- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാൻ മുന്നേറിയപ്പോഴും എല്ലാം ഭദ്രമെന്ന് പറയാൻ ഒളിച്ചോടിയ പ്രസിഡണ്ടിനെ ഉപദേശിച്ച് ബൈഡൻ; ബ്രിട്ടീഷ് അമേരിക്കൻ പൗരന്മാരും അഫ്ഗാനികളുമടക്കം 10,000 പേരെക്കൂടി കൊണ്ടുപോകാൻ താലിബാനുമായി ചർച്ച തുടങ്ങി ബ്രിട്ടൻ
കാബൂൾ:ദുർബലമായ അഫ്ഗാൻ ഭരണകൂടം താലിബാനു മുന്നിൽ വീഴുമെന്ന് അറിഞ്ഞിട്ടും, താലിബാനെ തടയുവാൻ ശക്തമായ ഭരണകൂടമാണെന്ന പ്രതിച്ഛായ തീർക്കാൻ ഒളിച്ചോടിയ മുൻ അഫ്ഗാൻ പ്രസിഡണ്ടിനെ ജോ ബൈഡൻ ഉപദേശിച്ചു.
അമേരിക്കയിൽ പോലും താലിബാൻ ഇനിയൊരിക്കലും അധികാരത്തിലെത്തില്ല എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോഴും സംഭവിക്കുന്നത് മറിച്ചായിരിക്കുമെന്ന് ജോ ബൈഡന് അറിയാമായിരുന്നു. അഫ്ഗാൻ പ്രസിഡണ്ടുമായി ബൈഡൻ നടത്തിയ അവസാന ഫോൺ സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താലിബൻ മുന്നേറുന്ന കാര്യം ലോകത്തിനു മുന്നിൽ മറച്ചുപിടിക്കണമെന്നും ജോ ബൈഡൻ ഇതിൽ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, അമേരിക്കയും സഖ്യകക്ഷികളും പരിശീലിപ്പിച്ച 3 ലക്ഷത്തോളം വരുന്ന അഫ്ഗാൻ സൈന്യത്തിന് താലിബാനെ തടയാനാകും എന്നായിരുന്നു വിചാരിച്ചിരുന്നത് എന്നായിരുന്നു ഇന്നലെ കൂടി ബൈഡൻ പറഞ്ഞത്. തികച്ചും അപ്രതീക്ഷിതമായാണ് താലിബാൻ അധികാരം പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ സൈനികർക്ക് അമേരിക്കൻ വ്യോമസേനയുടെ പിന്തുണ ആവശ്യപ്പെട്ടതായും ചില സൂചനകൾ വന്നിരുന്നു.
ഇതിനിടയിലാണ് റോയിറ്റർ ഇരു നേതാക്കള്ക്കും ഇടയിലുള്ള സംസാരത്തിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടത്. വരാനിരിക്കുന്ന വിപത്തിനെ കുറിച്ച് ഇരു നേതാക്കളും തികച്ചും ബോധവാന്മാരായിരുന്നു എന്നുതന്നെയാണ് ഇതിൽ നിന്നും തെളിയുന്നത്.
അഫ്ഗാനിൽ നിന്നും കൂടുതൽ പേരെ രക്ഷിക്കാൻ ബ്രിട്ടൻ ചർച്ച നടത്തുന്നു.
ബ്രിട്ടീഷ് പൗരന്മാരെയും അതുപോലെ തങ്ങളെ സഹായിച്ച അഫ്ഗാൻ സ്വദേശികളേയും അഫ്ഗാനിസ്ഥാനിൽ നിന്നും ബ്രിട്ടനിലെത്തിക്കുന്നതു സംബന്ധിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥർ താലിബാനുമായി ചർച്ചകൾ ആരംഭിച്ചു.
ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ബ്രിട്ടന്റെ പ്രത്യേക പ്രതിനിധി സർ സൈമൺ ഗസ്സ് ഖത്തറിൽ വച്ചാണ് താലിബാന്റെ മുതിർന്ന നേതാക്കളിൽ ചിലരുമായി ചർച്ചകൾ നടത്തുന്നത്. എം 16-ൽ നിന്നുള്ള ഉദ്യോഗസ്ഥരും ഭീകരവാദികളുമായി ചർച്ചകൾ നടത്തി. എം 16 തലവൻ റിച്ചാർഡ് മുറേ ഇതിനിടയിൽ ഇസ്ലാമാബാദിലെത്തി പാക് സൈന്യത്തിന്റെ പ്രതിനിധികളുമായും ചർച്ചകൾ നടത്തുന്നുണ്ട്.
താലിബാൻ പ്രതിനിധികളുമായി ചർച്ചകൾ നടത്തുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ ഔദ്യോഗിക വക്താക്കൾ തയ്യാറായിട്ടില്ല. എന്നാൽ, ഭാവിയിൽ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായവും അതുപോലെ ബ്രിട്ടനിലെ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള അഫ്ഗാൻ ഭരണകൂടത്തിന്റെ പണവും വിട്ടുകൊടുക്കുന്ന കാര്യം ഈ ചർച്ചയുടെ ഫലത്തെ ആശ്രയിച്ചായിരിക്കും എന്ന ചില സൂചനകൾ പുറത്തുവന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ