തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശനപരീക്ഷ 'നീറ്റ്-യു.ജി' പരീക്ഷ പൂർത്തിയായി. രാജ്യത്തെയും കുവൈത്ത്, ദുബൈ എന്നിവിടങ്ങളിലെയും 202 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 16.1 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. കേരളത്തിൽ 13 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിൽ 325 പരീക്ഷകേന്ദ്രങ്ങളിൽ 1,16,010 പേരാണ് എഴുതിയത്.

മൂന്ന് മണിക്കൂർ നീണ്ട ഒ.എം.ആർ പരീക്ഷയിൽ ഫിസിക്‌സ് ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ കുഴപ്പിച്ചുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കെമിസ്ട്രി ചോദ്യങ്ങൾ ശരാശരിയും ബയോളജി ചോദ്യങ്ങൾ എളുപ്പവുമായിരുെന്നന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഉച്ചക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെ നടന്ന പരീക്ഷക്ക് 11 മണി മുതൽ ഒന്നര വരെയാണ് ഹാളിേലക്ക് പ്രവേശനം അനുവദിച്ചത്.

കോവിഡ് ബാധിതർക്ക് പി.പി.ഇ കിറ്റിൽ പ്രത്യേക ഹാളിൽ പരീക്ഷയെഴുതാൻ അവസരമൊരുക്കിയിരുന്നു. ക്വാറന്റീനിലുള്ളവർക്കും കെണ്ടയ്ന്മെന്റ് സോണിൽ നിന്നുള്ളവർക്കും വെവ്വേറെ പരീക്ഷാസൗകര്യമൊരുക്കി. ഇതാദ്യമായി ഇത്തവണ മലയാളത്തിലും ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കോവിഡ് സാഹചര്യത്തിൽ ബെഞ്ചിൽ ഒരാൾ എന്ന രീതിയിൽ ഹാളിൽ 12 വിദ്യാർത്ഥികൾക്കാണ് ഇരിപ്പിടം ഒരുക്കിയത്. പരീക്ഷ േകന്ദ്രത്തിൽ പ്രവേശിക്കുന്നത് മുതൽ പുറത്തിറങ്ങുന്നത് വരെ സാമൂഹിക അകലം ഉൾപ്പെടെയുള്ളവ പാലിക്കാൻ കർശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമാണ് ഒരുക്കിയിരുന്നത്. തിരുവനന്തപുരത്ത് ഉൾപ്പെടെ ചില പരീക്ഷകേന്ദ്രങ്ങൾക്ക് സമീപം രക്ഷിതാക്കൾ തടിച്ചുകൂടിയത് തിരക്കിനിടയാക്കി.

പരീക്ഷാർഥികൾ ഉത്തരം രേഖപ്പെടുത്തിയ ഒ.എം.ആർ ഷീറ്റ് https://neet.nta.nic.in// വെബ്‌സൈറ്റ് വഴി കാണാനും ഡൗൺലോഡ് ചെയ്യാനും അവസരമൊരുക്കും. ഇതിനുള്ള സമയം വെബ്‌സൈറ്റിലൂടെ അറിയിക്കും. ഉത്തരസൂചികയും വൈകാതെ പ്രസിദ്ധീകരിക്കും. ഉത്തരസൂചികയിൽ അപാകതയുണ്ടെങ്കിൽ ചോദ്യത്തിന് 200 രൂപയടച്ച് അപേക്ഷ നൽകാം. ഇതിന് ശേഷമായിരിക്കും മൂല്യനിർണയം പൂർത്തിയാക്കി റാങ്ക് പ്രസിദ്ധീകരിക്കുക.

ഒക്ടോബറിൽ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ ഒഴികെയുള്ള മുഴുവൻ മെഡിക്കൽ, ഡെന്റൽ സീറ്റുകളിലേക്കും അനുബന്ധ കോഴ്‌സുകളിലേക്കും സംസ്ഥാന റാങ്ക് പട്ടിക അനുസരിച്ചായിരിക്കും പ്രവേശനം. അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് കേന്ദ്രസർക്കാറിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി(എം.സി.സി) യാണ് അലോട്ട്‌മെന്റ് നടത്തുക