കോതമംഗലം: കോട്ടപ്പടി വാവേലിയിൽ ഇന്നലെ പുലർച്ചെ കാട്ടാന ആക്രമണം. ആക്രമണത്തിൽനിന്നു ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീപ്പനാട്ട് വർഗീസാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ പുരയിടത്തിൽ കയറിയ ആന വാഴ, കപ്പ, ചേന, ചേമ്പ് കൃഷികളാണു നശിപ്പിച്ചത്. നാലരയോടെ എന്തോ അനക്കം കേട്ടു വർഗീസ് ലൈറ്റ് തെളിച്ചപ്പോഴാണ് വീടിനു ചേർന്ന് ഒറ്റയാനെ കണ്ടത്. ആന പാഞ്ഞടുത്തതോടെ വർഗീസ് ഓടി വീട്ടിൽ കയറി.

പോർച്ചിൽ കിടന്ന കാർ കുത്തിമറിക്കാൻ ശ്രമിച്ചാണ് ആന ദേഷ്യം തീർത്തത്. വീട്ടുകാർ ബഹളം വച്ചതോടെ പിന്തിരിഞ്ഞു. കാറിനു കേടുപാടുണ്ട്. സ്ഥിരം ശല്യമുണ്ടാക്കുന്ന ആനയാണിതെന്നു നാട്ടുകാർ പറഞ്ഞു. പ്രദേശത്തു പതിവായെത്തുന്ന ആനകൾ നാട്ടുകാർക്കു പേടിസ്വപ്നമായിരിക്കുകയാണ്. കൃഷിയിടങ്ങളിൽ സർവനാശം വരുത്തുന്നു.

വളർത്തുമൃഗങ്ങൾക്കും ആളുകൾക്കും നേരെ ആക്രമണമുണ്ട്. സാധാരണക്കാർ താമസിക്കുന്ന പ്രദേശത്തു ശുചിമുറികൾ കൂടുതലും പുറത്താണ്. ജീവൻ പണയംവച്ചാണു രാത്രി പുറത്തിറങ്ങുന്നത്. ആനശല്യത്തിനു പരിഹാരമായി യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നില്ല. സ്ഥിരം പ്രശ്‌നക്കാരായ ആനകളെ പ്രദേശത്തുനിന്നു നീക്കംചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു വനപാലകർ പറയുന്നു.