ശ്രീനഗർ: കശ്മീർ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി അന്തരിച്ചു. 92 വയസ്സായിരുന്നു. പബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് തവണ കശ്മീർ നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്ന സയ്യിദ് ഗീലാനി 1972, 1977, 1982 വർഷങ്ങളിൽ സോപോറിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഏറെ നാളായി വീട്ടുതടങ്കലിലായിരുന്നു.

കശ്മീരിലെ ജമാഅത്ത് ഇസ്ലാമിയിൽ അംഗമായിരുന്ന ഗീലാനി പിന്നീട് സ്വന്തമായി തെഹരീക്-ഇ-ഹുറിയത്ത് ഉണ്ടാക്കി. വിഘടനവാദ ആശയങ്ങളെ പിന്തുണയ്ക്കുന്ന ചെറുപാർട്ടികളുടെ കൂട്ടായ്മയായ ഓൾ പാർട്ടീസ് ഹുറിയത്ത് കോൺഫറൻസിലെ കക്ഷിയാണ് തെഹ്രീക്-ഇ-ഹുറിയത്ത്. മൂന്നു പതിറ്റാണ്ടുകാലം കശ്മീർ രാഷ്ട്രീയത്തിൽ സജീവമായിരുന്ന സയ്യിദ് ഗിലാനി, അനാരോഗ്യം കാരണം കഴിഞ്ഞ വർഷം മുതൽ രാഷ്ട്രീയത്തിൽ നിന്നും ഹുറിയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. സയ്യിദ് ഗീലാനിയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായാണ് മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചത്. കശ്മീരിൽ ആക്രമണ സംഭവങ്ങൾ വർധിച്ചതോടെ കഴിഞ്ഞ വർഷം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. അതേ സമയം വിഘടനനേതാവായിരുന്നുവെന്നതിന്റെ പേരിൽ ഏറെ നാൾ ഗിലാനി വീട്ടുതടങ്കിലിൽ കഴിഞ്ഞിട്ടുണ്ട്.

അതേ സമയം ഗിലാനിയുടെ മരണത്തെത്തുടർന്ന് കശ്മീർ താഴ്‌വരയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കശ്മീർ താഴ്‌വരയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞതായി കശ്മീരിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിജയ് കുമാറിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഹൈദർപോറയിലുള്ള ഗീലാനിയുടെ വീടിന് പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ഹുറിയത്തിലെ ചില മുതിർന്ന അംഗങ്ങളെയും സുരക്ഷ കണക്കിലെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ വീട്ടിൽ നിന്ന് മുതിർന്ന ഹുറിയത്ത് നേതാവ് മുഖ്താർ അഹമ്മദ് വാസയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.