- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഖ്യകക്ഷികളെ സഹായിച്ചവരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നു; പഞ്ചശിറിനെ തീർക്കാൻ വൈദ്യൂതിയും വെള്ളവും വിഛേദിച്ച് താലിബാൻ; മരുഭൂമിയിലൂടെ രാത്രിയും പകലും നടന്ന് ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും രക്ഷപ്പെടുന്നവരുടെ ദയനീയ കാഴ്ച്ചകൾ
കാബൂൾ: മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത ഒരുകൂട്ടം നരാധമന്മാർ ഒരു രാജ്യത്തെ തന്നെ ദുരിതത്തിലാഴ്‌ത്തുന്ന കാഴ്‌ച്ചകളാണ് അഫ്ഗാനിൽ ദൃശ്യമാകുന്നത്. ഇരുപതുവർഷങ്ങൾക്ക് മുൻപ്, ഒഴിവാക്കിയ വൻദുരന്തം വീണ്ടും തങ്ങളെ തേടിയെത്തിയപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് അഫ്ഗാൻ ജനത.
പാശ്ചാത്യ ശക്തികൾ ശതകോടികൾ ചെലവഴിച്ച് ശക്തിപ്പെടുത്താൻ ശ്രമിച്ച അഫ്ഗാൻ സൈന്യം മാന്യമായ ഒരു ഏറ്റുമുട്ടലിനു പോലും മുതിരാതെ ഭീകരർക്ക് മുന്നിൽ ആയുധം വച്ചു കീഴടങ്ങിയപ്പോൾ കത്തിക്കരിഞ്ഞത് ലക്ഷക്കണക്കിന് സാധാരണക്കാരുടെ സ്വപ്നങ്ങളായിരുന്നു. ഇപ്പോഴിതാ അവർ പഴയ കാട്ടുനീതിയുടെ നാളുകളിലേക്ക് മടങ്ങാനും ആരംഭിച്ചിരിക്കുന്നു.
പാശ്ചാത്യരെ സഹായിച്ചവർക്ക് വിധിക്കുന്നത് മരണം മാത്രം
അമേരിക്കയും സഖ്യകക്ഷികളും അരങ്ങൊഴിഞ്ഞതോടെ താലിബാന്റെ ക്രൂരത അതിന്റെ പൂർണ്ണ സ്വരൂപമെടുത്ത് അഫ്ഗാനിസ്ഥാനിലാകെ നിറഞ്ഞാടുകയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് പാശ്ചാത്യ ശക്തികളെ പലവിധത്തിലും സഹായിച്ച അഫ്ഗാൻ പൗരന്മാരെ തേടിപ്പിടിക്കുകയാണ് താലിബാൻ. വിവിധ വിദേശ എംബസികളിൽ ദ്വിഭാഷികളായിജോലിചെയ്തിരുന്നവരാണ് ഇവരുടെ പ്രധാന ഇരകൾ. ദ്വിഭാഷികളിൽ പലരും അവർ ജോലി ചെയ്തിരുന്ന എംബസികളുടെ രാജ്യങ്ങളിലേക്ക് പോയെങ്കിലും അങ്ങനെ രക്ഷപ്പെടാനാകാത്ത നിരവധിപേർ ഇനിയും അഫ്ഗാനിലുണ്ട്. അവരെ തേടിയാണ് ഭീകരർ വീടുകളിലെത്തുന്നത്.
മുൻ സർക്കാരിലെ ഉദ്യോഗസ്ഥർക്കും അതുപോലെ എംബസികളിൽ ജോലിചെയ്തിരുന്ന തദ്ദേശവാസികൾക്കും താലിബാൻ നേതൃത്വം പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം ലോകത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ബ്രിട്ടീഷ് സൈന്യത്തിനൊപ്പം ദ്വിഭാഷിയായി പ്രവർത്തിച്ചിരുന്ന കലീം എന്ന വ്യക്തിയുടെ വീട്ടിൽ അന്വേഷിച്ചെത്തിയ താലിബാൻ ഭീകരർക്ക് നേതൃത്വം നൽകിയത് ആ പ്രദേശത്തെ ഒരു മോസ്‌കിലെ ഇമാം ആയിരുന്നു.
കലീമിനെ പോലെ നിരവധി പരിഭാഷകർ ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. പിടികൂടപ്പെട്ടാൽ മരണം മാത്രമാണ് വിധി എന്ന് ഇവർക്കറിയാ. വിദേശ ശക്തികളെ സഹായിച്ചവർ ദേശ്ദ്രോഹികളാണ് എന്ന നിലപാടാണ് താലിബാനുള്ളത്. തങ്ങൾ ഒരുകാലത്ത് സഹായിച്ച രാഷ്ട്രങ്ങളും കൈയൊഴിഞ്ഞ ഇവർ ഇന്ന് ജീവനും കൈയിൽ പിടിച്ച് നെട്ടോടമോടുകയാണ്.
പഞ്ചശിറിനെ തകർക്കാൻ ഉറച്ച് താലിബാൻ
അഫ്ഗാനിസ്ഥാനിൽ ഭരണം കൈയടക്കിയെങ്കിലും ഇനിയും താലിബാനു മുന്നിൽ കീഴടങ്ങാത്ത ഒരു പ്രവിശ്യയുണ്ട്. താലിബാനോട് എതിരിട്ടു നിൽക്കുന്ന പഞ്ചശീർ പ്രവിശ്യയെ ഏന്ത് വിലകൊടുത്തും കീഴടക്കാൻ ഉറച്ചു തന്നെയാണ് താലിബാൻ മുന്നോട്ടു നീങ്ങുന്നത്. പ്രാദേശിക നേതാവായ്ഖ് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിൽ താലിബാൻ വിരുദ്ധരും അഫ്ഗാൻ സൈന്യത്തിന്റെ ഒരു വിഭാഗവും കനത്തെ ചെറുത്തു നിൽപ് തുടരുകയാണിവിടെ. അവരെ തകർക്കുന്നതിന്റെ ഭാഗമായി പഞ്ചശീറിലേക്കുള്ള ആശയവിനിമയ സംവിധാനങ്ങൾ വിഛേദിച്ചിരിക്കുകയാണ് താലിബാൻ
നൂറുകണക്കിന് താലിബാൻ പോരാളികളെ പഞ്ച്ശിറിലേക്ക് അയയ്ക്കും എന്ന് താലിബാൻ പ്രഖ്യാപിച്ചതിനു പുറകെയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ പുതിയ സംഭവവികാസങ്ങൾ അറിയാനോ, മറ്റുഭാഗങ്ങളിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാനോ കഴിയാത്ത അവസ്ഥയിലാണ് ഇവിടത്തുകാർ. ഇതിനു പുറമേ താലിബാൻ ഇവിടെയ്ക്കുള്ള റോഡുകൾ എല്ലാം അടച്ചുപൂട്ടുകയും ഭക്ഷണസാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തുകയും ചെയ്തു. ഇതോടെ ഈ മേഖലയിൽ ഭക്ഷ്യവസ്തുക്കൾക്ക് വില കുതിച്ചുയരുകയാണ്.
പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ഇരുകൂട്ടർക്കും ആഗ്രഹമുണ്ടെങ്കിലും ചർച്ചകൾ നേരായ രീതിയിൽ പുരോഗമിക്കുന്നില്ല എന്ന് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശയവിനിമയ സംവിധാനങ്ങൾ വിഛേദിച്ചതും അതുപോലെ ഭക്ഷ്യവസ്തുക്കളുടെ വിതരണം തടഞ്ഞതുമെല്ലാം, പ്രവിശ്യയെ കീഴടക്കാൻ താലിബാൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവുകളായും പാശ്ചാത്യ മാധ്യമങ്ങൾ എടുത്തു കാട്ടുന്നു.
അതിജീവനത്തിനുള്ള മഹായാനം
ദൂരെയേതോ ഒരിടത്ത്, ജീവിതത്തിന്റെ പച്ചപ്പ് തേടി ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാർ യാത്ര ആരംഭിച്ചുകഴിഞ്ഞു. ബൈബിളിലെ മഹായാനത്തെ ഓർമ്മിപ്പിക്കുന്ന ഒരു യാത്ര. മരുഭൂമികളിലൂടെ പാക്കിസ്ഥാനിലേക്കും ഇറാനിലേക്കും കടക്കുകയാണ് അവരുടെ ലക്ഷ്യം. അവിടെനിന്ന് എങ്ങനെയെങ്കിലും പാശ്ചാത്യ രാജ്യങ്ങളിലേക്ക് എത്തിച്ചേരാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു, അല്ലെങ്കിൽ സ്വപ്നം കാണുന്നു.
കാൽനടയായും, വാഹനങ്ങളിലുമൊക്കെയായി ആയിരങ്ങളാണ് മരുഭൂമിയിലൂടെ ജീവിതം തേടി പരക്കം പായുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമൊക്കെയുണ്ട് കൂട്ടത്തിൽ. ഇറാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള കള്ളക്കടത്തു സംഘങ്ങൾ മാത്രമായിരുന്നു പണ്ട് ഈ ദുഷ്‌കരമായ പാതയിലൂടെ യാത്ര ചെയ്തിരുന്നത്. മരുഭൂമിയിലൂടെ ഒരു നദിപോലെ ഒഴുകുന്ന മനുഷ്യരുടെ ചിത്രങ്ങൾ ആരുടെയും കണ്ണുനനയിക്കുന്ന ഒന്നാണ്. രണ്ടുപതിറ്റാണ്ടോളം അവർ കെട്ടിപ്പൊക്കിയ സ്വപ്നങ്ങളെല്ലാം കുറച്ച് മതാന്ധവാദികളായ നരാധമന്മാർ ചവുട്ടിക്കുഴച്ചപ്പോൾ ബാക്കി ആയതെല്ലാം കൈയിലെടുത്ത് പുതിയ സ്വപ്നങ്ങൾക്ക് പുറകെ പായുകയാണ് അവർ.