തിരുവനന്തപുരം: സമുദായങ്ങളേക്കാൾ ഉപരി അവരുടെ നേതാക്കളുടെ സ്വകാര്യ ആവശ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പിണറായി സർക്കാർ തുടരുന്നു. നേതാക്കൾ എന്ത് അഴിമതി കാണിച്ചാലും അവർക്കെതിരേ നടപടിയോ അന്വേഷണമോ ഉണ്ടാകുന്നില്ല. ഇവർക്കെതിരേ വരുന്ന പരാതികൾ എന്തായാലും അത് സർക്കാർ സംവിധാനമുപയോഗിച്ച് ഒന്നുകിൽ അട്ടിമറിക്കും അല്ലെങ്കിൽ പൂഴ്‌ത്തി വയ്ക്കും. മൈക്രോഫിനാൻസ് കേസിലും മഹേശന്റെ ആത്മഹത്യയിലും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഒരു ചെറുവിരൽ പോലും അനക്കാത്തത് ഉദാഹരണം. തന്റെ ആത്മഹത്യയ്ക്ക് കാരണം വെള്ളാപ്പള്ളിയാണെന്ന് കുറിപ്പെഴുതി വച്ച മഹേശന് യാതൊരു നീതിയും കിട്ടിയില്ല. പൊലീസിലും കോടതിയിലും കയറി ഇറങ്ങി മടുക്കുകയാണ് ബന്ധുക്കൾ. ആത്മഹത്യാ കുറിപ്പിൽ പേരുണ്ടായിട്ടും വെള്ളാപ്പള്ളിക്കെതിരേ എഫ്ഐആർ ഇടാൻ പോലും പൊലീസ് തയാറായില്ല. ഈഴവ സമുദായത്തെയല്ല മറിച്ച് വെള്ളാപ്പള്ളി നടേശനോടാണ് സർക്കാരിന് താൽപര്യം.

ഏതാണ്ടിതേ തരം ഒരു പ്രീണനം ഓൾ ഇന്ത്യാ വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് ടിപി കുഞ്ഞുമോനോടും വെള്ളാപ്പള്ളി സർക്കാർ കാണിക്കുന്നുണ്ട്. സമുദായത്തിന് അനുവദിക്കാത്ത കോളജിന്റെ പേരിൽ ട്രസ്റ്റ് രൂപീകരിച്ച് എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായ കുഞ്ഞുമോൻ ലക്ഷങ്ങൾ പിരിച്ച് സ്വന്തം പേരിലാക്കുന്നുവെന്ന് പരാതി ഒരു വർഷം മുൻപ് ചീഫ് സെക്രട്ടറി മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് നൽകിയിരുന്നു. ചെങ്ങന്നൂർ അങ്ങാടിക്കൽ വള്ളിയിൽ വീട്ടിൽ സുനിൽ ആയിരുന്നു പരാതിക്കാരൻ. പതിമൂന്നോളം തെളിവുകൾ സഹിതമായിരുന്നു സുനിലിന്റെ പരാതി. യാതൊരു പ്രതികരണവും സർക്കാർ സംവിധാനങ്ങളിൽ നിന്നുണ്ടായില്ല. വിവിധ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ പക്ഷം ചേർന്നു നിന്നയാളാണ് കുഞ്ഞുമോൻ. എകെജി ഓഫീസിൽ നേരിട്ടു ചെന്ന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ സമുദായ സംഘടനകൾ, ട്രസ്റ്റ് എന്നിവയുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് വിലക്കുണ്ട്. ഇതൊന്നും കാര്യമാക്കാതെയാണ് കഴിഞ്ഞ 17 വർഷമായി ഇയാൾ സംഘടനാ പ്രവർത്തനം നടത്തുന്നത്. അതിന് ഇദ്ദേഹത്തിന് പ്രത്യേക അനുമതിയോ അധികാരമോ സർക്കാർ നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ പറയുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് വീരശൈവ സഭയ്ക്ക് കോട്ടയം കല്ലറയിൽ കോളജ് തുടങ്ങുന്നതിന് അനുമതി ലഭിച്ചിരുന്നു. ആ സമയത്ത് വീരശൈവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ രക്ഷാധികാരിയായി സമുദായാംഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ പിരിച്ചുവെന്ന് പരാതിയിൽ പറയുന്നു. എന്നിട്ട് കോളജിനുള്ള ശ്രമങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചു.

പിന്നെ പൊങ്ങുന്നത് രണ്ടു വർഷത്തിന് ശേഷമാണ്. പത്തനംതിട്ട കേന്ദ്രീകരിച്ച് വീരശൈവ എഡ്യുക്കേഷണൽ ആൻഡ് എംപവർമെന്റ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചാണ് അനുവദിക്കാത്ത കോളജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എന്ന് പറഞ്ഞ് ലക്ഷങ്ങൾ പിരിക്കുന്നത് എന്നാണ് പരാതി. സാമുദായിക കൂട്ടായ്മകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് ധനസമ്പാദനത്തിന് ആഹ്വാനം ചെയ്യുന്നത്. കോടികൾ ഈ വഴി സമ്പാദിച്ചുവെന്നാണ് വിവരം. ഏനാത്തിന് സമീപം ഏക്കർ കണക്കിന് ഭൂമി ഇതിന്റെ പേരിൽ വാങ്ങിക്കൂട്ടി. അവിടെ നിന്ന് മണ്ണെടുത്ത് വിൽപ്പന നടത്തിക്കൊണ്ടിരിക്കുകയാണ്. പണം നൽകിയവർ കോളജിന്റെ കാര്യം ചോദിക്കുമ്പോൾ കേരളാ യൂണിവേഴ്സിറ്റിയിൽ കോളജിന്റെ അഫിലിയേഷനായി അപേക്ഷ നൽകിയതിന്റെ പകർപ്പ് കാണിച്ച് തൃപ്തിപ്പെടുത്തും. സമുദായത്തിൽ ഒരു വിഭാഗം ഈ നടപടി ചോദ്യം ചെയ്യുന്നുമുണ്ട്. യുഡിഎഫ് സർക്കാർ സമുദായത്തിന് അനുവദിച്ച കോളജ് നഷ്ടമായി. എൽഡിഎഫ് സർക്കാർ അനുവദിച്ചിട്ടില്ല. ഉടനെ അനുവദിക്കാനുള്ള സാധ്യതയുമില്ല. കോളജ് അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദിക്കുന്നവരുണ്ട്. ഇത് കാണിക്കാൻ കുഞ്ഞുമോൻ തയാറല്ല. കൊട്ടാരക്കര വാളകം ആർവിഎച്ച്എസ്എസിലാണ് കുഞ്ഞുമോൻ ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ തട്ടിപ്പുകൾക്കെതിരായ പരാതി പൂഴ്‌ത്താൻ സ്‌കൂൾ മാനേജർ കൂടിയായ കെബി ഗണേശ്‌കുമാർ എംഎൽഎ ഒത്താശ ചെയ്യുന്നുവെന്നും പരാതിയുണ്ട്. സർക്കാരിന്റെ നവോഥാന കമ്മറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഇതും ഇടതു സർക്കാരിൽ സ്വാധീനമുണ്ടാക്കാൻ വേണ്ടിയായിരുന്നുവത്രേ. മുൻപ് സഹ അദ്ധ്യാപകന് മർദനമേറ്റ കേസിൽ ഇദ്ദേഹത്തെ നിരവധി തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. സ്വന്തം സമുദായത്തിലെ മറ്റൊരു നേതാവിനെ അപകീർത്തിപ്പെടുത്തിയതിന് മാവേലിക്കര കോടതിയിൽ കേസും നിലവിലുണ്ട്.

സർക്കാരിന് കൊടുത്ത പരാതിയിൽ ഇനി നടപടി ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്ന് സുനിൽ വള്ളിയിൽ പറയുന്നു. ഇനി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.