തൃശൂർ: മാർ ആവ്വ റോയേൽ (46) ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കലിഫോർണിയ ഭദ്രാസനാധിപനാണ്. സഭാ ആസ്ഥാനമായ ഇറാഖിലെ എർബിലിൽ നടക്കുന്ന സിനഡിലാണു മാർ അവ്വ റോയൽ തിരഞ്ഞെടുക്കപ്പെട്ടത്. സഭയുടെ 122-ാം പാത്രിയർക്കീസായാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്.

സഭാ സുന്നഹദോസിന്റെ സെക്രട്ടറി കൂടിയായ മാർ ആവ്വ റോയേലിന്റെ സ്ഥാനാരോഹണം സ്ലീവാ തിരുനാൾ ദിനമായ 13നു നടക്കും. സിനഡ് അധ്യക്ഷൻ ആർച്ച്ബിഷപ് മാർ മീലിസ് സയ്യായുടെ മുഖ്യകാർമികത്വത്തിൽ എർബിലിലെ മാർ യോഹന്നാൻ മാംദ്ദാന ഭദ്രാസന ദേവാലയത്തിലാണു ചടങ്ങ്.

ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളായ മാർ യോഹന്നാൻ യോസഫ്, മാർ ഔഗിൻ കുരിയാക്കോസ് എന്നിവരും സഹകാർമികരാകും. കൽദായ സഭയുടെ ഇന്ത്യയിലെ ആസ്ഥാനം തൃശൂർ ആണ്.