തൃശ്ശൂർ: അടിച്ചു മാറ്റിയ ലോട്ടറി ടിക്കറ്റിന് സമ്മാനം അടിച്ചു. പണം കൈപ്പറ്റാൻ ലോട്ടറി ഏജൻസിയിലെത്തിയപ്പോൾ കണക്കിന് സമ്മാനം നൽകി പൊലീസും. നഗരത്തിലെ രാഗം തിയേറ്ററിന് സമീപം അമ്മ ലോട്ടറി ഏജൻസിയിലാണ് സംഭവം അരങ്ങേറിയത്. സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റുമായി 12 ദിവസങ്ങൾക്ക് ശേഷമാണ് പണം കൈപ്പറ്റാൻ ഭാഗ്യവാനെത്തിയത്. ജീവനക്കാരൻ ടിക്കറ്റ് വാങ്ങിനോക്കി. ഒരേ സീരീസിലെ 12 ടിക്കറ്റുകൾ. ഓരോ ടിക്കറ്റിനും 5,000 രൂപ വീതം സമ്മാനം. ആകെ 60,000 രൂപ. ജീവനക്കാരൻ സമ്മാനാർഹന് കസേര നീക്കിയിട്ടുകൊടുത്തു. ''ഇരിക്കൂ, പണം ഇപ്പോൾ തരാം...''

പണവും സ്വപ്‌നം കണ്ട് കാത്തിരിക്കവേ ഭാഗ്യവാനെ തേടി പൊലീസും എത്തി. ആളെ കണ്ടയുടൻ ജീപ്പിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തു. കുണ്ടന്നൂർ ആലപ്പാടൻ സ്റ്റാൻലി അതോടെ ലോട്ടറി മോഷണത്തിന് അറസ്റ്റിലാകുകയും ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് 25-ന് പൂങ്കുന്നത്തിനടുത്ത് കുട്ടൻകുളങ്ങരയിൽ പലചരക്കുകടയിൽ നിന്നാണ് 55കാരനായ സ്റ്റാൻലി കടയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും വിൽപ്പനയ്ക്ക് വെച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ചത്. കടക്കാരൻ പൊലീസിൽ പരാതി നൽകി.

പിറ്റേന്നു നടന്ന നറുക്കെടുപ്പിൽ മോഷ്ടിച്ച ടിക്കറ്റുകളിലെ ഒരേ സീരീസിലുള്ള 12 എണ്ണത്തിന് 5,000 രൂപ വീതം സമ്മാനം ലഭിച്ചെന്ന് കേസന്വേഷിക്കുന്ന തൃശ്ശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരറിഞ്ഞു. ലോട്ടറി ടിക്കറ്റുകൾ പണമാക്കാൻ മോഷ്ടാവ് ശ്രമിക്കുമെന്ന് മനസ്സിലാക്കിയ പൊലീസ് തൃശ്ശൂരിലെയും പരിസരത്തെയും ചില്ലറ വിൽപ്പനശാലകളിൽ മുന്നറിയിപ്പ് നൽകി. ഒപ്പം ജില്ലാ ലോട്ടറി ഓഫീസിലും വിവരമറിയിച്ചു.

നറുക്കെടുപ്പ് കഴിഞ്ഞ് 12-ാം ദിവസമാണ് സ്റ്റാൻലി സമ്മാനത്തുക വാങ്ങാൻ ടിക്കറ്റുമായി വിൽപ്പനശാലയിലെത്തിയത്. പൊലീസുദ്യോഗസ്ഥർ അറിയിച്ച സീരീസിലെ ലോട്ടറി ടിക്കറ്റുകളാണ് സ്റ്റാൻലിയുടെ കൈയിലെന്ന് മനസ്സിലായപ്പോൾ വിൽപ്പനക്കാരൻ ഇയാളെ നയത്തിൽ കടയിലിരുത്തി. വിവരം വെസ്റ്റ് പൊലീസിലറിയിക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ സ്റ്റാൻലി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു.