കാബൂൾ: താലിബാൻ ഭരണത്തിനെതിരെ പ്രതിഷേധവുമായി കാബൂളിലെ തെരുവിലേക്ക് ഇറങ്ങിയ വനിതകളെ ചാട്ടവാറിനടിച്ചും ക്രൂരമായി മർദ്ദിച്ചും താലിബാൻ. 'അഫ്ഗാൻ സ്ത്രീകൾ നീണാൾ വാഴട്ടെ' എന്ന മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ സ്ത്രീകളെയാണു താലിബാൻ ചാട്ട കൊണ്ട് അടിച്ചോടിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. താലിബാൻ ഭരണത്തിൽ സ്ത്രീസ്വാതന്ത്ര്യം പൂർണ്ണമായി ഹനിക്കപ്പെട്ട നിലയിലാണ്. .

'അഫ്ഗാൻ സ്ത്രീകൾ നീണാൾ വാഴട്ടെ' എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങി പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങൾ അഫ്ഗാൻ മാധ്യമപ്രവർത്തക സഹ്റ റഹിമി പങ്കുവച്ചിരുന്നു. മന്ത്രിസഭയിൽ സ്ത്രീകളെ ഉൾപ്പെടുത്താത്ത താലിബാൻ നിലപാടിനെതിരെയായിരുന്നു പ്രക്ഷോഭം.

'ഒരു സർക്കാരിനും സ്ത്രീസാന്നിധ്യം ഒഴിവാക്കാനാവില്ല', തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയിരുന്നു. ചിലയിടങ്ങളിൽ സ്ത്രീകളെ കെട്ടിടങ്ങളുടെ അടിത്തട്ടിൽ അടച്ചിട്ട താലിബാൻകാർ ചിലയിടങ്ങളിൽ ചാട്ടവാറും വടികളും കൊണ്ട് അവരെ അടിച്ചോടിക്കുകയായിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു. വീടുകളിലേക്കു മടങ്ങാനും താലിബാൻ ഭരണകൂടത്തെ അംഗീകാരിക്കാനും ആവശ്യപ്പെട്ടായിരുന്നു മർദനമെന്നു പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. സ്ത്രീകൾക്കു യാതൊരു പരിഗണനയും നൽകാത്ത ഭരണകൂടത്തെ തങ്ങൾ എന്തിനാണ് അംഗീകരിക്കുന്നതെന്ന് അവർ ചോദിച്ചു.

സ്ത്രീകൾ കൂട്ടത്തോടെ നിരത്തിലിറങ്ങി പ്രതിഷേധിച്ചത് താലിബാൻകാരെ പ്രകോപിതരാക്കിയിട്ടുണ്ട്. താലിബാൻ അധികാരമേറ്റതിനു ശേഷം നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ഇത്. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവർത്തകർക്കു നേരെയും സമാനമായ നടപടിയാണ് ഉണ്ടായത്. കൈകളിൽ ചാട്ടവാറുമായി പ്രതിഷേധക്കാരെ നേരിടാൻ തയാറായാണു താലിബാൻകാർ നിന്നതെന്ന് ലൊസാഞ്ചലസ് ടൈംസ് ലേഖകൻ മാർക്കസ് യാം പറഞ്ഞു. ഒരുഘട്ടത്തിൽ മാർക്കസിനെ കൈയേറ്റം ചെയ്യാൻ ചിലർ ശ്രമിച്ചപ്പോൾ 'വിദേശിയാണ്' എന്നു ചൂണ്ടിക്കാട്ടി ചിലർ തടഞ്ഞുവെന്നും മാർക്കസ് പറഞ്ഞു.

സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടുമെന്നു താലിബാൻ മുമ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും പുതിയ ഭരണകൂടം പ്രഖ്യാപിക്കപ്പെട്ടതോടെ ആ സാധ്യത മങ്ങിയിരിക്കുന്നുവെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അതേ നിലപാടുകൾ തന്നെ തുടരാനുള്ള സാധ്യതയാണു നിലനിൽക്കുന്നത്. അഫ്ഗാനിലെ സ്ത്രീകൾ ഭയചകിതരാണെന്ന് യുഎൻ റിപ്പോർട്ട് ചെയ്യുന്നു. പുരുഷന്മാർക്കൊപ്പമല്ലാതെ സ്ത്രീകൾ പുറത്തിറങ്ങുന്നതു പലയിടത്തും വിലക്കപ്പെട്ടിരിക്കുകയാണ്. ഇതു മൂലം ജോലിക്കു പോലും പോകാൻ കഴിയാത്ത സാഹചര്യത്തിലാണു സ്ത്രീകളെന്നും റിപ്പോർട്ടുണ്ട്.