- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക് ചാര സംഘടനയുടെ പരസ്യ ഇടപെടൽ; ഐ എസ് ഐ മേധാവി പറന്നിറങ്ങിയത് ഇന്ത്യൻ സ്വാധീനം അഫ്ഗാനിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ; നടപ്പിലാക്കുക ചൈനയുടെ താൽപ്പര്യങ്ങൾ; സ്ത്രീ പ്രതിഷേധം തുടരുന്നു; പഞ്ച്ശീറിൽ പ്രതിരോധം ശക്തം; താലിബാൻ സർക്കാർ വൈകുമ്പോൾ
കാബൂൾ: അഫ്ഗാനിൽ താലിബാനിസം തുടരുന്നു. താലിബാൻ നടത്തിയ ആഘോഷ വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടു. 41 പേർക്കു പരുക്കേറ്റു. അഫ്ഗാനിലെ പുതിയ സർക്കാർ പ്രഖ്യാപനം അടുത്തയാഴ്ചയിലേക്കു നീട്ടിയെന്ന് താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് അറിയിച്ചു. താലിബാനിലും ആശയക്കുഴപ്പമുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ചെറുത്തുനിൽക്കുന്ന ഏക പ്രവിശ്യയായ പഞ്ച്ശീർ കീഴടക്കിയെന്നു താലിബാൻ കേന്ദ്രങ്ങൾ അവകാശപ്പെട്ടതിനു പിന്നാലെയാണ് തെരുവിൽ 'ആകാശത്തേക്കു വെടിയുതിർത്ത്' ആഘോഷം നടത്തിയത്. കാബൂളിനു കിഴക്ക് നംഗാർഹർ പ്രവിശ്യയിലും ആഘോഷ വെടിവയ്പിൽ 14 പേർക്കു പരുക്കേറ്റു. പഞ്ച്ശീറിലെ പ്രതിരോധത്തിനു നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യ നേതാക്കൾ താലിബാന്റെ അവകാശവാദം തള്ളി.
രാജ്യാന്തര സമൂഹം അംഗീകരിക്കുന്ന വിശാല സർക്കാർ രൂപീകരണം ലക്ഷ്യമിടുന്നതു കൊണ്ടാണു വൈകുന്നത് എന്നാണു സൂചന. ഓഗസ്റ്റ് 15 ന് അധികാരം പിടിച്ചശേഷം ഇതു രണ്ടാം തവണയാണു സർക്കാർ രൂപീകരണം നീട്ടിവയ്ക്കുന്നത്. ഇതിനിടെ സർക്കാർ രൂപീകരണത്തിൽ പാക് ഇടപെടലും സജീവമാണ്. അതിനിടെ, പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മേധാവി ജനറൽ ഫായിസ് ഹമീദ് ഇന്നലെ കാബൂളിലെത്തി.
അഫ്ഗാനിൽ വിശാല സർക്കാരുണ്ടാക്കാൻ താലിബാനെ സഹായിക്കുമെന്ന് പാക്ക് കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബുമായി ഇസ്ലാമാബാദിൽ നടത്തിയ ചർച്ചയിൽ പറഞ്ഞു.അഫ്ഗാനിലെ പാക്കിസ്ഥാന്റെ ഇടപെടലുകൾ ഇന്ത്യയും യുഎസും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല വാഷിങ്ടനിൽ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ അധികാരത്തിലെത്തുമ്പോൾ മേഖലയിൽ പാക്കിസ്ഥാന്റെ സ്ഥാനം എന്താകുമെന്നാണു ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. അഫ്ഗാനിലെ പാക്കിസ്ഥാന്റെ 'റോൾ' എന്താണെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസും ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. ചൈനയും പാക്കിസ്ഥാനു പിന്നിലുണ്ട്. അഫ്ഗാനിൽ ചൈനീസ് തീരുമാനമാകും പാക്കിസ്ഥാൻ നടപ്പാക്കുകയെന്ന സൂചനയുമുണ്ട്.
അഫ്ഗാനിലെ ഭക്ഷ്യക്ഷാമം നേരിടാൻ രാജ്യാന്തര സഹായം തേടി ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ മാസം 13 നു ജനീവയിൽ മന്ത്രിതല സമ്മേളനം വിളിച്ചു. മൂന്നിലൊന്ന് ജനങ്ങളും പട്ടിണിയിലാണെന്നാണ് യുഎൻ ഏജൻസികളുടെ വിലയിരുത്തൽ.
പെൺ പ്രതിഷേധം തുടരുന്നു
അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനിതാ സാമൂഹ്യപ്രവർത്തകർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ലിംഗപരമായ സമത്വത്തിനുവേണ്ടിയും പുതിയ സർക്കാരിൽ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ടുമാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇവർ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ആയുധങ്ങളുമായി താലിബാൻ സേന തെരുവുകളിൽ ഭീതിനിറയ്ക്കുമ്പോൾ ഒരു സംഘം സ്ത്രീകൾ തെരുവിലേക്കിറങ്ങി പ്രക്ഷോഭം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് അപ്രതീക്ഷിതമായ നീക്കമായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുന്നുന്നത്. താലിബാൻ പോലും ഇത് പ്രതീക്ഷിച്ചിരുന്നതല്ല. സ്ത്രീകൾക്ക് ജോലി ചെയ്യാൻ അവസരം നൽകുമെന്നും വിദ്യാഭ്യാസം നേടാൻ അനുവദിക്കുമെന്നും താലിബാൻ നേതാക്കൾ ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു.
എന്നാൽ മാധ്യമപ്രവർത്തകർ അടക്കമുള്ള സ്ത്രീകളെ താലിബാൻ ജോലിയിൽനിന്ന് വിലക്കുന്നതും സ്ത്രീ അവകാശ പ്രവർത്തകർക്കെതിരേ വധഭീഷണി മുഴക്കുന്നതും പിന്നീട് സംഭവിച്ചു. അഫ്ഗാനിസ്താനിലെ പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ സ്ത്രീകൾ സമാനമായ രീതിയിൽ പ്രകടനം നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് കാബൂളിലെ പ്രകടനം എന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ