ലോകത്തിലെ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത് സാൻ ഫ്രാൻസിസ്‌കോ. പുരോഗമനം, സ്ഥിരത, സ്വീകാര്യത എന്നിവയെല്ലാം കണക്കിലെടുത്താണ് ഈ പട്ടിക രൂപീകരിച്ചിരിക്കുന്നത്. സാൻഫ്രാൻസിസ്‌കോയുടെ തൊട്ടുപുറകിൽ രണ്ടാം സ്ഥാനത്തുള്ളത് ആംസ്റ്റർഡാമാണ്.

മാഞ്ചസ്റ്റർ മൂന്നാം സ്ഥാനത്തും കോപൻഹേഗൻ നാലാം സ്ഥാനത്തും ന്യുയോർക്ക് അഞ്ചാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ടൈം ഔട്ട് ആണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ലോകമാകമാനമുള്ള നൂറിലധികം നഗരങ്ങളിൽ നിന്നുള്ള 27,000 ൽ അധികം പേരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വിദ്ഗദർ നടത്തിയ പഠനത്തിനൊടുവിലാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിഘട്ടത്തിൽ നടത്തിയ നല്ല പ്രവർത്തനങ്ങളും അതോടൊപ്പം എൽ ജി ബി റ്റി ക്യു സമൂഹത്തിന് കൂടുതൽ രാഷ്ട്രീയാധികാരങ്ങൾ നൽകിയതുമൊക്കെയാണ് സാൻ ഫ്രാൻസിസ്‌കോയെ ഒന്നാം സ്ഥാനത്തെത്തിക്കാൻ പ്രധാനമായും കാരണമായത്. കോവിഡ് കാലത്ത് സാമൂഹിക ജീവിതം താറുമാറായപ്പോൾ നഗരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിലും അതുപോലെ പൈതൃകത്തെ കുറിച്ചുള്ള അവബോധം കൂടുതൽ വ്യാപിപ്പിക്കുന്നതിനുമായി ശ്രമിച്ചതാണ് ആംസ്റ്റർഡാമിന് തുണയായി എത്തിയത്. നിങ്ങളെ സ്വയം പരിചയപ്പെടുത്തുവാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുവാനും ഏറ്റവും എളുപ്പമുള്ള നഗരമാണ് മാഞ്ചസ്റ്റർ എന്ന് ഈ പട്ടികയിൽ പറയുന്നു.

മറ്റു നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി, മാഞ്ചസ്റ്ററിൽ സാമൂഹ്യ ജീവിതം വളരെ കൂടുതലാണ്. അതുപോലെ ജനങ്ങൾ കൂടുതലായി സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതും ഇവിടെ കൂടുതലാണ്. മോണ്ട്രിയൽ ആറാം സ്ഥാനത്ത് എത്തിയപ്പോൾ പ്രേഗ്, ടെൽ അവീവ്, പോർട്ടോ, ടോക്കിയോ എന്നീ നഗരങ്ങൾ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. ജീവിതം അടിച്ചുപൊളിക്കാൻ ഏറ്റവും ഉത്തമമായ നഗരം ആയി തുടർച്ചയായ രണ്ടാം വർഷവും തെരഞ്ഞെടുക്കപ്പെട്ടത് ടെൽ അവീവിനെയാണ്. അതേസമയം. എന്നും പുതുമയെ ഇഷ്ടപ്പെടുന്നു എന്നതാണ് ടോക്കിയോയെ ഈ ലിസ്റ്റിൽ ഇടം കണ്ടെത്താൻ സഹായിച്ചത്.

ലണ്ടന് ഈ ലിസ്റ്റിൽ പതിമൂന്നാം സ്ഥാനമാണ് കിട്ടിയത്. സിഡ്നിക്ക് പതിനാറാം സ്ഥാനവും ഹോംഗ്കോങ്ങിന് ഇരുപതാം സ്ഥാനവും കിട്ടിയപ്പോൾ, സിംഗപ്പൂർ 24 -)0 സ്ഥാനത്തും ദുബായ് ഇരുപത്തിയാറാം സ്ഥാനത്തുമാണ്. ബാങ്കോക്ക് മുപ്പത്തിയേഴാം സ്ഥാനത്തുണ്ട്. 37 നഗരങ്ങളുടെ പട്ടികയാണ് ടൈം ഔട്ട് മഹത്തരങ്ങളായ നഗരങ്ങളായി തയ്യാറാക്കിയിട്ടുള്ളത്.

ഒരു ഇന്ത്യൻ നഗരം പോലും ഇതിൽ ഇടം പിടിച്ചട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ബെയ്ജിംഗും ഇസ്താംബൂളും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്.