കാബൂൾ: മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയ അവസ്ഥയാണ് ഇപ്പോൾ അമേരിക്കയുടേത്. അഫ്ഗാൻ സൈന്യത്തെ സുശക്തമാക്കാൻ അമേരിക്ക നൽകിയ ശതകോടികളുടെ ആയുധങ്ങൾ ഇപ്പോൾ ശക്തിപകരുന്നത് താലിബാൻ എന്ന ഭീകരസംഘടനയുടെ പോരാളികൾക്കാണ്.

കാണ്ഡഹാർ നഗരത്തിൽ അമേരിക്കയുടെ 6 മില്ല്യൺ ഡോളർ വിലവരുന്ന ബ്ലാക്ക് ഹാക്ക് ഹെലികോപ്റ്ററിൽ നിരീക്ഷണ പറക്കൽ നടത്തുന്ന താലിബാൻ ഭീകരരുടെ ദൃശ്യങ്ങൾ ഇന്നലെ പല ഓൺലൈൻ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇസ്ലാമിക് എമിരേറ്റ്സ് ഓഫ് അഫ്ഗാന്റെ ഔദ്യോഗിക മുഖപത്രം എന്ന് അവകാശപ്പെടുന്ന താലിബ് ടൈംസിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

ഏകദേശം 2 ലക്ഷത്തോളം തോക്കുകളും തിരകളും അതുപോലെ 20,000 ത്തോളം വരുന്ന സൈനികവാഹനങ്ങളൂം നൂറുകണക്കിന് ചെറു യുദ്ധവിമാനങ്ങളും ഇപ്പോൾ താലിബാന്റെ കൈവശം എത്തിയതായി സംശയിക്കപ്പെടുന്നു. അഫ്ഗാൻ സൈന്യത്തിന് സംഭാവനയായി അമേരിക്ക നൽകിയതാണ് ഇവയെല്ലാം. നിരീക്ഷണ പറക്കൽ നടത്തുന്ന ഹെലികോപ്റ്ററിന്റെ വീഡിയോയ്ക്ക് പുറമേ നൈറ്റ് വിഷൻ കണ്ണടകൾ ഉൾപ്പടെയുള്ള ആധുനിക സൈനിക വസ്ത്രമണിഞ്ഞ താലിബാൻ സൈനികരുടെ ചിത്രവും നേരത്തേ പുറത്തുവിട്ടിരുന്നു. ഇസ്ലാമിക് എമിരേറ്റ്സിന്റെ എയർഫോഴ്സ് ഹെലികോപ്റ്ററുകൾ കാണ്ഡഹാറിനു മേൽ നിരീക്ഷണ പറക്കൽ നടത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്.

83 ബില്ല്യൺ ഡോളറിന്റെ സൈനിക ഉപകരണങ്ങളൂം അനുബന്ധവസ്തുക്കളുമാണ് അഫ്ഗാൻ സൈന്യത്തിനു നൽകിയിട്ടുള്ളത്. ഇതിൽ എത്രയെണ്ണം താലിബാന്റെ കൈവശം ചെന്നു ചേർന്നിട്ടുണ്ടാകാം എന്നതിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഈ മാസം ആദ്യം ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞിരുന്നു. നേരത്തേ പരാമർശിച്ചതിനു പുറമേ 50,000 ടാക്ടിക്കൽ വാഹനങ്ങളും 1000 മൈൻ ഉപരോധ വാഹനങ്ങളും ആയുധധാരികളായ സൈനികരെ വഹിക്കുന്ന 150 വാഹനങ്ങളും താലിബാന്റെ കൈവശം എത്തിച്ചേർന്നിട്ടുണ്ടാകാം എന്നാണ് കരുതുന്നത്.

ഏന്നാൽ, ഏറ്റവുമധികം ഭയപ്പെടുത്തുന്ന കാര്യം ബയോമെട്രിക് സാങ്കേതികവിദ്യയിലൂടെ ശേഖരിച്ച പല വിവരങ്ങളും താലിബാന്റെ കൈവശം എത്തിച്ചേര്ന്നു എന്നതാണ്. ഇതുപയോഗിച്ച് പാശ്ചാത്യ ശക്തികൾക്കായി അഫ്ഗാനിൽ പ്രവർത്തിച്ചിരുന്ന തദ്ദേശിയർ ആരൊക്കെയെന്ന് അവർക്ക് കണ്ടെത്താനാകും. ഒരുക്കൽ തങ്ങളെ സഹായിച്ച നിരവധി അഫ്ഗാൻ പൗരന്മാർ ക്രൂര പീഡനങ്ങൾക്കും ഒരുപക്ഷെ മരണത്തിനും ഇരയാകുന്നത് ഇനി പാശ്ചാത്യ ശക്തികൾ കാണേണ്ടതായി വരും.

പ്രവർത്തനം പുനരാരംഭിച്ച് അൽക്വയ്ദ

അഫ്ഗാനിസ്ഥാനിൽ അമേരിക്ക ഇടപെടൽ നടത്താൻ പ്രധാന കാരണം അൽക്വയ്ദയായിരുന്നു. 9/11 ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഒസാമ ബിൻലാഡനെ പിടികൂടുക എന്നതായിരുന്നു അഫ്ഗാൻ അധിനിവേശത്തിൽ അമേരിക്കയുടെ പ്രധാന ഉദ്ദേശം. അതുകൊണ്ടുതന്നെ അധിനിവേശത്തിന്റെ ആദ്യകാലങ്ങളിൽ അമേരിക്കൻ ആക്രമണം കൂടുതലും അൽക്വയ്ദയെ ലക്ഷ്യം വച്ചായിരുന്നു. ഇതോടെ പല അൽക്വയ്ദാ ഭീകരർക്കും പല ഭാഗങ്ങളിലേക്കായി ഓടിപ്പോയി ജീവൻ രക്ഷിക്കേണ്ടതായി വന്നു.

അങ്ങനെ അഫ്ഗാനിസ്ഥാനിൽ ഏതാണ്ട് നിർജ്ജീവാവസ്ഥയിലായിരുന്ന അൽക്വയ്ദ ഇപ്പോൾ തങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചിരിക്കുന്നു. ഒസാമ ബിൻ ലാഡന്റെ അടുത്ത അനുയായിയും അൽ ക്വയ്ദയ്ക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നവരിൽ പ്രമുഖനുമായ് അമിൻ ഉൾ-ഹഖ് ഇരുപതുവർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തിയിരിക്കുകയാണ്. താലിബാൻ ഭരണം പിടിച്ചെടുത്ത് രണ്ടാഴ്‌ച്ചകൾ കഴിയുമ്പോഴാണ് ഇയാൾ നംഗർഹർ പ്രവിശ്യയിലെ തന്റെ വീട്ടിൽ എത്തിയത്.

ടോറാബോറ ഗുഹകളിൽ ലാഡൻ ഒളിവിൽ കഴിയുന്ന സമയത്ത് ഇയാളായിരുന്നു ലാഡന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. അമേരിക്ക് ഈ ഗുഹാ സമുച്ചയം ആക്രമിച്ചപ്പോൾ ഇരുവരും രക്ഷപ്പെടുകയായിരുന്നു. പിന്നീട് 2011-ൽ പാക്കിസ്ഥാനിൽ വച്ചാണ് ലാഡനെ അമേരിക്കൻ സൈന്യം കൊല്ലുന്നത്. ചെറിയൊരു ആൾക്കൂട്ടത്തിനിടയിലൂടെ കാറിൽ സ്വന്തം വീട്ടിലേക്കെത്തുന്ന അമിൻ ഉൾ-ഹഖിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കയുടെ തീവ്രവാദി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് ഉൾ ഹഖ്.

താലിബാന് മുന്നിൽ മുട്ടുമടക്കാതെ പഞ്ചശിർ മലനിരകളിൽ ചെറുത്തുനിൽപ്

അഫ്ഗാൻ സൈന്യത്തെ നിഷ്പ്രഭമാക്കാൻ താലിബാന് കഴിഞ്ഞെങ്കിലും പഞ്ചശിർ മലനിരകളിൽ അവർക്കെതിരെ തുടരുന്ന ചെറുത്തു നിൽപ് അത്ര ചെറിയ തലവേദനയൊന്നുമല്ല സൃഷ്ടിച്ചിരിക്കുന്നത്. കാബൂളിന്റെ വടക്കൻ അതിർത്തിയിൽ എന്തിനും തയ്യാറായി താലിബാന്റെ സൈന്യത്തിന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് ഇവർ. വടക്കൻ സഖ്യം എന്നറിയപ്പെടുന്ന താലിബാൻ വിരുദ്ധരുടെ സഖ്യം പഞ്ച്ശീർ താഴ്‌വരയിലേയും സമീപ പ്രദേശങ്ങളീലേയും രണ്ട് ലക്ഷത്തോളം പേരെ പ്രതിരോധിക്കാൻ തീരുമാനിച്ചു തന്നെ ഇറങ്ങിയിരിക്കുകയാണ്.

താജിക്കികൾക്ക് മുൻതൂക്കമുള്ള ഈ മേഖലയെ ഒരിക്കലും താലിബാന്റെ പ്രാകൃതഭരണത്തിന് വിട്ടുകൊടുക്കുകയില്ലെന്നാണ് അവർ പറയുന്നത്. ഹിന്ദുക്കുഷ് പർവ്വത നിരകളുടെ ഭാഗമായ ഈ മേഖലയെ താലിബാൻ വളഞ്ഞിട്ടുണ്ടെങ്കിലും അവർക്ക് ഇതുവരെ അവിടേക്ക് പ്രവേശിക്കാൻ ആയിട്ടില്ല. സ്വാതന്ത്ര്യ സമരസേനാനിയായി ആദരിക്കപ്പെടുന്ന അഹമ്മദ് ഷാ മസൂദിന്റെമകൻ അഹമ്മദ് മസൂദാണ് താലിബാൻ വിരുദ്ധ സേനയെ നയിക്കുന്നത്. ബ്രിട്ടീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഈ 32 കാരൻ സാൻഡർസ്റ്റിലെ സൈനിക അക്കാദമിയിൽ നിന്ന് സൈനിക പരിശീലനവും നേടിയിട്ടുണ്ട്.

അഫ്ഗാൻ നെപ്പോളിയൻ എന്നും പഞ്ചശെർ കേസരി എന്നും അറിയപ്പെട്ടിരുന്ന അഹമ്മദ് ഷാ മസൗദിനെ അൽ ജസീറയിൽ നിന്നുള്ള പത്രപ്രവർത്തകർ എന്ന വ്യാജേന എത്തിയ അൽക്വയ്ദ സംഘം കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നാടുവിടാൻ നിർബന്ധിതനായ അഹമ്മദ് മസൂദ് ഇറാനിൽ സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷമാണ് ബ്രിട്ടനിൽ വിദ്യാഭ്യാസത്തിനായി എത്തിയത്.

അഫ്ഗാൻ സൈന്യത്തിലെ ജനറൽമാരും മറ്റു സൈനിക ഉദ്യോഗസ്ഥരും അടക്കം നിരവധി പോരാളികളാണ് മസൂദിനൊപ്പം ഉള്ളത്. കൂടാതെ മുൻ സർക്കാരിൽ വൈസ് പ്രസിഡണ്ടായിരുന്ന അമറുള്ള സലേയും ഇവർക്കൊപ്പമാണ്. അതേസർക്കാരിലെ പ്രതിരോധ മന്ത്രിയായിരുന്ന ജനറൽ ബിസ്മില്ല മൊഹമ്മദി എല്ലാത്തിനും നിയന്ത്രണം വഹിക്കാനും സജീവമായി രംഗത്തുണ്ട്. താലിബാനെ എതിർക്കുന്ന പലരും മറ്റു പ്രവിശ്യകളീൽ നിന്നും ഇവിടെ അഭയം തേടി എത്തിയിട്ടുമുണ്ട്.