- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈസുരുവിലെ നിർഭയാ മോഡൽ പീഡനം; ദൃശ്യം പുറത്ത് വിടാതിരിക്കാൻ പെൺകുട്ടിയെ മൂന്ന് ലക്ഷം രൂപ ചോദിച്ച് ഭീഷണിപ്പടുത്തിയതായും റിപ്പോർട്ട്: രണ്ട് മണിക്കൂറത്തെ പീഡനത്തിന് ശേഷം പെൺകുട്ടിയെ പുള്ളിപ്പുലിയുടെ വിഹാര കേന്ദമായ വനപ്രദേശത്ത് തള്ളി ആറംഗ സംഘം: വിവാദമായി മന്ത്രിയുടെ ക്രൂര 'തമാശ'യും
ബെംഗളൂരു: മൈസുരുവിലെ നിർഭയാ മോഡൽ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 22കാരിയായ എംബിഎ വിദ്യാർത്ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ച ആറംഗ സംഘം, ഇതിന്റെ വിഡിയോ പ്രചരിപ്പിക്കാതിരിക്കാൻ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. രണ്ട് മണിക്കൂറോളമാണ് പെൺകുട്ടിയെ ആറംഗ സംഘം അതിക്രൂരമായി പീഡിപ്പിച്ചത്.
ഒപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ തലയിൽ കല്ലുകൊണ്ട് അടിച്ചു വീഴ്‌ത്തിയ ശേഷമാണ് ഉത്തരേന്ത്യൻ സ്വദേശിനിയായ പെൺകുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിച്ചത്.
പീഡനത്തിന് ശേഷം ബോധരഹിതരായ യുവതിയെയും ഒപ്പമുണ്ടായിരുന്ന സഹപാഠിയെയും പുള്ളിപ്പുലിയുടെ വിഹാര കേന്ദമായ വനപ്രദേശത്ത് തള്ളി സംഘം കടന്നുകളഞ്ഞു. വഴിയിൽ കിടന്ന ഇരുവരേയും നാട്ടുകാരിൽ ചിലർ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള യുവതിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹിൽസിനു സമീപം ലളിതാദ്രിപുര വനമേഖലയിലാണ് സംഭവം. ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
വിവാദമായി മന്ത്രിയുടെ ക്രൂര 'തമാശ'
കൂട്ടബലാൽസംഗത്തെക്കുറിച്ചു പറയുന്നതിനിടെ, രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്ത യുവതിയും സഹപാഠിയുമാണു കുറ്റക്കാരെന്ന മട്ടിൽ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചതു വിവാദമായി. തുടർന്ന്, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും തമാശ പറഞ്ഞതാണെന്നുമായി മന്ത്രിയുടെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ