- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർദ്ധരാത്രിയോടെ അവസാന പട്ടാളക്കാരുമായി അമേരിക്കൻ വിമാനം പറന്നുയർന്നപ്പോൾ തുരുതുരെ വെടി പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച് താലിബാൻ; ഉപേക്ഷിച്ചു പോയ ശതകോടികളുടെ ആയുധങ്ങളും യുദ്ധ വാഹനങ്ങളും ഇനി താലിബാന്; 250 ഓളം അമേരിക്കൻ പൗരന്മാരും താലിബാൻ വിരുദ്ധരായ പതിനായിരങ്ങളും ഇനി പെരുവഴിയിൽ
കാബൂൾ: നേരത്തേ പ്രഖ്യാപിച്ചതിനും 24 മണീക്കൂർ മുൻപായി ഇന്നലെ അർദ്ധരാത്രിയോടെ അവസാന അമേരിക്കൻ സൈനികനും അഫ്ഗാൻ മണ്ണ് വിട്ട് പറന്നുയർന്നതോടെ രാജ്യം പൂർണ്ണമായും താലിബാൻ ഭീകരരുടെ കൈകളിലായി. രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന യുദ്ധത്തിൽ 2500 ഓള സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടമായത്. അവസാന അമേരിക്കൻ വിമാനവും പറന്നുയർന്നതോടെ അർദ്ധരാത്രിയിൽ കിട്ടിയ സ്വാതാന്ത്ര്യം വെടിയുതിർത്ത് ആഘോഷിച്ച് താലിബാൻ ആഹ്ലാദം പ്രകടിപ്പിച്ചു.
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ തന്റെ വാഗ്ദാനം നിറവേറ്റിയപ്പോൾ ഭീകരരുടെ ദയയ്ക്കായി കാത്ത് തെരുവിലായത് ഏകദേശം ഇരുന്നോറോളം അമേരിക്കൻ പൗരന്മാരും അതുപോലെ താലിബാൻ വിരുദ്ധരായ പതിനായിരക്കണക്കിന് അഫ്ഗാൻ പൗരന്മാരുമാണ്.ഇനിയവർക്ക് രക്ഷപ്പെടാൻ ഹദീദ് കർസായ് വിമാനത്താവളം ഒരു മാർഗ്ഗമല്ലാതായി മാറിയിരിക്കുന്നു. അവസാനമായി പറന്നുയർന്ന സി -17 വിമാനത്തിൽ അഫ്ഗാനിലെ അമേരിക്കൻ സ്ഥാനാധിപതി റോസ്സ് വിൽസണും ഉണ്ടായിരുന്നതായി പെന്റഗൺ വൃത്തങ്ങൾ പറഞ്ഞു.
തീർത്തും ഹൃദയഭേദകമായ ഒരു മടങ്ങിവരവാണ് ഇതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി ജനറൽ ഫ്രാങ്ക് മെക്കെൻസി പറഞ്ഞു. രക്ഷിക്കേണ്ടവരെയെല്ലാവരേയും രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയൊരു പത്തു ദിവസം കൂടി അവിടെ തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ, രക്ഷിക്കപ്പെടേണ്ട എല്ലാവരേയും രക്ഷിക്കാൻ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ താലിബാന്റെ പൂർണ്ണ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാന്റെ ഭാവി എന്താകുമെന്ന ആശങ്കയും ഉയരുന്നു. താലിബാന്റെ പെരുമാറ്റം ലോകം നിരീക്ഷിച്ചു കൊണ്ടേയിരിക്കും എന്നായിരുന്നു ജോ ബൈഡൻ പറഞ്ഞത്.
ഇനിയും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ സുരക്ഷിതരായി അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകാനുള്ള സൗകര്യം ഒരുക്കുമെന്ന് താലിബാൻ നേരത്തേ പറഞ്ഞിരുന്നു. ആ വാക്കുകൾ പാലിക്കുമെന്നാണ് ലോക രാഷ്ട്രങ്ങൾ കരുതുന്നത്. മാത്രമല്ല, മനുഷ്യത്വ പരമായ സഹായം എത്തിക്കാൻ കാബൂൾ വിമാനത്താവളം തുറന്നിടുവാനുള്ള ചർച്ചകളും താലിബാനുമായി നടക്കുന്നുണ്ടെന്നും ബൈഡൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇന്ന് രാജ്യത്തെ അഭിമുഖീകരിച്ച് വ്യക്തമാക്കുമെന്നും ബൈഡൻ പറഞ്ഞു.
എല്ലാ അമേരിക്കക്കാരേയും സുരക്ഷിതരായി തിരികെ എത്തിക്കുമെന്ന്രണ്ടാഴ്‌ച്ച മുൻപ് പറഞ്ഞ ബൈഡൻ ഇപ്പോൾ നൂറിലധികം അമേരിക്കക്കാരെ അഫ്ഗാനിസ്ഥാന്റെ അനിശ്ചിതത്വത്തിൽ ഉപേക്ഷിച്ചിരിക്കുകയാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി കുറ്റപ്പെടുത്തി. അതുപോലെ, ഇപ്പോൾ നടത്തിയ പിൻവാങ്ങലിൽ മുൻ അമേരിക്കൻ സൈനികരും അതൃപ്തരാണ്. അതേസമയം, സൈനിക നടപടികൾ അവസാനിച്ചു എങ്കിലും, നയതന്ത്ര ചാനലുകളിലൂടെ അഫ്ഗാനിൽ അകപ്പെട്ട അമേരിക്കൻ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിൻകൻ പറഞ്ഞു.
അവസാന അമേരിക്കൻ വിമാനവും പറന്നുയർന്നതോടെ തങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതായി പ്രഖ്യാപിച്ച് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് രംഗത്തെത്തി. വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയ താലിബാൻ ഭീകരർ അമേരിക്ക ഉപേക്ഷിച്ചുപോയ ചിനൂക് ഹെലികോപ്റ്റർ വിശദമായി പരിശോധിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ