കാബൂൾ: താലിബാൻ ഭീകരർ അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തതോടെ ലോകത്തെ പലഭാഗങ്ങളിലേയും മതതീവ്രവാദികൾക്ക് ഒരു പുത്തനാവേശം കൈവന്നിട്ടുണ്ട്. അണയാൻ പോകുന്ന തീനാളത്തിന്റെ അവസാനത്തെ ആളിക്കത്തലായാണ് പല അന്താരാഷ്ട്ര നിരീക്ഷകരും ഈ പുത്തനാവേശത്തിനെ കണക്കാക്കുന്നതെങ്കിലും, ഭീകരരും അവരുടെ ആരാധകരും അവരുടെ മൂഢസ്വർഗ്ഗത്തിൽ അഭിരമിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാക്കിസ്ഥാൻ ഭരണകക്ഷി നേതാവിന്റെ ടി വി അഭിമുഖം.

ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക് ഇ ഇൻസാഫിന്റെ നേതാവായ നീലം ഇർഷാദ് ഷെയ്ഖാണ് താലിബാന്റെ മുന്നേറ്റത്തിൽ അമിതാഹ്ലാദവുമായി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താലിബാൻ മുസ്ലീങ്ങൾക്കൊപ്പമാണെന്നും അധികം വൈകാതെ കാശ്മീരിനെ ഇന്ത്യയിൽ നിന്നും മോചിപ്പിക്കാൻ അവർ സഹായിക്കും എന്നുമാണ് ഈ വനിത നേതാവ് ഉദ്ഘോഷിച്ചത്. രാഷ്ട്രീയ നേതാവാകാൻ പോയിട്ട് വനിതകൾക്ക് പുറത്തിറങ്ങാൻ പോലും സ്വാതന്ത്ര്യം നൽകാത്തവരാണ് താലിബാൻ ഭീകരർ എന്ന വസ്തുത ഈ വനിതാ നേതാവിന് അറിയാതെപോയതാണോ എന്നാണ് പലരും ചോദിക്കുന്നത്.

നേരത്തേ തന്നെ താലിബാനെ വളർത്തിക്കൊണ്ടുവന്നതിൽ പാക്കിസ്ഥാൻ രഹസ്യാന്വേഷണ സംഘടനയായ ഐ എസ് ഐ യ്ക്കുള്ള പങ്ക് പല അന്താരാഷ്ട്ര നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണത്തിന് കൂടുതൽ ശക്തിപകരും വിധം കഴിഞ്ഞ വാരാന്ത്യത്തിൽ ഐ എസ് ഐ തലവൻ ലെഫ്റ്റനന്റ് ജനറൽ ഫെയ്സ് ഹമീദ് കാബൂളിലെത്തി താലിബാൻ നേതൃത്വവുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും വന്ന പ്രസ്താവന പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ മനസ്സിലിരുപ്പ് തുറന്നുകാട്ടുന്നതാണ് എന്നാണ് അഫ്ഗാനിസ്ഥാനിലെ മുൻ കനേഡിയൻ അമ്പാസിഡറായ ക്രിസ് അലക്സാൻഡർ പറയുന്നത്.

കാര്യമായ അറിവൊന്നുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവ് സൈനിക ഉദ്യോഗസ്ഥരിൽ നിന്നോ ഐ എസ് ഐ വൃത്തങ്ങളിൽനിന്നോ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇറക്കിയ ഒരു പ്രസ്താവനയായി ഇതിനെ തള്ളിക്കളയാൻ ആകില്ലെന്നും അദ്ദേഹം പറയുന്നു. റാവൽപിണ്ഡിയിലെ അധികാരത്തിന്റെ ഇടനാഴികളിലും ഐ എസ് ഐ ആസ്ഥാനത്തും ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ രത്ന ചുരുക്കവും ഇതാണെന്ന് മുൻ നയന്തന്ത്ര ഉദ്യോഗസ്ഥൻ പറയുന്നു.

അഫ്ഗാനിസ്ഥാനിൽ കൂടുതൽ ഭീകര പരിശീലന ക്യാമ്പുകൾ തുറക്കാൻ ഐ എസ് ഐയ്ക്ക് കഴിയുകയും അതുപോലെ പാക്കിസ്ഥാനിലെ മദ്രസകളിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങുന്ന കൂടുതൽ പേരെ ഈ വഴിയിൽ കൊണ്ടുവരാൻ ആവുകയും ചെയ്താൽ അത് കാശ്മീരിൽ കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ഐ എസ് ഐക്ക് സഹായകരമാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം കാശ്മീരിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുവാൻ അഫ്ഗാൻ വംശജരെ പാക്കിസ്ഥാൻ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാൻ അതിർത്തിക്കുള്ളിലെ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ സർജിക്കൽ സ്ട്രൈക്കിലൂടെ തകർത്തതിനു ശേഷം, പാക്കിസ്ഥാൻ ഇത്തരം കാര്യങ്ങൾക്ക് സുരക്ഷിതമല്ലെന്ന് ഐ എസ് ഐ കരുതുന്നു. മാത്രമല്ല, അന്താരാഷ്ട്ര സമൂഹം, പല ഇസ്ലാമിക രാജ്യങ്ങൾ ഉൾപ്പടെ ഇന്ത്യയുമായി കൂടുതൽ അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ നേരിട്ടൊരു വെല്ലുവിളിക്ക് പാക്കിസ്ഥാൻ ഭയക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് താലിബാന്റെ സഹായം പാക്കിസ്ഥാൻ തേടുന്നത്.