- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്സിജൻ വാർറൂം മുന്നണി പോരാളികളെ ആദരിച്ചു
കൊച്ചി : (26.08.2021) കോവിഡ് ഓക്സിജൻ വാർറൂം മുന്നണിപോരാളികളായ 31 ചുമട്ട് തൊഴിലാളികളെ ആദരിച്ചു.എറണാകുളം ജില്ലിലെ ഓക്സിജൻ ലഭ്യത ഉറപ്പാക്കാനായി കലൂർ സ്റ്റേഡിയം മെട്രോസ്റ്റേഷനിൽ തുറന്ന വാർറൂമിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ മുഴുവൻ ആശുപത്രികളിലും മുടക്കം കൂടാതെ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ച ചുമട്ട്‌തൊഴിലാളി എറണാകുളം സിറ്റി യൂണിറ്റിലെ (സിഐ.ടി.യു) 31 തൊഴിലാളികളെയാണ് ആദരിച്ചത്. ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ മിഷൻ എറണാകുളം, ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ കൊച്ചി ശാഖ എന്നിവർ സംയുക്തമായാണ് ചുമട്ട് തൊഴിലാളികളെ ആദരിച്ചത്.
കലൂർ ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ചടങ്ങ് കൊച്ചി മേയർ എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളികളെ പ്രശ്നക്കാരായി മാത്രമാണ് പൊതുസമൂഹം ഇതുവരെ കണ്ടിരുന്നതെന്ന് മേയർ പറഞ്ഞു. എന്നാൽ കോവിഡിന്റെ ആദ്യ തരംഗത്തിലും, രണ്ടാം തരംഗത്തിലും എറണാകുളം ജില്ലയിലെ സന്നദ്ധപ്രവർത്തകരിൽ ഭൂരിഭാഗവും ചുമട്ട് തൊഴിലാളികളായിരുന്നു. പൂട്ടിക്കിടന്ന പിവി എസ് ആശുപത്രി വൃത്തിയാക്കുന്നതിനും ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നതിനും, സമൂഹ അടുക്കളകളിലെ പ്രവർത്തനങ്ങൾക്കും തുടങ്ങി എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കൊപ്പം സന്നദ്ധ പ്രവർത്തകരായി ചുമട്ട് തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നും അവരെക്കുറിച്ച് നല്ല ഓർമ്മകൾ മാത്രമാണെന്നും മേയർ അഭിപ്രായപ്പെട്ടു. മുഴുവൻ സന്നദ്ധ പ്രവർത്തകർക്കും പ്രശസ്തി പത്രവും, ഓണകിറ്റും നൽകിയതിന് പുറമേ ഓണസദ്യയും മേയർ അനിൽ കുമാർ വിളമ്പി.
ചടങ്ങിൽ എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി,റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സ്മെന്റ്) ജി. അനന്തകൃഷ്ണൻ, ഡോ. എസ് സച്ചിദാനന്ദ കമ്മത്ത്, ഡോ.എം.എം.ഹനീഷ്, സിഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എം.അഷറഫ്, ഡോ.അഖിൽ സേവ്യർ മാനുവൽ തുടങ്ങിയവർ പങ്കെടുത്തു.