തലശ്ശേരി: കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാട്യം ഒട്ടച്ചിമാക്കൂൽ റോഡിൽ ചൊവ്വാഴ്ച ഉച്ചയോടെ പറന്ന് വീണ കറൻസികൾക്ക് അവകാശിയെത്തി. ഒട്ടച്ചിമാക്കൂലിലെ കച്ചവടക്കാരൻ രഘുനാഥ് കതിരൂർ പൊലീസ് സ്റ്റേഷനിലെത്തി പണം ഏറ്റുവാങ്ങി.

നഷ്ടപ്പെട്ട കറൻസികൾ രഘുനാഥിന്റെതാണെന്ന് സ്ഥലത്തെ സി.സി.ടി.വി.ദൃശ്യങ്ങളിൽ നിന്നും പൊലീസിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പണം ഉടമസ്ഥന് കൈമാറിയത്. സംഭവ ദിവസം റോഡിൽ തനിക്ക് മുൻപെ പോയ ബൈക്ക് യാത്രികനിൽ നിന്ന് 500 ന്റെ കറൻസി നോട്ടുകൾ കൂട്ടത്തോടെ റോഡിൽ വീഴുന്നത് പിന്നാലെ വന്ന കാർ ഉടമ കണ്ടിരുന്നു. ഇയാൾ വാഹനം നിർത്തി നോട്ടുകൾ പെറുക്കിയെടുത്തു.

വിവരം സമീപത്തുള്ളവരെ അറിയിച്ച ശേഷം പണം നഷ്ടപ്പെട്ടയാൾ തിരിച്ചു വരുന്നതും പ്രതീക്ഷിച്ചു കാത്തിരുന്നു.- വൈകിയതോടെ ഇയാൾ പണം കതിരൂർ പൊലീസിൽ ഏൽപിക്കുകയായിരുന്നു.