിലൂടെയും അധികാരം പിടിച്ചെടുത്തവരെ താജികിസ്താൻ അംഗീകരിക്കുന്നില്ലെന്ന് പ്രസിഡന്റ് ഇമാമലി റഹ്മാൻ വ്യക്തമാക്കി. അഫ്ഗാനിസ്താനുമായി 1300 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന രാജ്യമാണ് താജികിസ്താൻ.
പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താജികിസ്താൻ പ്രസ്താവനയിലൂടെ നിലപാട് അറിയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ താജികിസ്താൻ സന്ദർശിക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്. താലിബാന് പിന്തുണ തേടിയാണ് ഇമ്രാന്റെ സന്ദർശനമെന്ന സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ നിലപാട് പ്രഖ്യാപിക്കൽ. മുൻപ് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് ഇടക്കാല ഗവൺമെന്റ് രൂപീകരിക്കാനും ഇസ്ലാമിക് എമിറേറ്റായി അഫ്ഗാനെ മാറ്റാനുമാണ് താലിബാൻ ശ്രമമെന്നും താജികിസ്താൻ പറയുന്നു. അഫ്ഗാനിസ്താൻ എങ്ങനെയായിരിക്കണമെന്ന് ഹിതപരിശോധനയിലൂടെ വേണം നിർണയിക്കാനെന്നും രാജ്യത്ത് സ്ഥിരത കൈവരിക്കുന്നതിന് എപ്പോഴും താജികിസ്താൻ പിന്തുണയ്ക്കുന്നു.
നിയമവാഴ്ചയ്ക്കെതിരായി അഫ്ഗാനിൽ നടക്കുന്ന കാര്യങ്ങളെ അപലപിക്കുന്നു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം അഫ്ഗാനികളെയും കണക്കിലെടുക്കാതെ രൂപീകരിക്കുന്ന ഒരു സർക്കാരിനേയും താജികിസ്താൻ അംഗീകരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു. അഫ്ഗാനിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ലോക രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകണമെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപരമായ ജനജീവിതം ഉറപ്പുവരുത്തണമെന്നും താജികിസ്താൻ പ്രസിഡന്റ് ആവശ്യപ്പെപ്പെട്ടു.
അതിനിടെ താലിബാന്റെ തിരിച്ചുവരവിനുശേഷം അഫ്ഗാനിൽ ഒരു കോടി കുട്ടികൾ പരിതാപകരമായ അവസ്ഥയിലാണെന്ന് യുഎൻ ഏജൻസിയായ യുനിസെഫ് അറിയിച്ചു. 10 ലക്ഷത്തോളം കുട്ടികൾ പോഷകാഹാരമില്ലാതെ രോഗികളായേക്കാം. അഫ്ഗാനിൽ 1.4 കോടി പേർ പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസംഘടനയുടെതന്നെ വേൾഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്ലി പറഞ്ഞു. ഭക്ഷ്യസഹായം എത്തിക്കാനായി 20 കോടി ഡോളർ സമാഹരിക്കാനുള്ള പദ്ധതി തുടങ്ങി.
കാബൂളിൽ ചൈനീസ് അംബാസഡർ വാങ് യുവും താലിബാൻ രാഷ്ട്രീയ വിഭാഗം ഉപനേതാവ് അബ്ദുൽ സലാം ഹനാഫിയുമാണു ചർച്ച നടന്നത്. ചൈനയും പാക്കിസ്ഥാനും റഷ്യയും മാത്രമാണ് കാബൂളിൽ എംബസി പ്രവർത്തനങ്ങൾ തുടരുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഇന്നലെ അഫ്ഗാൻ സംഭവവികാസങ്ങൾ ഫോണിൽ ചർച്ച ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ