തിരുവനന്തപുരം: നിപയെ സമർത്ഥമായി കേരളം പ്രതിരോധിച്ചു. കോവിഡിൽ അടിതെറ്റുകയും ചെയ്തു. ഇതിനിടെ സിക്കയും വന്നു. മരണകാരണമായ രോഗമല്ലാത്തതു കൊണ്ട് സിക്കയിൽ കേരളം പ്രതിസന്ധിയിൽ ആയില്ല. ഇപ്പോഴിതാ പുതിയ രോഗവും കേരളത്തെ ഭയപ്പെടുത്തുകയാണ്.

കോവിഡിനു പിന്നാലെ മൾട്ടി ഇൻഫ്‌ളമേറ്ററി സിൻഡ്രോംസി (എംഐഎസ്‌സി) ബാധിച്ചു കേരളത്തിൽ 4 കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുകയാണ്. കരുതൽ എടുക്കേണ്ട മറ്റൊരു രോഗം. ഒന്നര വർഷത്തിനിടെ 300 ൽ ഏറെ കുട്ടികൾക്കു 'മിസ്‌ക്' സ്ഥിരീകരിച്ചു. കോവിഡ് ബാധിതരിലാണ് ഈ രോഗം കണ്ടുവരുന്നത്.

കോവിഡ് ബാധിച്ച കുട്ടികൾക്ക് 34 ആഴ്ചയ്ക്കകമാണു മിസ്‌ക് ബാധിക്കുന്നത്. കടുത്ത പനി പ്രധാന രോഗലക്ഷണം. ത്വക്കിലെ ചുവന്ന പാടുകൾ, പഴുപ്പില്ലാത്ത ചെങ്കണ്ണ്, വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മർദം കുറയൽ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, ഉദരരോഗങ്ങൾ, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവയും ലക്ഷണങ്ങളാണ്.

മിസ്‌ക് രോഗ ബാധിതരിൽ 95 % പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണു കുട്ടികൾക്ക് കോവിഡ് ബാധയുണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധ നൽകണമെന്ന് നിർദ്ദേശിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് മിസ്‌ക് ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്.

എല്ലാവരും 18 വയസ്സിനു താഴെയുള്ളവർ. ഒരു കുട്ടിക്കു മാത്രം മറ്റു ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നു എന്നാണു റിപ്പോർട്ട്. കേരളത്തിലെ ആകെ കോവിഡ് ബാധിതരിൽ 7% പേർ 10 വയസ്സിനു താഴെയുള്ളവരാണ്. 10% പേർ 11-20 വയസ്സു പ്രായമുള്ളവർ. 0.004% ആണ് 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കോവിഡ് മരണനിരക്ക്.

0-19 പ്രായത്തിലുള്ള 39 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. മിസ്‌ക് ബാധിക്കുന്ന കുട്ടികളുടെ ചികിത്സയ്ക്ക് ആരോഗ്യവകുപ്പ് നേരത്തെ തന്നെ പ്രോട്ടോക്കോൾ തയാറാക്കിയിരുന്നു. കോവിഡിനെ ശരീരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടുണ്ടാകുന്നതാകാമെന്ന അഭിപ്രായമുണ്ട്.മൂന്നിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് പൊതുവെ ഈ രോഗാവസ്ഥയുണ്ടായിട്ടുള്ളത്.

കുട്ടികളിൽ കോവിഡ് പി.സി.ആർ. ടെസ്റ്റ് നെഗറ്റീവും ആന്റിബോഡി ടെസ്റ്റുകൾ പോസിറ്റീവുമായിട്ടാണ് ഈ അസുഖംസാധാരണ കാണപ്പെടുന്നത്. മുൻപ് കോവിഡ് വൈറസ് അണുബാധ വന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ ഈ കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്ക് കോവിഡ് അണുബാധ പകരാൻ സാധ്യതയില്ല.

ഹൃദയത്തിന്റെ പേശികളെ ബാധിക്കുന്ന അവസ്ഥ, കുറഞ്ഞ രക്തസമ്മർദം, വൃക്കയേയും കരളിനെയും ബാധിക്കൽ തുടങ്ങിയ ഗുരുതരാവസ്ഥകളും കാണപ്പെടുന്നുണ്ട്.രക്തപരിശോധനയിൽ ക്രമാതീതമായി അളവ് വർധിച്ച സി.ആർ.പി., ഫെറിറ്റിൻ തുടങ്ങിയവ കാണപ്പെടുന്നു. ഒപ്പം പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവായിട്ടാണ് ഈ അസുഖത്തിൽ കാണപ്പെടുന്നത്.

ശരിയായ സമയത്ത് രോഗനിർണയം നടത്തി ഐ.വി. ഇമ്മ്യൂണോഗ്ലോബുലിൻ, സ്റ്റിറോയ്ഡ്‌സ് എന്നിവ ഉപയോഗിച്ച് ചികിത്സിച്ചാൽ നല്ല ചികിത്സാഫലം ലഭിക്കുന്നുണ്ട് എന്നതാണ് ഈ രോഗത്തിന്റെ നല്ല വശം. എക്കോ ടെസ്റ്റ് ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവർത്തനം പരിശോധിക്കുകയും രക്തക്കുഴലുകളെ നിരീക്ഷിക്കുകയും ചെയ്ത് ആസ്പിരിൻ പോലുള്ള ഗുളികകൾ നൽകുകയും ചെയ്യേണ്ടതാണ്.

കേരളത്തിൽ കോവിഡ് കൂടിവരുന്നതിനാലും രോഗവ്യാപനം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടതിനാലും ഈ അസുഖം ഇനിയുള്ള ആഴ്ചകളിൽ കൂടുതൽ കാണപ്പെടാൻ സാധ്യതയുണ്ട്.