തൃശൂർ: മുറിക്കും മുമ്പ് ചലന ശേഷിയില്ലാത്ത കാൽ പാദവുമായി ഇന്ത്യൻ പര്യടനം നടത്തി മലയാളിയായ അഷ്‌റഫ്. കാൽ മുറിക്കണമെന്നു ഡോക്ടർമാർ പലതവണ നിർദ്ദേശിച്ചെങ്കിലും ആ കാലുമായി സൈക്കിളിൽ ഇന്ത്യൻ പര്യടനം നടത്തണമെന്നായിരുന്നു അഷ്‌റഫിന്റെ മോഹം. ഒടുവിൽ ചലനശേഷിയില്ലാത്ത വലതു കാൽപത്തിയുമായി കേരളത്തിൽ നിന്നു 4200 കിലോമീറ്റർ സൈക്കിൾ ചവിട്ടി ലഡാക്കിലെ ഖർദുംഗല എന്ന തന്റെ ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. 'ഇനി നാട്ടിലെത്തിയാൽ മുറിച്ചു മാറ്റി നല്ലൊരു കൃത്രിമക്കാൽ വയ്ക്കും' അഷ്‌റഫ് പറയുന്നു.

വടക്കാഞ്ചേരി പാർളിക്കാട് തെക്കേപ്പുറത്തുവളപ്പിൽ മുഹമ്മദ് അഷ്‌റഫാണ് അപകടത്തിൽ അറ്റുപോയതിനാൽ തുന്നിച്ചേർത്ത കാൽപാദവുമായി കേരളത്തിൽ നിന്ന് ലഡാക്ക് വരെ സൈക്കിൾ ചവിട്ടി പോയത്. വലതു കാലിന്റെ പത്തിക്ക് തീരേ ചലന ശേഷി ഇല്ല. 2017 ഓഗസ്റ്റ് 27നുണ്ടായ അപകടമാണു വലതുകാൽപാദം തകർത്തത്. അന്നേ ലഡാക്ക് യാത്ര അഷ്‌റഫിന്റെ മനസ്സിലുണ്ട്. രണ്ട് തവണ കോവിഡ്, ശക്തമായ ആസ്മ, ന്യൂമോണിയ ഇവയെല്ലാം അതിജീവിച്ചായിരുന്നു യാത്ര.

കാൽ മുറിക്കരുതെന്നു ഡോക്ടറോട് അഷ്‌റഫ് തന്നെ അഭ്യർത്ഥിക്കുകയായിരുന്നു. പല ശസ്ത്രക്രിയ നടത്തിയശേഷം കാൽ ഏകദേശരൂപം പ്രാപിച്ചു. പക്ഷേ, അധികദൂരം നടക്കാൻ പറ്റില്ല. സഞ്ചരിക്കാൻ സൈക്കിൾ ആയി ആശ്രയം. ഊട്ടി, കൊടൈക്കനാൽ മലകൾ ചവിട്ടിക്കയറി ആത്മവിശ്വാസം നേടി. ആറുമാസം മുൻപു കാൽ വീണ്ടും പ്രശ്‌നമായി. ഒരു അസ്ഥി തൊലിതുളച്ചു പുറത്തു വരുന്ന സ്ഥിതിയായി. അന്നും കാൽ മുറിക്കാനായിരുന്നു ഡോക്ടർമാരുടെ ഉപദേശം.

പക്ഷേ, സുഖം പ്രാപിച്ചയുടൻ അഷ്‌റഫ് സൈക്കിളിൽ ഇന്ത്യൻ പര്യടനം തുടങ്ങി. മുത്തു വ്‌ലോഗ്‌സ് എന്ന യുട്യൂബ് ചാനലിലൂടെ യാത്ര രേഖയാക്കി. ജൂലൈ 19നു തൃശൂർ വടക്കുന്നാഥൻ ക്ഷേത്രമുറ്റത്തു നിന്നു യാത്ര തുടങ്ങിയ അഷ്‌റഫ് ഓഗസ്റ്റ് 30നാണു ജമ്മുവിൽ എത്തിയത്. അവിടെ നിന്നു 12 ദിവസം കൊണ്ട് ലഡാക്കിലെ ഖർദുംഗലാ പാസിലെത്തി. (17,982 അടി ഉയരം). സൈക്കിളിൽത്തന്നെ തിരിച്ചു കേരളത്തിലെത്തും.