തൃശൂർ: മമ്മൂട്ടിയുടെ ആരാധകൻ 'മമ്മൂട്ടി സുബ്രൻ' അന്തരിച്ചു. മമ്മൂട്ടിയോടുള്ള ആരാധന കൊണ്ട് മമ്മൂട്ടി സുബ്രൻ എന്ന് അറിയപ്പെടുന്ന ചുമട്ടുതൊഴിലാളി ശങ്കരംകുളങ്ങര വടാശേരി സുബ്രഹ്മണ്യനാണ് (50) മരിച്ചത്.

ശങ്കരംകുളങ്ങരയിലെ കുളത്തിനു സമീപം ശനിയാഴ്ച രാത്രി അവശനിലയിൽ കണ്ടെത്തിയ സുബ്രനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യണമെന്നായിരുന്നു സുബ്രന്റെ ആഗ്രഹം. ഇതിനായി സമ്മാനം ലഭിക്കണമെന്ന ലക്ഷ്യത്തോടെ സുബ്രൻ ലോട്ടറി എടുക്കുന്ന വിവരം മമ്മൂട്ടിയുടെയും ശ്രദ്ധയിൽപെട്ടിരുന്നു. 16 ലക്ഷത്തോളം രൂപയ്ക്ക് ലോട്ടറി എടുത്തു കഴിഞ്ഞതായാണ് സുബ്രൻ പറഞ്ഞിരുന്നത്.

വർഷങ്ങളായി പരിചയമുണ്ടായിരുന്ന സുബ്രന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ''വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി. എന്നോടുള്ള ഇഷ്ടംകൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രൻ എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആകുന്നു. ആദരാഞ്ജലികൾ'' മമ്മൂട്ടി കുറിച്ചു.

ഇഷ്ടതാരത്തിന്റെ വീട് സന്ദർശിച്ചതുൾപ്പെടെ മമ്മൂട്ടിയോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ മറക്കാനാവാത്ത മുഹൂർത്തങ്ങളായി സുബ്രൻ മനസ്സിൽ കൊണ്ടുനടന്നിരുന്നു. തന്നെ കാണാൻ സിനിമാ സെറ്റിലെത്തിയ സുബ്രന് മമ്മൂട്ടി ഇരുചക്ര വാഹനം സമ്മാനമായി നൽകുകയും ചെയ്തിരുന്നു. സംസ്‌കാരം ഇന്നു ലാലൂർ ശ്മശാനത്തിൽ