ദോഹ: മലയാളികളുടെ അഭിമാനമായ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ 70-ാം പിറന്നാളിൽ 70 വൃക്ഷത്തൈകൾ നട്ട് ഖത്തറിലെ മലയാളികളുടെ ആദരം. ഏഴ് സ്‌കൂളുകളിലായി നട്ട 70 വൃക്ഷത്തൈകൾ മമ്മൂട്ടിയുടെ വിവിധ സിനിമകളുടെ പേരിൽ അറിയപ്പെടും. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം പരിസ്ഥിതി സൗഹൃദമാക്കി ആഘോഷിക്കാൻ ഖത്തറിലെ മലയാളികൾ തീരുമാനിച്ചപ്പോൾ അത് വൃക്ഷതൈ നടൽ എന്ന ഭാവി തലമുറയ്ക്കുതകുന്ന തീരൂമാനത്തിലേക്ക് എത്തുക ആയിരുന്നു.

ഏഴു സ്‌കൂളുകളിലായി 70 വൃക്ഷത്തൈകൾ നട്ടത് ഖത്തറിലെ മമ്മൂട്ടി ആരാധകരായ മലയാളികൾ ചേർന്നാണ്. കാർഷിക കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ, ഖത്തർ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷനൽ, റേഡിയോ മലയാളം 98.6 എഫ്.എം, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, അഗ്രികോ ഖത്തർ എന്നിവർ ചേർന്നാണ് എംഇഎസ് ഇന്ത്യൻ സകൂൾ, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ, ഒലിവ് ഇന്റർനാഷനൽ, ബിർള പബ്ലിക് സ്‌കൂൾ, ഡിപിഎസ് മൊണാർക്ക്, ബ്രിട്ടീഷ് സ്‌കൂൾ എന്നീ ഏഴു സ്‌കൂളുകളിലായാണ് വൃക്ഷ തൈകൾ നട്ടത്.

മമ്മൂട്ടിയുടെ എഴുപതു സിനിമകളുടെ പേരിൽ 70 തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണവും ബോധവൽക്കരണവുമാണ് പിറന്നാൾ ആഘോഷത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. നമ്മുടെ അടുക്കളത്തോട്ടം പ്രസിഡന്റ് ബെന്നി തോമസ്, ജനറൽ സെക്രട്ടറി ജിജി അരവിന്ദ്, മറ്റു അംഗങ്ങൾ, റേഡിയോ മലയാളം ആർജെമാരായ സൂരജ്, രതീഷ്, ജിബിൻ, ഖത്തർ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് റിഷാദ്, സെക്രട്ടറി രാഹുൽ, ജോയിന്റ് സെക്രട്ടറി റിയാസ്, ഖത്തർ മമ്മൂട്ടി ഫാൻസ് അംഗങ്ങൾ എന്നിവർ മരം നടീൽ പരിപാടികളിൽ പങ്കെടുത്തു.