- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിഞ്ഞ നാല് വർഷങ്ങളിൽ പൊലീസ് തകർത്തത് 31 തീവ്രവാദ ആക്രമണ പദ്ധതികൾ; താലിബാനിലെ വിജയം പക്ഷെ തീവ്രവാദികൾക്ക് കൂടുതൽ ആവേശം പകർന്നിരിക്കുന്നു; 9/11 മാതൃകയിൽ ബ്രിട്ടനു നേരെ ഒരാക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; യുകെയിലും ജാഗ്രത
ലണ്ടൻ: ലോകമെമ്പാടുമുള്ള ഇസ്ലാമിക തീവ്രവാദികൾ താലിബാന്റെ വിജയം ഒരു ആഘോഷമാക്കുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എം 15 നൽകുന്നത്. കഴിഞ്ഞ നാല് വർഷങ്ങളിൽ ബ്രിട്ടനെ ആക്രമിക്കാൻ തീവ്രാവാദികൾ പദ്ധതിയിട്ടത് 31 തവണ. ഏതാണ്ട് അന്ത്യഘട്ടത്തോട് അടുത്തെത്തിയ ഈ പദ്ധതികളെല്ലാം തന്നെ തകർക്കുവാൻ കഴിഞ്ഞെന്നു എം 15 വക്താക്കൾ അവകാശപ്പെടുന്നു. ഏറ്റവും ഭീതിദമായ കാര്യം ഇതിൽ ആറ് പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത് കോവിഡ് പ്രതിസന്ധി ഘട്ടത്തിലായിരുന്നു എന്നതാണ്.
എന്നാൽ, ശാശ്വതമായി തീവ്രവാദി ഗ്രൂപ്പുകളെ ഇല്ലാതെയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ വീണ്ടും ഒത്തുചേരുവാൻ ഇടയുണ്ടെന്നും എം 15 മേധാവി കെൻ മെക്കലം മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ ആധുനികമായ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാനായിരിക്കും ഇനിയുള്ള അവരുടെ ശ്രമമെന്ന് പറഞ്ഞ മെക്കലം ഏതു നിമിഷവും ബ്രിട്ടന് നേരെ അമേരിക്കയിൽ നടന്ന 9/11 ആക്രമണത്തിന് സമാനമായ രീതിയിലൊരു ആക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പ് നൽകുന്നു.
അഫ്ഗാനിൽ താലിബാന്റെ തിരിച്ചു വരവ് തീവ്രവാദികൾക്ക് പുതിയൊരു ഊർജ്ജം പകർന്നിട്ടുണ്ട്. പൊലീസ് തകർത്ത ഭീകരാക്രമണ പദ്ധതികളിൽ രണ്ടെണ്ണം നടന്നത് കഴിഞ്ഞ രണ്ട് ആഴ്‌ച്ചകളിലായിട്ടായിരുന്നു എന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു. ഏഴ് വിമാനങ്ങൾക്ക് നേരെ ദ്രാവക സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്തുവാൻ ഹീത്രൂവിൽ 2006-ൽ നടന്ന സംഭവത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, അതേയളവിലുള്ള ആക്രമണങ്ങൾക്ക് ഇനി സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 2 പതിറ്റാണ്ടുകളായി തീവ്രവാദികളെ ചെറുക്കാൻ നടത്തുന്ന ശ്രമങ്ങൾ അത്തരം വലിയ ആക്രമണങ്ങൾ ഒഴിവാക്കുവാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ നടന്ന 9/11 ആക്രമണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് ബി ബി സി റേഡിയോ 4 ൽ സംസാരിക്കവേയാണ് രഹസ്യാന്വേഷണ ഏജൻസി തലവൻ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്. നിലവിൽ ഏറ്റവുംഅധികം ആക്രമണത്തിനു സാധ്യത അഫ്ഗാൻ തീവ്രവാദികളിൽ നിന്നാണെന്നു പറഞ്ഞ അദ്ദേഹം അവിടത്തെ പുതിയ സംഭവവികാസങ്ങൾ തീവ്രവാദികൾക്ക് പ്രചോദനമായിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
ഒരുവശത്ത് ഇസ്ലാമിക തീവ്രവാദത്തിൽ നിന്നുള്ള ഭീഷണി വർദ്ധിച്ചുവരുമ്പോൾ മറുഭാഗത്ത് വലതുപക്ഷ തീവ്രവാദത്തിനും ശക്തിയേറുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദത്തിനു ബദലായിട്ടാണ് ബ്രിട്ടനിലെ വലതുപക്ഷം ശക്തിപ്രാപിക്കുന്നത്. തങ്ങളുടെ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കുവാൻ ഏതറ്റം വരെ പോകാനും തയ്യാറായിട്ടാണ് വലതുപക്ഷം ഇപ്പോൾ നിലകൊള്ളുന്നത്.
അതിനിടയിൽ, മുൻ ബ്രിട്ടീഷ് സൈന്യാധിപൻ ജനറൽ ലോർഡ് റിച്ചാർഡ്സും 9/11 മാതൃകയിലുള്ള ആക്രമണത്തിനെതിരെ മുന്നറിയിപ്പുമായി ഇന്നലെ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ തീവ്രവാദികളുടെ വിളനിലമായി മാറ്റുകയാണെങ്കിൽ താലിബാനെതിരെ കർശന നിലപാടെടുക്കണമെന്ന് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറും ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ