ന്യൂഡൽഹി: ഭീകര സംഘടന ജയ്ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹർ കാണ്ഡഹാറിൽ താലിബാൻ നേതാക്കളെ സന്ദർശിച്ച് ജമ്മു കശ്മീരിൽ ഭീകരത പ്രോത്സാഹിപ്പിക്കാൻ പിന്തുണ തേടിയെന്ന് റിപ്പോർട്ട്. നേരത്തെ ജെയ്ഷ് ഇ മുഹമ്മദ് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുള്ള ഹെംലാന്റ് പ്രവിശ്യയിലേക്ക് അവരുടെ പ്രവർത്തനകേന്ദ്രം മാറ്റിയിരുന്നു. 2008ൽ മുംബൈ ആക്രമണത്തിന് ചുക്കാൻ പിടിച്ച ലഷ്‌കർ ഇ ത്വയിബ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാറിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റി.

ഈ രണ്ടു കൂട്ടരും ഇന്ത്യയെ അക്രമിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. നേരത്തെ ഈ ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് ഇന്ത്യ സർജിക്കൽ സട്രൈക്ക് അടക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഫ്ഗാനിലേക്കുള്ള മാറ്റം. ഇതിനൊപ്പമാണ് മൗലാന മസൂദ് അസ്ഹർ മുല്ല അബ്ദുൽ ഗനി ബരാദർ ഉൾപ്പെടെയുള്ള താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചന പുറത്തു വരുന്നത്. കശ്മീർ താഴ് വരയിൽ അസ്വസ്ഥതയുണ്ടാക്കാനും ഇന്ത്യൻ മണ്ണിൽ ആക്രമണത്തിന് ജെഇഎമ്മിനെ സഹായിക്കാനും അഭ്യർത്ഥന മുന്നോട്ടു വച്ചു.

കാബൂൾ പിടിച്ചടക്കി അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് ശേഷം താലിബാന്റെ വിജയത്തിൽ മസൂദ് അസ്ഹർ സന്തോഷവും അറിയിച്ചിരുന്നു. ഓഗസ്റ്റ് 16-ന് 'മൻസിൽ കി തരഫ്' (ലക്ഷ്യസ്ഥാനത്തേക്ക്) എന്ന പേരിൽ താലിബാന്റെ വിജയത്തിൽ കുറിപ്പും ജയ്ഷെ പുറത്തിറക്കിയിരുന്നു. പാക്കിസ്ഥാനിലെ ബഹവാൽപൂരിലെ മർക്കസിൽ ജെഇഎം പ്രവർത്തകർ ആഘോഷപ്രകടനവും നടത്തിയിരുന്നു. ഇതെല്ലാം ഗൗരവത്തോടെ ഇന്ത്യയും എടുക്കും. കാബൂൾ വിമാനത്താവളത്തിലെ ബോംബ് സ്‌ഫോടനത്തിന്റെ പേരിൽ ഐഎസ് കേന്ദ്രങ്ങളിൽ അമേരിക്ക ഡ്രോൺ ആക്രണം നടത്തിയിരുന്നു.

അഫ്ഗാന് പുറത്തുള്ള രാജ്യത്തു നിന്നായിരുന്നു ഇടപെടൽ. ഇന്ത്യയ്ക്ക് ഏതെങ്കിലും ശക്തി വെല്ലുവിളി ഉയർത്തിയാൽ ഇന്ത്യയും അഫ്ഗാനിലേക്ക് ആക്രമണം നടത്തുമെന്നാണ് സൂചന. അഫ്ഗാനിലെ രാഷ്ട്രീയ ഭരണ മാറ്റത്തിന്റെ ഓരോ വശവും ഇന്ത്യ പരിശോധിക്കുന്നുണ്ട്. എവിടെ പോയൊളിച്ചാലും ഇന്ത്യയെ ആക്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന സന്ദേശം ഇന്ത്യ നൽകും.

താലിബാനും ജെയ്‌ഷെ മുഹമ്മദും സഹയാത്രികരാണ്. അസ്ഹർ ഇന്ത്യൻ ജയിലിൽ കഴിയുകയായിരുന്നപ്പോൾ ഇന്ത്യൻ എയർലൈൻസ് വിമാനം ഐസി 814 പാക്കിസ്ഥാൻ ഭീകരർ തട്ടിയെടുക്കുകയും താലിബാനി നിയന്ത്രണത്തിലുള്ള കാണ്ഡഹാറിലേക്ക് വിമാനം എത്തിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് അസ്ഹർ ജയിൽ മോചിതനായത്. താലിബാന്റെ പിന്തുണ ഈ വിമാന തട്ടിക്കൊണ്ടു പോകലിന് ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തലുകൾ.

കാഠ്മണ്ഡുവിൽ നിന്ന് ലക്നൗവിലേക്ക് പോകുമ്പോൾ വിമാനത്തെ തട്ടിക്കൊണ്ടുപോയ യാത്രക്കാരുടെ സുരക്ഷയ്ക്ക് പകരമായി മസൂദ് അസ്ഹറിനെയും മറ്റ് ഭീകരരെയും മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ ഭീകരർ ഇന്ത്യൻ വിമാനം കാണ്ഡഹാറിൽ ഇറക്കിയതിനുശേഷം, താലിബാനി ഭീകരരാണ് എയർബസിന് ഭീകരർക്കായി സുരക്ഷ ഒരുക്കിയത്. മസൂദ് അസ്ഹർ ഉൾപ്പെടെയുള്ള ഭീകരരെ മോചിപ്പിക്കുന്നതുവരെ എല്ലാം നിയന്ത്രിച്ചതും താലിബാനാണ്. എന്നാൽ മാറിയ സാഹചര്യത്തിൽ ഇന്ത്യയുമായി സഹകരിക്കുമെന്നാണ് താലിബാൻ പ്രത്യക്ഷത്തിൽ പറയുന്നത്.

കാബൂളിൽ 170 പേരുടെ മരണത്തിനിടയാക്കിയ രണ്ട് ചാവേർ ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഐഎസ് ഐഎസ് ഇന്ത്യയിൽ കാലിഫേറ്റ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി രഹസ്യസേനാ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. മുസ്ലിംഭരണാധികാരികൾ ഭരിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. 2014ലാണ് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഐഎസ് ഐഎസ് ഖൊറാസൻ എന്ന യൂണിറ്റ് രൂപീകൃതമായത്. അധികം വൈകാതെ അതിക്രൂരമായ ആക്രമണങ്ങളിലൂടെ അവർ ലോകമെങ്ങും ഭീതി പരത്തി.

ജിഹാദ് ആക്രമണങ്ങൾ മധ്യേഷ്യയിലേക്ക് അഫ്ഗാനിസ്താനിൽ നിന്നും കയറ്റുമതി ചെയ്യുന്നതോടൊപ്പം ഇന്ത്യയിലേക്ക് കൂടി എത്തിക്കുകയാണ് ലക്ഷ്യമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാൻ രഹസ്യസേനവിഭാഗത്തിലെ ഒരു പ്രതിനിധി വ്യക്തമാക്കി. ഇതിനായി ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യും. ഇന്ത്യയിൽ മൂസ്ലിം ഭരണരാഷ്ട്രം സ്ഥാപിക്കുകയാണ് ആത്യന്തികലക്ഷ്യം.