- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നോർവീജിയൻ എംബസി പിടിച്ചെടുത്ത് സാധനങ്ങൾ നശിപ്പിച്ചു; ഷാ മസൂദിന്റെ ശവകുടീരം തല്ലിത്തകർത്തു; താലിബാനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം
ന്യൂഡൽഹി: താലിബാൻ നേതാക്കൾ കാബൂളിലെ നോർവീജിയൻ എംബസി പിടിച്ചെടുത്ത് സാധനങ്ങൾ നശിപ്പിച്ചു. എംബസിയിലുണ്ടായിരുന്ന പുസ്തക ശേഖരങ്ങൾ നശിപ്പിക്കുകയും വൈൻ ബോട്ടിലുകൾ തല്ലിപ്പൊട്ടിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ അഫ്ഗാൻ ജനതയുടെ വികാരമായ ഷാ മസൂദിന്റെ ശവകുടീരം തല്ലിത്തകർത്തു. 'പഞ്ച്ശീർ സിംഹം' എന്ന് അറിയപ്പെടുന്ന അഫ്ഗാൻ വിമോചന കമാൻഡറായിരുന്നു അഹമ്മദ് ഷാ മസൂദ്. അദ്ദേഹത്തിന്റെ 20-ാം ചരമ വാർഷിക ദിനത്തിലാണ് താലിബാൻ അദ്ദേഹത്തിന്റെ ശവകുടീരം തല്ലിത്തകർത്തത്. ഇതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം താലിബാൻ കാബൂളിലെ നോർവീജിയൻ എംബസി പിടിച്ചെടുത്തതായി ഇറാനിലെ നോർവേ സ്ഥാനപതി സിഗ്വാൽഡ് ഹേഗ് ട്വിറ്ററിലൂടെ അറിയിച്ചു. 'കാബൂളിലെ നോർവീജിയൻ എംബസി താലിബാൻ പിടിച്ചെടുത്തിരിക്കുന്നു. ഇതു പിന്നീടു ഞങ്ങൾക്കു തിരികെ നൽകുമെന്നാണു പറയുന്നത്. എന്നാൽ വൈൻ കുപ്പികളും കുട്ടികളുടെ പുസ്തകങ്ങളും നശിപ്പിക്കുകയാണ് അവർ ആദ്യം ചെയ്തത്.' അദ്ദേഹം ട്വീറ്റ് ചെയ്തു. എംബസികൾ അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കൈകടത്തില്ലെന്നാണു താലിബാൻ ആദ്യം പറഞ്ഞിരുന്നത്.
ശവകുടീരം നശിപ്പിച്ചതിൽ വ്യാപക പ്രതിഷേധം
അഫ്ഗാൻ വിമോചന കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ ശവകുടീരം നശിപ്പിച്ചതിൽ വ്യാപക പ്രതിഷേധമാണ് അഫ്ഗാനിസ്ഥാനിൽ ഉയരുന്നത്. 1989ൽ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തിയ പോരാളികളിൽ പ്രധാനിയായിരുന്നു അഹമ്മദ് ഷാ മസൂദ്. 1990കളിൽ താലിബാനെതിരെയും അദ്ദേഹം പോരാട്ടം നയിച്ചിരുന്നു.
താലിബാൻ അഫ്ഗാനിസ്ഥാൻ ഭരിച്ചിരുന്ന 1996-2001 കാലയളവിൽ വടക്കൻ മേഖലയിലേക്കു മാത്രമായി അദ്ദേഹത്തിന്റെ പ്രതിരോധ സേന ചുരുങ്ങി. വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്ന 2001 സെപ്റ്റംബർ 11നു 2 ദിവസങ്ങൾക്കു മുൻപ് അഭിമുഖത്തിനെന്ന വ്യാജേന അറബ് മാധ്യമപ്രവർത്തകരായി വേഷം മാറിയെത്തിയ അൽ ഖായിദ ഭീകരർ ചാവേർ ബോംബ് ആക്രമണത്തിലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
9/11 ആക്രമണത്തിനു ശേഷം യുഎസ് സേനയും മസൂദിന്റെ പ്രതിരോധസേനയും ചേർന്നു നടത്തിയ പ്രത്യാക്രമണത്തിൽ അൽ ഖായിദ ചിന്നഭിന്നമാകുകയും താലിബാൻ അധികാരത്തിൽനിന്നു താഴെയിറങ്ങുകയും ചെയ്തിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ യുഎസ് സേനയുമായി ചേർന്ന് അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലായിരുന്നു മസൂദിന്റെ സൈന്യം.
നിലവിൽ, അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദും അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുല്ല സലാഹും ചേർന്നാണ് താലിബാനെതിരെ പഞ്ച്ശീറിൽ പ്രതിരോധം തീർക്കുന്നത്.