കൊല്ലം: 'എന്റെ മകൾ എന്ന് പറഞ്ഞില്ലേ സർ അങ്ങേയുടെ വലിയ മനസ്സ് ബിഗ് സല്യൂട്ട്. നല്ല മനസിന്റെ ഉടമ എന്റെ മകൾ അതിൽ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട് സർ'. കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൾ നാസറിന്റെ ഫേസ്‌ബുക്ക് പേജിൽ പ്രവഹിക്കുന്ന കമന്റുകളിൽ ചിലത് മാത്രമാണിത്. കൊല്ലം ഇഞ്ചവിള സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ ഷക്കീലയുടെ വിവാഹത്തിന് അവരുടെ രക്ഷാകർത്താവായി പങ്കെടുത്തതുകൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ആയിരുന്നു.

തനിക്ക് ഒരുപാട് സന്തോഷം നൽകിയ ദിവസത്തിന്റെ ചിത്രങ്ങളും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചു. കുടുംബസമേതമായിരുന്നു കളക്ടർ ചടങ്ങിൽ പങ്കെടുത്തത്. കൊല്ലം ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം രക്ഷകർത്താവ് എന്ന നിലക്ക് പങ്കെടുക്കുന്ന മൂന്നാമത്തെ വിവാഹമാണ് ഇതെന്നും അദ്ദേഹം കുറിച്ചു.സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയെ അദ്ദേഹം എന്റെ മകൾ കുമാരി ഷക്കീല എന്നാണ് വിശേഷിപ്പിച്ചത്. ഈ അഭിസംബോധനയെ ഏറെ പേർ പ്രശംസിക്കുകയും ചെയ്തു.

കൊല്ലം ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഒരുപാട് സന്തോഷം നൽകിയ ദിനം, ഒപ്പം ആത്മനിർവൃതിയും. ഇഞ്ചവിള സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ എന്റെ മകൾ കുമാരി ഷക്കീല യുടെയും വെള്ളിമൺ വെസ്റ്റ് വിഷ്ണു സദനത്തിൽ ശ്രീമതി സതീഭായിയുടെ മകൻ വിധുരാജിന്റെയും വിവാഹ സുദിനം. പനമൂട് ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു ഈ മംഗളകർമ്മം.

ഞാനും കുടുംബവും ഏറെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് ഈ കർമ്മത്തിൽ പങ്കു കൊണ്ടത്. നവദമ്പതികൾക്ക് ഏറെ കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഒന്നായി ജീവിക്കാൻ ആവട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു.ഈ ജില്ലയിൽ വന്നതിനു ശേഷം കുട്ടികളുടെ രക്ഷകർത്താവ് എന്ന നിലക്ക് നടന്ന മൂന്നാമത്തെ കന്യാദാനം.

പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ ബഹു മന്ത്രി ശ്രീമതി ചിഞ്ചുറാണി അവർകൾ, ശ്രീ പ്രേമചന്ദ്രൻ ബഹു കൊല്ലം എം പി, ശ്രീ നൗഷാദ് ബഹു ങഘഅ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി ഗീതാകുമാരി, സൂപ്രണ്ട് ശ്രീമതി റ്റി ജെ മേരിക്കുട്ടി, ശ്രീമതി സരസ്വതി രാമചന്ദ്രൻ, പ്രസിഡന്റ് ത്രിക്കരുവ ഗ്രാമപഞ്ചായത്ത് എന്നിവർ നേതൃത്വം വഹിച്ചു.