കൊല്ലം: അന്തരിച്ച കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബുവിന്റെ (ജി.മുകുന്ദൻ പിള്ള 79) സംസ്‌ക്കാരം തേവലക്കര കോയിവിള ആമ്പാടിയിൽ (ശിവം) വീട്ടുവളപ്പിൽ നടത്തി. ഇന്നലെ രാവിലെ 6.30ന് സ്വവസതിയിലായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടിലേറെ കഥാപ്രസംഗരംഗത്തു നിറഞ്ഞുനിന്ന ബാബു വിദേശങ്ങളിലടക്കം പതിനയ്യായിരത്തോളം വേദികളിൽ കഥ പറഞ്ഞിട്ടുണ്ട്.

13-ാം വയസ്സിൽ അമച്വർ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണു കലാരംഗത്തേക്കു കടന്നത്. 1959ൽ നീലസാരി എന്ന കഥ അവതരിപ്പിച്ചു കൊണ്ടാണു കഥാപ്രസംഗത്തിനു തുടക്കം. പിന്നീട് കഥാപ്രസംഗം വിട്ട് കൊല്ലം യവന നാടകസമിതി രൂപീകരിച്ചു. നാടകങ്ങൾ സംവിധാനം ചെയ്തു. ഗവ.പ്രസിലെ ജോലി രാജിവച്ചാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. കഥാപ്രസംഗത്തിനു സംഗീതനാടക അക്കാദമി പ്രഥമ പുരസ്‌കാരം 1979ൽ ലഭിച്ചു. കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥിക ശ്രേഷ്ഠ അവാർഡ് (2010), സമഗ്ര സംഭാവനാ പുരസ്‌കാരം (2012) തുടങ്ങിയവ ലഭിച്ചു.

ഭാര്യ: സി.എൻ.കൃഷ്ണമ്മ. മക്കൾ: എം.കല്യാൺ കൃഷ്ണൻ (സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, തിരുവനന്തപുരം), ആരതി രാജീവ് (എടത്തല പഞ്ചായത്ത്), എം.ഹരികൃഷ്ണൻ (അയർലൻഡ്). മരുമക്കൾ: പി.എസ്.രാജീവ് (റിട്ട. ചീഫ് മാനേജർ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്), എം.ആർ.ഹരിപ്രിയ (എസ്‌ബിഐ, കരുനാഗപ്പള്ളി), കീർത്തി ഹരികൃഷ്ണൻ (അയർലൻഡ്).