- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിസന്ധിയിൽ നാടിനെ നയിച്ച മുഖ്യമന്ത്രി റോൾ മോഡൽ; യഥാർത്ഥ ഭരണാധികാരി ഫീൽഡിൽ ഇറങ്ങേണ്ടെന്ന് പഠിപ്പിച്ചു തന്നത് അദ്ദേഹം; വിടവാങ്ങൽ അവിസ്മരണീയമാക്കി കണ്ണൂരിന്റെ മരുമകനായ കലക്ടർ; ഇഷ്ടഗാനം പാടി മടക്കം

കണ്ണൂർ: പ്രതിസന്ധി ഘട്ടത്തിൽ കേരളത്തെ നിർഭയം നയിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ റോൾ മോഡലേന്ന് കണ്ണൂർ കലക്ടർ ടി.വി സുഭാഷ്. ജില്ലാ പഞ്ചായത്ത് നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പ്രളയങ്ങളിലും നിപ്പയിലും കോവിഡ് കാലത്തും കേരളത്തെ നയിച്ച ഭരണാധികാരിയാണ് അദ്ദേഹം. മികച്ച ഭരണാധികാരിക്ക് വേണ്ട ഗുണമെന്തെന്ന് അദ്ദേഹം അപ്പോഴെല്ലാം കാണിച്ചു തന്നു.
പ്രതിസന്ധി ഘട്ടത്തിൽ ഫീൽഡിലിറങ്ങാതെ ഉദ്യോഗസ്ഥന്മാരെ പ്രശ്ന ബാധിത സ്ഥലങ്ങളിലേക്ക് അയച്ചു തന്റെ ഓഫീസിലിരുന്ന് എല്ലാം നിയന്ത്രിക്കുകയായിരുന്നു മുഖ്യമന്ത്രി. യഥാർത്ഥ ഭരണാധികാരി ഫീൽഡിലിറങ്ങേണ്ടെന്നു പഠിപ്പിച്ചു തന്നത് അദ്ദേഹമാണ്. മറ്റുള്ളവരെ സംഭവസ്ഥലത്തേത്തക്കു അയക്കുകയും മുഖ്യമന്ത്രി കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ഒരു ഭരണാധികാരി ദുരന്തമുഖത്തു പോയി ഫോട്ടോയെടുക്കേണ്ടയാളോ അതിനു പോസ് ചെയ്യേണ്ടയാളല്ലെന്നും കാണിച്ചു തന്നത് മുഖ്യമന്ത്രിയാണെന്നും കലക്ടർ ടി.വി സുഭാഷ് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.
വളരെ കുറച്ചു മാത്രം ഫീൽഡിലിറങ്ങി പണിയെടുത്തയാളാണ് താൻ. അതുകൊണ്ടു തന്നെ അത്തരമൊരു ശൈലിയെ വിമർശിച്ചവരുമുണ്ട്. ഗസൽ സംഗീതം തന്റെ ആത്മാവിന്റെ ഭാഗമായി കൊണ്ടുനടക്കുകയും കേൾവിക്കാരെ സ്വരമാധുരിയിൽ വിസ്മയിപ്പിക്കുകയും ചെയ്ത കണ്ണൂർ കലക്ടർ ടി.വി സുഭാഷ് ഒടുവിൽ മടങ്ങിയതും തന്റെ പ്രിയഗാനം പാടിയാണ്.
കണ്ടില്ല നിന്നെ മാത്രം, കാത്തിരുന്ന് നിന്നെ മാത്രം പൊൻകിനാക്കൾ പൂത്ത നേരം പോയ്വതെങ്ങു നീ... എന്ന യുഗ്മഗാനം പാടി കേട്ടുനിന്നിവരുടെ മനസിനെ കുളിരണിയിപ്പിച്ചാണ് കണ്ണൂർ കലക്ടർ ടി.വി സുഭാഷ് തന്റെ വിടപറയൽ ദിനം അവിസ്മരണിയമാക്കിയത്.
കഴിഞ്ഞ ദിവസമാണ് കണ്ണൂരുകാരിയെ യുവതിയെ അദ്ദേഹം വിവാഹം കഴിച്ചത്. അതുകൊണ്ടു തന്നെ കണ്ണൂരിന്റെ മരുമകനായാണ് കലക്ടറുടെ പിന്മടക്കം. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് കാർഷിക വികസന ഡയറക്ടറായി സ്ഥലം മാറികലകടർ ടി.വി സുഭാഷിന് യാത്രയയപ്പു സമ്മേളനമൊരുക്കിയത്.
തന്റെ ഔദ്യോഗിക ജീവിതത്തിനിടെയിൽ നേരിട്ട രണ്ടു തെരഞ്ഞെടുപ്പിൽ പദവിയോടു നീതിപുലർത്തിക്കൊണ്ടു നിഷ്പക്ഷനായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും കോവിഡ് പ്രതിരോധത്തിനായി നടത്തിയ പ്രവർത്തനങ്ങൾ അങ്ങേയറ്റം ദുഷ്‌കരമായിരുന്നുവെന്നിലും ഉത്തരവാദിത്വത്തോടെ ചെയ്യാൻ കഴിഞ്ഞതായി വിശ്വസിക്കുന്നുവെന്നും കലക്ടർ യാത്രയയപ്പു സമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ പി.പി ദിവ്യ ഉപഹാരം കൈമാറി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്റ്റാഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ അഡ്വ. കെ.കെ രത്നകുമാരി, ടി.സരള, യു.പി ശോഭ, വി.കെ സുരേഷ്ബാബു, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, ജില്ലാപഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


