കാസർകോട്: ഭർത്താവ് മർദിക്കുന്നെന്ന പരാതിയെത്തുടർന്നു പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഭാര്യയെ തീവെച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. പൊലീസ് നോക്കിനിൽക്കെ തന്നെ ഭർത്താവ് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുക ആയിരുന്നു. സംഭവത്തിൽ കുമ്പള കൊട്ടേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന റുക്‌സാനയുടെ പരാതിയിൽ ഭർത്താവ് അഭിലാഷിന് (ഹബീബ്) എതിരെയാണ് കേസെടത്തത്. കാസർകോട് വനിതാ സ്റ്റേഷനിലാണ് വധശ്രമത്തിനു കേസെടുത്തത്.

പൊലീസിന്റെ സമയോചിത ഇടപെടലാണു യുവതിക്കു രക്ഷയായത്. ഇന്നലെ പുലർച്ചെയാണ് സംഭവം. മാതാവിന് അസുഖമായതിനാലാണ് കഴിഞ്ഞ ദിവസം റുക്‌സാന മൊഗ്രാൽ പൂത്തൂരിലെ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ പുലർച്ചെ ഇവിടെ എത്തിയ ഭർത്താവ് ഹബീബ് ദേഹോപദ്രവം ഏൽപിക്കാൻ തുടങ്ങി. മർദനം സഹിക്കാൻ സാധിക്കാത്തതിനാൽ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു പൊലീസ് സ്ഥലത്തെത്തി.

യുവതിയെ വീട്ടിൽ നിർത്തിയാൽ ഹബീബ് ആക്രമിക്കാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് റുക്‌സാനയെ സ്റ്റേഷനിലെത്തിക്കാൻ ജീപ്പിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതിനിടെ മതിലിനരികിൽ പതുങ്ങി നിന്നിരുന്ന ഹബീബ് കൈവശം കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു. ഈ സമയത്ത് പൊലീസ് ഹബീബിനെ തള്ളി മാറ്റിയതിനാൽ തീ കൊളുത്താൻ സാധിച്ചില്ല.