കോട്ടയം: മാങ്ങാനം മക്രോണി പാലത്തിനു സമീപം കത്തിയ ഓട്ടോറിക്ഷയ്ക്കുള്ളിൽ യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് രംഗത്തെത്തി. ആർപ്പൂക്കര വില്ലൂന്നി പനന്താനം ബി.സുരേഷ് കുമാർ ആണ് മകൻ അനന്തകൃഷ്ണന്റെ (26) മരണത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്.

കുഞ്ഞിനു പാൽപൊടി വാങ്ങാനെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ അനന്തകൃഷ്ണനെ ശനിയാഴ്ച ഒമ്പതിന് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. ഭാര്യ വീട്ടിൽ കഴിഞ്ഞിരുന്ന അനന്തകൃഷ്ണൻ അവിടെനിന്ന് മാനസിക പീഡനം നേരിടേണ്ടി വന്നതായും ഓട്ടോറിക്ഷ വാങ്ങാനായെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ ബാങ്കിൽനിന്ന് നിരന്തരം വിളിച്ചത് മാനസിക സമ്മർദത്തിനു കാരണമായതായും സുരേഷ് പരാതിയിൽ പറയുന്നു. ഓട്ടോറിക്ഷ കത്തുന്നതു കണ്ട് നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്‌നിരക്ഷാസേനയും പൊലീസും എത്തി തീ അണച്ചപ്പോഴാണ് യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അനന്തകൃഷ്ണന്റെ ശരീരത്തിലെ ആഴത്തിലുള്ള പൊള്ളലിന്റെ അടിസ്ഥാനത്തിൽ പെട്രോൾ ദേഹത്തൊഴിച്ച ശേഷം തീ കൊളുത്തിയ സാധ്യതയാണ് കാണുന്നത്. ശരീരത്തിലെ തൊലി പൂർണമായും ഇളകി ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിലാണ് മൃതദേഹം കണ്ടത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി ഈസ്റ്റ് എസ്എച്ച്ഒ റിജോ പി.ജോസഫ് പറഞ്ഞു.

സമീപത്തെ പെട്രോൾ പമ്പിൽനിന്ന് ഇയാൾ 3 കുപ്പികളിലായി 3 ലീറ്റർ പെട്രോൾ വാങ്ങി പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കുപ്പിയിൽ പെട്രോൾ വാങ്ങുന്നത് എന്തിനാണെന്നു ചോദിച്ച ജീവനക്കാരനോട് സുഹൃത്തിന്റെ വാഹനം ഇന്ധനം തീർന്ന് വഴിയിൽ കിടക്കുകയാണെന്ന് പറഞ്ഞതായി പെട്രോൾ പമ്പ് ജീവനക്കാരൻ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഇൻക്വസ്റ്റ് നടത്തി. ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം മൃതദേഹം സംസ്‌കരിച്ചു.