കാഞ്ഞങ്ങാട്: മമ്മൂട്ടിയെന്നാൽ മലയാളികൾക്ക് ആരാധനയും സ്‌നേഹവും എല്ലാമാണ്. എന്നാൽ രക്തത്തിൽ അലിഞ്ഞ സ്‌നേഹമാണ് അരുണ് കൃഷ്ണൻ എന്ന 20കാരന് മമ്മൂട്ടിയോടുള്ളത്. അരുണിന്റെ ജീവനും ജീവതവും എല്ലാം മമ്മൂട്ടിയാണ്. വർഷങ്ങൾക്ക് മുമ്പാണ് മമ്മൂട്ടി അരുണിന്റെ ദൈവം ആയത്. ഹൃദയവാൾവ് ചുരുങ്ങിപ്പോകുന്ന അസുഖത്തെ തുടർന്ന് ഓപ്പറേഷന് പണമില്ലാതെ വിഷമിച്ചപ്പോൾ പണം നൽകിയാണ് ദൈവത്തിന്റെ രൂപത്തിൽ മമ്മൂട്ടി അരുണിന് മുന്നിൽ അവതരിച്ചത്.

'എന്റെ ജീവനും ശ്വാസവും മമ്മൂട്ടി സാറാണ്. ഇഷ്ടദൈവം ആരെന്നു ചോദിക്കുന്നവരോട് ഒട്ടും മടിക്കാതെ പറയും, അത് മമ്മൂട്ടിയാണെന്ന്. ഇതുവരെ പറഞ്ഞതും ഇനിയങ്ങോട്ടു പറയുന്നതും ഈ മൂന്നക്ഷരംതന്നെ. എന്റെ പുനർജന്മമാണിത്. അതെനിക്കു കിട്ടിയത് മമ്മൂട്ടി സാറിന്റെ കാരുണ്യം കൊണ്ടുമാത്രം...' അരുൺ കൃഷ്ണൻ ഹൃദയത്തിൽ തൊട്ടു പറയുന്നു. പറക്കളായി വലിയടുക്കത്തെ കെ.ഉണ്ണികൃഷ്ണന്റെയും എ.ശാന്തയുടെയും മകനാണ് 20 വയസ്സുള്ള അരുൺ കൃഷ്ണൻ.

''11 വർഷം മുൻപ് ആ ശസ്ത്രക്രിയ നടന്നില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ജീവിച്ചിരിപ്പുണ്ടാവില്ല. മരണത്തെ മുന്നിൽ കണ്ട ദിവസങ്ങളുണ്ടായിരുന്നു അന്ന്. ഹൃദയവാൾവ് ചുരുങ്ങിപ്പോകുകയായിരുന്നു. ആശുപത്രികളിലെല്ലാം കയറിയിറങ്ങി. ഒടുവിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തി. ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞു.

ഒന്നരലക്ഷം രൂപ വേണ്ടിവരും. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും എന്തുചെയ്യണമെന്നറിയാതെ എന്നെ ചേർത്തുപിടിച്ച് കരഞ്ഞു. അന്ന് ഇത്രയും തുക സ്വരുക്കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലും കഴിയുമായിരുന്നില്ല. ആരോ പറഞ്ഞു സിനിമാതാരം മമ്മൂട്ടിയെ കണ്ടാൽ മതി പണം കിട്ടുമെന്ന്. എങ്ങനെ കാണാൻ. എവിടെയൊക്കെയോ വിളിച്ചു. ഒടുവിൽ ഒരു നമ്പർ കിട്ടി. അതിൽ വിളിച്ച് കാര്യം പറയുകയായിരുന്നു'- അരുൺ പറഞ്ഞു.

ഇതോടെ മമ്മൂട്ടിയുടെ ഇടപെടൽ ഉണടായി. അരുണിന്റെ അവസ്ഥ മനസിലാക്കിയ മമ്മൂട്ടി വൈകാതെ ഫാൻസ് അസോസിയേഷൻ പ്രവർത്തകരെ അറിയിക്കുകയും അവർ കാഞ്ഞങ്ങാട് മുട്ടിച്ചരലിലെ അബ്ദുൾ മജീദ് പറക്കളായിയിലെ കൊച്ചുകൂരയിലെത്തി അരുൺ കൃഷ്ണനെ കണ്ടു. അടുത്തദിവസംതന്നെ പണമെത്തി. ശസ്ത്രക്രിയയും നടന്നു. മമ്മൂട്ടിയെ ഒന്നു നേരിൽക്കണ്ട് നന്ദിയറിയിക്കണമെന്ന ഈ കുടുംബത്തിന്റെ ആഗ്രഹവും നടന്നു.

'കടൽകടന്നൊരു മാത്തുക്കുട്ടി' സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. മമ്മൂട്ടി കോഴിക്കോട്ടുണ്ടെന്നറിഞ്ഞ് മജീദിനൊപ്പം പോയി. നാലാംഗേറ്റിലെ ലൊക്കേഷനിലെത്തി മമ്മൂട്ടിയെ കണ്ടു. 'എന്നെ ചേർത്തുപിടിച്ച് സാറ് പറഞ്ഞു നല്ല മനുഷ്യനാകണമെന്ന്. ആ വാക്ക് ജീവനുള്ളിടത്തോളം മറക്കില്ല'- അരുൺ പറഞ്ഞു. അരുണിന്റെ പേഴ്സിലും മൊബൈൽ ഫോണിലെ വാൾപേപ്പറിലുമെല്ലാം മമ്മൂട്ടിയുടെ ഫോട്ടോയാണ്. ആയുർവേദ ഉത്പന്നങ്ങളുടെ വിപണന രംഗത്ത് ജോലിചെയ്യുകയാണിപ്പോൾ.