തിജീവനത്തിനായി നെട്ടോടമോടുന്നവരുടെ പ്രതീക്ഷൾ പെട്ടിയിലാക്കി അവസാനത്തെ ആണിയും അടിച്ച് ബ്രിട്ടീഷ് സൈന്യം അഫ്ഗാനിൽ നിന്നും പിന്മാറ്റം ആരംഭിച്ചു. ഒപ്പം അവശേഷിച്ച നയതന്ത്ര ഉദ്യോഗസ്ഥരും നാട്ടിലേക്ക് മടങ്ങും.

ഇതോടെ 150 ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പടെ ബ്രിട്ടനിലേക്ക് പോകാൻ തയ്യാറായ 1,250 പേരോളം അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയിരിക്കുകയാണ്. ഓഗസ്റ്റ് 13 ന് രക്ഷാദൗത്യം ആരംഭിച്ചതുമുതൽ ഇതുവരെ ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാൻ പൗരന്മാരുമായി 14,543 പേരെ സുരക്ഷിതമായി ബ്രിട്ടനിലെത്തിക്കാൻ കഴിഞ്ഞതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതിൽ 8000 ആളുകളോളം അഫ്ഗാൻബിൽ വിവിധ മേഖലകളിൽ ബ്രിട്ടനെ സഹായിച്ചിരുന്ന അഫ്ഗാൻകാരും അവരുടെ കുടുംബാംഗങ്ങളുമാണ്. അഫ്ഗാൻ റീലൊക്കേഷൻ ആന്ദ് അസ്സിസ്റ്റൻസ് പോളിസി അനുസരിച്ചാണ് ഇവരെ ബ്രിട്ടനിലെക്ക് കൊണ്ടുവന്നിരിക്കുന്നത്.

ഇപ്പോൾ രക്ഷാപ്രവർത്തനം അതിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനായി ബ്രിട്ടീഷ് അധികൃതർ ഉപയോഗിച്ചിരുന്ന ബരൺ ഹോട്ടലിലെ കേന്ദ്രം ഇന്നലെ അടച്ചുപൂട്ടി. നിലവിൽ, ബ്രിട്ടനിലെക്ക് തിരിക്കാനുള്ള ഔപചാരിക നടപടികൾ പൂർത്തിയാക്കി ഹമീദ് കർസായ് വിമാനത്താവളത്തിൽ കാത്തുനിൽക്കുന്നവരെ മാത്രമായിരിക്കും ഇനി ബ്രിട്ടനിലെത്തിക്കുക.

ഇവർക്കൊപ്പം നയതന്ത്ര ഉദ്യോഗസ്ഥരേയും സൈനികരേയും തിരികെ നാട്ടിലെത്തിക്കും. ഇതിനുള്ള അവസാന തീയതി വ്യക്തമാക്കുവാൻ ബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി ബെൻ വാലസ് തയ്യാറായില്ല. എന്നാൽ, അമേരിക്കൻ സൈന്യം പിന്മാറുന്നതിനു മുൻപായി ഇവരെയെല്ലാം നാട്ടിലെത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. അമേരിക്കയുടെ പിന്മാറ്റം ചൊവ്വാഴ്‌ച്ചയോടെ പൂർത്തിയാകുമെന്ന് ബൈഡൻ ഉറപ്പിച്ചു പറഞ്ഞിട്ടുമുണ്ട്.

അഫ്ഗാൻ റീഹാബിലിറ്റേഷൻ പദ്ധതിക്ക് കീഴിൽ ബ്രിട്ടനിലെക്ക് കുടിയേറാൻ അർഹതയുള്ള 1100 അഫ്ഗാൻ പൗരന്മാരും ഏകദേശം 100 നും 150 നും ഇടയിൽ ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാനിൽ കുടുങ്ങിയിട്ടുണ്ടെന്നും വാലസ് പറഞ്ഞു. എന്നാൽ ഇവരിൽ ചിലർ സ്വന്തം ഇഷ്ടപ്രകാരം അവിടെ തങ്ങുകയാണ്. എന്നാൽ, രക്ഷാദൗത്യം താത്ക്കാലികമായി നിർത്തുകയാണെങ്കിലും കുടുങ്ങിപ്പോയവരെ പുറത്തെത്തിക്കാൻ സാധ്യമായ എല്ലാ തുടർനടപടികളും കൈക്കൊള്ളുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

അതിനിടയിൽ, കഴിഞ്ഞ ദിവസം നടന്ന ഇരട്ട ചാവേർ ആക്രമണത്തിൽ മരണമടഞ്ഞവരുടെ എണ്ണം 170 ആയി. രണ്ട് ബ്രിട്ടീഷ് പൗരന്മാരും, ഒരു ബ്രിട്ടീഷ് പൗരന്റെ കുട്ടിയും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. 13 അമേരിക്കൻ സൈനികർക്കാണ് സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ തന്റെ കുടുംബാംഗങ്ങളെ സഹായിക്കാൻ ലണ്ടനിൽ നിന്നും കാബൂളിലെത്തിയ മുഹമ്മദ് നാസി എന്ന ബ്രിട്ടീഷ് പൗരത്വമുള്ള അഫ്ഗാൻ വംശജനാണ് മരണമടഞ്ഞവരിൽ ഒരാൾ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യയും രണ്ടു കുട്ടികളും അപ്രത്യക്ഷരായിരിക്കുകയാണ്.