കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകർക്ക് താലിബാന്റെ ക്രൂര മർദ്ദനം. വനിതകളുടെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരാണ് താലിബാന്റെ ക്രൂരതയ്ക്ക് ഇരയായത്. താലിബാൻ ഭരണ കൂടത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിന് അടിച്ച താലിബാൻകാർ മാധ്യമപ്രവർത്തകരെയും ക്രൂരമായി തല്ലിച്ചതയ്ക്കുക ആയിരുന്നു.

ചാട്ടവാറും വടികളും കൊണ്ടു മാധ്യമപ്രവർത്തകരുടെ പുറം അടിച്ചുപൊട്ടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ലൊസാഞ്ചലസ് ടൈംസ് ലേഖകൻ മാർക്കസ് യാം, അഫ്ഗാൻ മാധ്യമ സ്ഥാപനമായ എറ്റിലാട്രോസ് എന്നിവരാണു താലിബാൻ ക്രൂരതയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. രണ്ട് മാധ്യമപ്രവർത്തകരുടെ പുറത്തും കാലിലും അടിയേറ്റു ചുവന്നു വീർത്തിരിക്കുന്ന ചിത്രമാണു പുറത്തുവന്നത്.

മനുഷ്യാവകാശത്തെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും താലിബാൻ ആദ്യഘട്ടത്തിൽ നൽകിയ ഉറപ്പുകൾക്കൊന്നും യാതൊരു വിലയുമില്ലെന്നു വെളിപ്പെടുത്തുന്ന നടപടികളാണു പുതിയ ഭരണകൂടത്തിൻ കീഴിൽ അഫ്ഗാനിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പടിഞ്ഞാറൻ കാബൂളിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ വിഡിയോ എഡിറ്ററും റിപ്പോർട്ടറുമായ താഖി ദര്യാബി, നെമത്തുള്ള നഖ്ദി എന്നീ മാധ്യമപ്രവർത്തകർക്കാണ് അടിയേറ്റത്.

പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ ഇവരെ തട്ടിക്കൊണ്ടുപോയ താലിബാൻ വ്യത്യസ്ഥമായ മുറികളിൽ അടച്ച ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. മാധ്യമപ്രവർത്തകരാണെന്നു കരഞ്ഞുപറഞ്ഞിട്ടും പരിഗണിച്ചില്ലെന്നും കൊന്നുകളയുമെന്നാണു കരുതിയതെന്നും നെമത്തുള്ള നഖ്ദി പറഞ്ഞു. ഇത്തരത്തിൽ നിരവധി മാധ്യമപ്രവർത്തകർക്കു മർദനമേറ്റതായി റിപ്പോർട്ടുണ്ട്.

തങ്ങളുടെ മാധ്യമപ്രവർത്തകരെ താലിബാൻ തടഞ്ഞുവെന്നും പ്രതിഷേധക്കാരായ സ്ത്രീകളുടെ ചിത്രം എടുക്കുന്നതു വിലക്കിയെന്നും ലൊസാഞ്ചലസ് ടൈംസ് അറിയിച്ചു. എന്നാൽ വിദേശമാധ്യമപ്രവർത്തകരെ മർദിക്കാതെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കുകയാണ് താലിബാൻ ചെയ്തത്. ചില വിദേശമാധ്യമപ്രവർത്തകരെ തടഞ്ഞുവച്ചെങ്കിലും മർദിച്ചില്ല.