തിജീവനത്തിനുള്ള പലായനത്തിൽ ലക്ഷ്യം കണ്ടവർ ഏറെയില്ലെങ്കിലും, പാശ്ചാത്യ രാജ്യങ്ങളിൽ എത്തിച്ചേർന്ന അഫ്ഗാൻ പൗരന്മാരുടെ ജീവിതം സുഖകരമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബ്രിട്ടനിലെത്തിയ 20,000 അഫ്ഗാൻ അഭയാർത്ഥികൾക്ക് പ്രതിദിനം 5.64 പൗണ്ട് ജീവിത ചെലവുകൾക്കായി നൽകും. ഭക്ഷണം, വസ്ത്രം മറ്റ് അത്യാവശ്യ കാര്യങ്ങൾ എന്നിവ ഇതിനാൽ നടത്താനാവും. ബ്രിട്ടീഷ് സർക്കാരാണ് ഈ സഹായധനം നൽകുന്നത്.

സൗജന്യ താമസ സൗകര്യമാണ് ഇവർക്കായി ഒരുക്കിയിട്ടുള്ളത്. എന്നാൽ, ഇവർക്ക് ബ്രിട്ടനിൽ തൊഴിലെടുക്കാൻ അവകാശം ഉണ്ടായിരിക്കില്ല. മാത്രമല്ല, സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്കും ഇവർക്ക് അർഹതയുണ്ടാകില്ല. അഭയാർത്ഥികളിൽ മിക്കവരും തന്നെ ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് അഫ്ഗാൻ വിട്ടത്. അതിനാൽ തന്നെ അവർക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുവാൻ വിവിധ സന്നദ്ധ സംഘടനകളോടും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ടൂത്ത് ബ്രഷ്, പേറ്റ് തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ പോലും ഇവരിൽ പലരും കരുതിയിട്ടില്ല.

വസ്ത്രവും മറ്റ് അത്യാവശ്യ വസ്തുക്കളും ലഭ്യമാക്കാൻ സന്നദ്ധസംഘടനകൾ തയ്യാറായിട്ടുണ്ടെങ്കിൽ പോലും അഭയാർത്ഥികളിൽ പലരുടെയും ജീവിതം ദാരിദ്ര്യം നിറഞ്ഞതായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിൽ തൊഴിലെടുക്കാൻ അഭയാർത്ഥികൾക്ക് അവകാശമില്ലാത്തതിനാൽ സ്വന്തം നിലയിൽ അത്യാവശ്യ ചെലവുകൾ കണ്ടെത്താൻ അവർക്കാകുല്ലെന്നും ഐക്യരാഷ്ട്ര സഭയുടെ റെഫ്യുജി ഏജൻസി പറയുന്നു.

15,000 പേരെയാണ് ബ്രിട്ടീഷ് സൈന്യം സുരക്ഷിതമായി ബ്രിട്ടനിൽ എത്തിച്ചത്. അതിൽ 8000 പേർ അഫ്ഗാൻ പൗരന്മാരാണ്. ദീർഘകാലാടിസ്ഥാനത്തിൽ 20,000 അഭയാർത്ഥികളെ വരെ സ്വീകരിക്കാനാണ് ബ്രിട്ടൻ ഉദ്ദേശിക്കുന്നത്. ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ അഫ്ഗാൻ സിറ്റിസൻസ് റീസെറ്റില്മെന്റ് പദ്ധതി അനുസരിച്ച് ആദ്യവർഷം 5000 പേർക്കാണ് ബ്രിട്ടനിൽ സെറ്റിൽ ആകാൻ അവസരമൊരുക്കുക. സ്ത്രീകൾ, കുട്ടികൾ, അഫ്ഗാനിലെ മത ന്യുനപക്ഷങ്ങളിൽ പെട്ടവർ എന്നിവർക്കായിരിക്കും മുൻഗണന നൽകുക.

അതോടൊപ്പം വിവിധ ബ്രിട്ടീഷ് ഏജൻസികൾക്കൊപ്പം ദ്വിഭാഷികളായി പ്രവർത്തിച്ചിരുന്നവരെയും മറ്റു ജോലികളിൽ സഹായിച്ചിരുന്നവരെയും റീസെറ്റിൽ ചെയ്യിക്കാൻ ബ്രിട്ടൻ മുൻകൈ എടുക്കും. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ഇതിനായി ബ്രിട്ടീഷ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.