കോയമ്പത്തൂർ: അവിനാശി റോഡിൽ വണ്ടികൾ കയറി ഇറങ്ങി ചതഞ്ഞരഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ഇവർ റോഡ് മുറിച്ചു കടക്കുമ്പോൾ വണ്ടിയിടിച്ചതാണോ അതോ കാറിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയതാണോ എന്ന സംശയമാണ് പൊലീസിനുള്ളത്. വണ്ടികൾ കയറി ചതഞ്ഞരഞ്ഞതിനാൽ മൃതദേഹം ഇനിയും തിരിച്ചറിയാനായിട്ടില്ല.

തിങ്കളാഴ്ച രാവിലെ ആറോടെയാണു ചിന്നിയംപാളയത്ത് സ്വകാര്യ ആശുപത്രിക്കു സമീപം 65 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ അർധനഗ്‌ന മൃതദേഹം കണ്ടെത്തിയത്. പല വാഹനങ്ങൾ കയറിയിറങ്ങിയതിനാൽ മുഖവും ശരീരത്തിന്റെ പല ഭാഗങ്ങളും തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു. ഒരു കാർ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽനിന്നു ലഭിച്ചു. കാറിൽനിന്ന് രണ്ട് പേർ ഇറങ്ങുന്നതും സമീപത്തു ചെന്നു നോക്കിയശേഷം വീണ്ടും കാറിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

തിരുവള്ളൂർ ഭാഗത്തുള്ള വാഹനമാണെന്നും എയർപോർട്ട് റോഡിലൂടെ പോയി മടങ്ങിയെന്നും കണ്ടെത്തിയതായി പൊലീസ് പറയുന്നു. സ്ത്രീയെ കാറിൽനിന്നു തള്ളിയിട്ടതോ റോഡിലൂടെ നടന്നുപോയ സ്ത്രീ കാറിടിച്ചു വീണ ശേഷം മറ്റു വാഹനങ്ങൾ കയറിയിറങ്ങിയതോ ആകാമെന്നു സംശയിക്കുന്നു. സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളിൽ കാറിന്റെ ഡോറുകൾ അടഞ്ഞ നിലയിലാണ്. വാഹനത്തിലോ മറ്റെവിടെയെങ്കിലും വച്ചോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിൽ ഉപേക്ഷിച്ചതാണെന്നും പൊലീസ് സംശയിച്ചിരുന്നു.

അതേസമയം, അപകടമരണമെന്നാണ് ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നത്. മരിച്ചയാളുടെ സാരിയും മറ്റു വസ്ത്രങ്ങളും സമീപത്തുനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. സംശയാസ്പദ സാഹചര്യത്തിൽ കണ്ട കാറിന്റെ പിന്നാലെയെത്തിയ ഓട്ടോറിക്ഷയുടെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.