മീപകാല ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ദുർബലനായ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ് എന്നാണ് അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം ഉറപ്പായതോടെ പാശ്ചാത്യ മാധ്യമങ്ങൾ പറഞ്ഞിരുന്നത്. ഇപ്പോഴിതാ, എല്ലാ തരത്തിലും ബൈഡൻ ഭരണകൂടം ഒരു തികഞ്ഞ പരാജയമാണെന്നുകൂടി പറയേണ്ടതായി വരുന്നു. കാബൂളിൽ ഒരു വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാറുനുനേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ പത്ത് നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്.

ഐസിസ്-കെ ഭീകരർ സ്ഫോടന ലക്ഷ്യവുമായി സ്ഫോടകവസ്തുക്കൾ നിറച്ചെത്തിയ കാറായിരുന്നു അതെന്ന അനുമാനത്തിലായിരുന്നു ആക്രമണം. ഒരു വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറായിരുന്നു ആക്രമിക്കപ്പെട്ടത്. ആറു കുട്ടികൾ ഉൾപ്പടെ ആ വീട്ടിലെ പത്ത് അംഗങ്ങളാണ് ഈ ആക്രമണത്തിൽ മരണമടഞ്ഞത്. കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലുമാകാത്ത വിധത്തിലായിരുന്നു അവരുടെ മൃതദേഹങ്ങൾ എന്ന് ഒരു ബന്ധു പറഞ്ഞു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ക്രൂരമായ ആക്രമണം എന്നാണ് മരണമടഞ്ഞവരുടേ ബന്ധുക്കൾ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഇക്കാര്യത്തെ കുറിച്ച് ഏറെയൊന്നും ഇപ്പോൾ പറയാൻ ആവില്ലെന്നു പറഞ്ഞ പെന്റഗൺ പ്രസ്സ് സെക്രട്ടറി പക്ഷെ ഈ ലോകത്ത് സാധാരണ പൗരന്മാരുടെ ജീവനും സ്വത്തിനും ഏറ്റവും കുറവ് നഷ്ടങ്ങൾ മാത്രം വരുത്തിയാണ് അമേരിക്കൻ സൈന്യം എന്നും യൂദ്ധങ്ങൾ ചെയ്തിട്ടുള്ളതെന്ന് ഓർമ്മിപ്പിച്ചു. നിരപരാധികൾ ഇരയാകാതിരിക്കാൻ അമേരിക്കൻ സൈന്യം കഠിന പ്രയത്നം ചെയ്യാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർക്ക് ചെയ്തിരുന്ന കാറിൽ സ്ഫോടക വസ്തുക്കൾ തന്നെയായിരുന്നു എന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ്പറയുന്നത്. അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണം നടത്താൻ ഐസിസ്-കെ തയ്യാറാക്കിയതാണിത്. കാറിൽ സ്ഫോടകവസ്തുക്കൾ ഉണ്ടായതുകാരണമാണ് ഇത്രയും മാരകമായ സ്ഫോടനം ഡ്രോൺ ആക്രമണശേഷം ഉണ്ടായതെന്നും അതാണ് സമീപത്തെ വീട്ടിൽ ഉണ്ടായിരുന്നവർ മരണപ്പെടാൻ ഇടയാക്കിയതെന്നും വക്താവ് അറിയിച്ചു.

അതിനിടയിൽ കാബൂളിൽ നടന്ന ചാവേർ ആക്രമണം ഇത്രയും ഭീകരമാകാൻ കാരണം ബ്രിട്ടീഷ് സൈന്യമാണെന്ന ആരോപണവുമായി പെന്റഗൺ രംഗത്തെത്തി. ഹമീദ് കർസായ് വിമാനത്താവളത്തിലേക്കുള്ള ഒരു ഗെയ്റ്റ് അടച്ചുപൂട്ടണമെന്ന് അമേരിക്കൻ സൈന്യം അപേക്ഷിച്ചിട്ടും ബ്രിട്ടീഷ് പട്ടാളക്കാർ അതിനു തയ്യാറായില്ല എന്നാണ് പെന്റഗണിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ പറയുന്നത്. ആ ഗെയ്റ്റ് തുറന്നുവച്ച് അതിലൂടെ ആളുകളെ അകത്തേക്ക് കടത്തിവിട്ടുകൊണ്ടിരുന്നു. ആ ഗെയ്റ്റിലായിരുന്നു ചാവേർ ആക്രമണം ഉണ്ടായത്.

സ്ഫോടനശേഷം പരിഭ്രാന്തരായ അമേരിക്കൻ സൈനികർ വെടിവെയ്‌പ്പു നടത്തിയതായും അതിൽ ഒരു ബ്രിട്ടീഷുകാരൻ ഉൾപ്പടെ ചിലർ മരണമടഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. പെന്റഗണിൽ നിന്നും ചോർന്ന ഒരു റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമക്കിയിട്ടുള്ളത്. ഈ സ്ഫോടനം നടക്കുന്നതിന് 24 മണിക്കൂർ മുൻപ് അബ്ബേ ഗെയ്റ്റ് ഏറ്റവും അപകടസാധ്യതയുള്ള സ്ഥലമാണെന്ന മുന്നറിയിപ്പ് നൽകിയതായും പെന്റഗൺ റിപ്പോർട്ടിൽ പറയുന്നു.

അതിനുശേഷമാണ് ഈ ഗെയ്റ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. എന്നാൽ തൊട്ടടുത്ത ബാരോൺ ഹോട്ടലിൽ താമസിപ്പിച്ചിരുന്ന ബ്രിട്ടീഷുകാരെ വിമാനത്താവളത്തിൽ എത്തിക്കുവാനായി ഈ ഗെയ്റ്റ് ഉപയോഗിക്കുന്നതിനാൽ ഗെയ്റ്റ് അടയ്ക്കാൻ ബ്രിട്ടീഷ് സൈന്യം സമ്മതിച്ചില്ല. അതിനുശേഷമാണ് ഇവിടെ ചാവേർ ആക്രമണം നടന്നത് ആക്രമണത്തിനു ഉത്തരവാദി ബ്രിട്ടീഷ് സൈന്യമാണെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ പക്ഷെ ബ്രിട്ടീഷ് പ്രതിരോധകാര്യ മന്ത്രാലയം വിസമ്മതിച്ചു.