കാബൂൾ: താലിബാൻ ഇനി അഫ്ഗാനിലെ ഭരണത്തിന്. ഇറാനിലെ ഭരണനേതൃത്വത്തിന്റെ മാതൃകയിൽ ഇന്നോ നാളെയോ പുതിയ സർക്കാർ പ്രഖ്യാപിക്കും. സംഘടനയുടെ മേധാവി മുല്ലാ ഹിബത്തുല്ല അഖുൻസാദയാവും അഫ്ഗാനിസ്ഥാന്റെ പരമോന്നത അധികാരകേന്ദ്രം. ഇന്ത്യ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുമായി നല്ല ബന്ധമാണു താലിബാൻ ആഗ്രഹിക്കുന്നതെന്നും അവർ അറിയിച്ചിട്ടുണ്ട്.

സർക്കാർ രൂപീകരണം സംബന്ധിച്ച എല്ലാ കൂടിയാലോചനകളും മന്ത്രിസഭാ ചർച്ചകളും പൂർത്തിയായെന്നാണ് സൂചന. ഇറാനിൽ പ്രസിഡന്റിനും മുകളിലാണു പരമോന്നത നേതാവിന്റെ പദവി. സൈന്യത്തിന്റെയും ജുഡീഷ്യറിയുടെയും സർക്കാരിന്റെയും തലവന്മാരെ നിയമിക്കുന്നത് പരമോന്നത നേതാവാകും. രാഷ്ട്രീയ, മത, സൈനിക വിഷയങ്ങളിലും ഇദ്ദേഹം തീരുമാനം എടുക്കും. അഫ്ഗാൻ പ്രസിഡന്റും മന്ത്രിസഭയും അദ്ദേഹത്തിനു കീഴിലായിരിക്കും. സ്ത്രീകളും വിവിധ ഗോത്രവിഭാഗങ്ങളുടെ പ്രതിനിധികളും പുതിയ സർക്കാരിലുണ്ടാകും.

അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും സൈനികർ രാജ്യം വിട്ടതോടെ അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ താലിബാന്റെ ആഘോഷം തുടരുകയാണ്. കഴിഞ്ഞ ദിവസം തെക്കൻ അഫ്ഗാൻ നഗരമായ കാണ്ടഹാറിൽ നടന്ന വിജയാഘോഷങ്ങളിൽ താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ നിർമ്മിത ഡസൻ കണക്കിന് കവചിത വാഹനങ്ങളും ആയുധങ്ങളും പ്രദർശിപ്പിച്ചു. ആഘോഷങ്ങളുടെ നിരവധി വിഡിയോകൾ വൈറലാണ്.

താലിബാന് എല്ലാ പിന്തുണയും ചൈന നൽകുന്നുണ്ട്. യുഎസ് സേനാത്താവളമായിരുന്ന അഫ്ഗാനിലെ ബഗ്രാം വ്യോമത്താവളം ചൈന ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. യുഎന്നിലെ യുഎസിന്റെ മുൻ പ്രതിനിധി നിക്കി ഹേലിയാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനെ ഉപയോഗിച്ച് ചൈന ഇന്ത്യയ്‌ക്കെതിരെ നീങ്ങുമെന്നും ട്രംപ് സർക്കാരിന്റെ ഭാഗമായിരുന്ന അവർ പറഞ്ഞു. ഇത് ഇന്ത്യൻ സംശങ്ങൾക്ക് ബലമേകുന്നതാണ്.

യുഎസ് സേനാ പിന്മാറ്റത്തോടെ അടച്ചിട്ട കാബൂൾ വിമാനത്താവളം 48 മണിക്കൂറിനകം തുറക്കും. ആഭ്യന്തര വിമാനസർവീസുകൾ നാളെ ആരംഭിക്കുമെന്നു അൽ ജസീറ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിൽ ഭക്ഷ്യ ശേഖരം തീരുന്നു

അഫ്ഗാനിസ്താനിൽ പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈമാസം അവസാനത്തോടെ തീരുമെന്ന് ആശങ്കപ്പെട്ട് ഐക്യരാഷ്ട്രസഭ. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ എത്രയുംവേഗം ലഭ്യമാക്കണമെന്നും യു.എൻ. ആവശ്യപ്പെട്ടു.

''സെപ്റ്റംബർ അവസാനത്തോടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായുള്ള ശേഖരം തീരും. അടിയന്തരസഹായവുമായി രാജ്യങ്ങൾ മുന്നോട്ടുവരണം. ഇല്ലെങ്കിൽ പതിനായിരങ്ങൾ പട്ടിണിയിലാവും'' -അഫ്ഗാനിസ്താനിലെ യു.എന്നിന്റെ പ്രത്യേക പ്രതിനിധി റാമിസ് അലാകബറോവ് പറഞ്ഞു.

രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ദിവസവും ഭക്ഷണം കഴിക്കാനാകുമോയെന്ന് ഉറപ്പില്ല. അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ പകുതിയിലേറെ പേർക്കും അടുത്തവർഷത്തോടെ പോഷകാഹാരക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അഫ്ഗാനിസ്താനുമായുള്ള തന്ത്രപ്രധാനമായ ചാമനിലെ അതിർത്തി ചെക്‌പോസ്റ്റ് പാക്കിസ്ഥാൻ അടച്ചു. അഭയാർഥിപ്രവാഹം വർധിച്ച സാഹചര്യത്തിലാണ് നടപടി. സുരക്ഷാവെല്ലുവിളികൾ നിലനിൽക്കുന്നതിനാലാണ് അതിർത്തി അടച്ചിടുന്നതെന്ന് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി ശൈഖ് റാഷിദ് അഹമ്മദ് അറിയിച്ചു. എന്നാൽ, എത്രദിവസം അടച്ചിടൽ നീണ്ടുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

തയ്ക്വാൻഡോ താരം ടോക്കിയോയിൽ

അഫ്ഗാനിൽ നിന്ന് പലായനം ചെയ്ത തയ് ക്വാൻഡോ താരമായ സാകിയ ഖുദാദാദി (22) ഇന്നലെ ടോക്കിയോയിൽ പാരാലിംപിക് ഗെയിംസിൽ പങ്കെടുത്തു. 2004ൽ എതൻസ് പാരാംലിപ്കിനുശേഷം അഫ്ഗാനെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതയാണ്. താലിബാൻ അധികാരമേറ്റതോടെ അഫ്ഗാനിൽ കുടുങ്ങിയ പാരാലിംപിക് താരങ്ങളായ സാകിയയെും ഹുസൈൻ റസൗലിയെയും രഹസ്യമായാണ് പുറത്തെത്തിച്ചത്.