കട്ടപ്പന: അപകടത്തിനിടയാക്കിയ ഓട്ടോറിക്ഷ മാറ്റി മറ്റൊരു ഓട്ടോറിക്ഷ ഹാജരാക്കി തട്ടിപ്പു നടത്താനുള്ള ശ്രമം പൊലീസ് കയ്യോടെ പിടികൂടി. അപകടം ഉണ്ടാക്കിയ ഓട്ടാറിക്ഷയ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാലും നികുതി അടയ്ക്കാത്തതിനാലുമാണ് മറ്റൊരു വാഹനം ഹാജരാക്കി തട്ടിപ്പിനു ശ്രമിച്ചത്. നഗരത്തിലെ അർക്കാഡിയ ജംക്ഷനിൽ 17നാണ് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്.

കോഴിമല കളപ്പുരയ്ക്കൽ രഞ്ജുവിന്റെ (35) ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. ഇരുവാഹനങ്ങളിലും സഞ്ചരിച്ചവർക്ക് പരുക്കേറ്റെങ്കിലും ഇതുസംബന്ധിച്ച വിവരം 25നാണ് പൊലീസിനു ലഭിച്ചത്. അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഓട്ടോറിക്ഷ ഹാജരാക്കാൻ നിർദേശിച്ചപ്പോൾ രേഖകൾ ഇല്ലാത്തതിനാൽ രഞ്ജുവിന്റെ ഭാര്യാസഹോദരൻ കോഴിമല പൊന്നാംകുഴിയിൽ ബിനുവിന്റെ(36) ഓട്ടോറിക്ഷയാണ് ഹാജരാക്കിയത്. സംശയത്തെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകടത്തിൽപെട്ട ഓട്ടോറിക്ഷയല്ല ഹാജരാക്കിയതെന്നു പൊലീസ് കണ്ടെത്തിയത്.

വ്യാജ തെളിവ് ഹാജരാക്കിയതിന് ബിനുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. രഞ്ജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവിന്റെയും അഭിഭാഷകന്റെയും നിർദേശപ്രകാരമാണ് വ്യാജ തെളിവ് ഹാജരാക്കിയതെന്നു സൂചനയുണ്ട്. ഇവർക്കെതിരെ പ്രേരണക്കുറ്റത്തിന് കേസെടുക്കാനും പൊലീസ് നീക്കം തുടങ്ങി.