- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സിൻ പാസ്പോർട്ടും വിദേശത്തു നിന്നും വരുന്നവർക്കുള്ള പിസിആർ ടെസ്റ്റും ഉപേക്ഷിക്കാൻ നീക്കം; ജനങ്ങളുടെ നീറുന്ന പ്രതിഷേധം മാറി ചിന്തിക്കാൻ കാരണമായി; വീണ്ടും ചരിത്രപരമായ നീക്കവുമായി ബ്രിട്ടൻ; കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്കും കണ്ടുപഠിക്കാൻ മാതൃക
ലണ്ടൻ: കഴിഞ്ഞ ഡിസംബറിൽ ലോകത്തിനായി കോവിഡ് വാക്‌സിൻ പുറത്തിറക്കുമ്പോൾ ബ്രിട്ടൻ നൽകിയ ഒരു സന്ദേശമുണ്ട്, കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ എന്നും മുൻ നിരയിൽ തന്നെ ഉണ്ടാകും എന്ന സന്ദേശം. വീണ്ടും ജൂലൈ 19 രാജ്യം കോവിഡ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോഴും ലോകത്തിനായി ബ്രിട്ടന്റെ കൈവശം ഒരു സന്ദേശം ഉണ്ടായിരുന്നു, ഇനിയുള്ള കാലം ജീവിതം കോവിഡിന് ഒപ്പം ആണെന്ന സന്ദേശം
കോവിഡ് ആഞ്ഞടിച്ച 2020 മാർച്ച് - ഏപ്രിൽ മാസങ്ങളിൽ പകച്ചു നിന്ന് പോയ ബ്രിട്ടൻ പിന്നീടുള്ള ഓരോ ഘട്ടത്തിലും ലോകത്തിനായി പകർത്താൻ മാതൃകകൾ സമ്മാനിച്ചാണ് മുന്നോട്ടു നീങ്ങിയത്. ഈ മാതൃക ലോക്ക്ഡൗൺ പ്രഖ്യാപനത്തിലും രോഗികളുടെ ഐസലേഷനിലും എന്തിനേറെ കോവിഡ് മൃതദേഹ സംസ്‌കാരത്തിൽ വരെ ലോകത്തിനുള്ള സന്ദേശങ്ങളായി മാറിയിരിക്കുകയാണ്.
ഇപ്പോൾ ഇക്കൂട്ടത്തിൽ രണ്ടു കാര്യങ്ങളിൽ കൂടി ചരിത്രപരമായ തീരുമാനമെടുത്തു മുന്നോട്ടു പോകുകയാണ് ബ്രിട്ടൻ. ലോക ജനതയെ രണ്ടായി വിഭജിക്കുന്നു എന്ന ആക്ഷേപം കേട്ട കോവിഡ് വാക്‌സിന്റെ കാര്യത്തിലാണ് ആദ്യ നിർണായക തീരുമാനം. വാക്‌സിൻ എടുത്തവർക്കു പ്രത്യേക പരിഗണന നൽകുന്ന കോവിഡ് വാക്‌സിൻ പാസ്‌പോർട്ട് എന്ന ആശയം തന്നെ വേണ്ടെന്നു വയ്ക്കാൻ ഉള്ള ആലോചനയിലാണ് ബ്രിട്ടൻ.
അടുത്തെത്തിയ ശൈത്യകാലത്തു കോവിഡ് വീണ്ടും ആഞ്ഞടിക്കും എന്ന ഭയത്തിൽ ആൾക്കൂട്ടം ഉണ്ടാകുന്നിടങ്ങളിൽ വാക്‌സിൻ പാസ്‌പോർട്ട് ഉള്ളവർക്ക് മാത്രം പ്രവേശനം എന്ന ആശയമാണ് ബ്രിട്ടൻ വേണ്ടെന്നു വയ്ക്കുന്നത്. കോവിഡിന്റെ പേരിൽ ജനങ്ങളെ തരം തിരിക്കുന്നത് ശരിയല്ല എന്ന ചിന്തയ്ക്കാണ് ബ്രിട്ടൻ ഇതിലൂടെ ലോകത്തിനു മുന്നിൽ സ്വയം സന്ദേശമായി മാറുന്നത്.
ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലേക്ക്
കോവിഡ് പോരാട്ടത്തിൽ ബ്രിട്ടൻ സ്വീകരിച്ച മറ്റൊരു മുന്നൊരുക്കം കൂടി ഉടൻ ഇല്ലാതാകും എന്ന സൂചനയാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് ഇന്നലെ നൽകിയിരിക്കുന്നത്. വിദേശത്തു നിന്നും എത്തുന്നവർ പിസിആർ ടെസ്റ്റ് നടത്തി കോവിഡ് പോസിറ്റീവ് അല്ലെന്നു സ്വയം തെളിയിക്കേണ്ട ബാധ്യതയിൽ നിന്നും ഒഴിവാക്കുന്ന നയമാണ് ബ്രിട്ടൻ ഉടൻ പ്രഖ്യാപിക്കാനിരിക്കുന്നത്.
തട്ടുകട പോലെ മുളച്ചു പൊന്തിയ ഇത്തരം പരിശോധന കേന്ദ്രങ്ങൾ വെറും പണം പിടുങ്ങി സ്ഥാപനങ്ങൾ ആണെന്ന വിമർശം ശക്തമായപ്പോഴാണ് ഇക്കാര്യത്തിൽ സർക്കാർ വീണ്ടു വിചാരത്തിനു തയ്യാറായതെന്നത് പ്രത്യേകതയാണ്. ഇന്ത്യയിൽ വെറും 500 രൂപയ്ക്കു നടത്തുന്ന പിസിആർ ടെസ്റ്റിന് ബ്രിട്ടനിലെ പല കമ്പനികളും വാങ്ങുന്നത് 100 പൗണ്ടിന് മുകളിലാണ്. മാത്രമല്ല യാത്ര ചെയ്യേണ്ട ഘട്ടത്തിൽ എൻഎച്ച്എസ് നൽകുന്ന സർട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നും സ്വകാര്യ കമ്പനികളുടെ സർട്ടിഫിക്കറ്റ് ആണ് മാനദണ്ഡം എന്നുമുള്ള തീരുമാനവും ഞെട്ടലോടെയാണ് ബ്രിട്ടീഷ് ജനത ഉൾക്കൊണ്ടത്.
ഇതിന്റെ യുക്തിയെ പല തലങ്ങളിൽ ചോദ്യം ചെയ്തിരുന്നെങ്കിലും വഴങ്ങാൻ സർക്കാർ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ വിമർശനത്തിൽ കഴമ്പുണ്ട് എന്ന തിരിച്ചറിവാണ് ഇപ്പോൾ രണ്ടു കാര്യങ്ങളിലും മാറി ചിന്തിക്കാൻ സർക്കാരിന് പ്രേരണ നൽകിയത് എന്ന് വ്യക്തം. ഒരു പക്ഷെ ഇതേ പ്രയാസങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ജനങ്ങൾ നേരിടുന്നുണ്ട് എന്ന കാരണത്താൽ ബ്രിട്ടൻ എടുക്കുന്ന ചരിത്രപരമായ ഇത്തരം തീരുമാനങ്ങൾ ലോകത്തിനു തന്നെ മുന്നോട്ടുള്ള വഴിയായി മാറപ്പെട്ടേക്കാം.
കോവിഡ് പോരാട്ടത്തിൽ സംഭവിക്കുന്ന ചെറിയ പിഴവിന് പോലും വലിയ വില നൽകേണ്ടതുണ്ട് എന്നതിനാൽ കാര്യങ്ങൾ പഠിച്ചു അതിന്റെ ശാസ്ത്രീയതയിൽ ഊന്നൽ നൽകി എടുക്കുന്ന തീരുമാനങ്ങൾ എന്നതുകൊണ്ട് കൂടിയാണ് ബ്രിട്ടനെ പോലെയുള്ള രാജ്യങ്ങളുടെ തീരുമാനങ്ങൾക്ക് ലോകം മറ്റാരേക്കാളും വില കൽപ്പിക്കുന്നത്.
ലോകത്തിനുള്ള സന്ദേശം
ഈ സാഹചര്യത്തിലാണ് കോവിഡ് പാസ്‌പോർട്ട്, പിസിആർ ടെസ്റ്റ് എന്നീ രണ്ടു കാര്യങ്ങളിലും ബ്രിട്ടന്റെ പുതിയ നിലപാടുകൾക്ക് ലോകം കൂടുതലായി ചെവി നൽകാൻ ഇടയുള്ളതും. രണ്ടു കാര്യങ്ങളും സാധിക്കുന്നത്ര വേഗത്തിൽ നടപ്പിലാക്കും എന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി പറയുമ്പോൾ സന്ദേശം വ്യക്തമാണ്, അനാവശ്യമെന്നു ബോധ്യപ്പെട്ടാൽ ഇമേജ് നോക്കാതെ തീരുമാനം എടുക്കാൻ ഒരു മടിയും ഇല്ലാത്തവരാണ് ബ്രിട്ടീഷ് ഭരണ നേതൃത്വം എന്ന കാര്യം കൂടിയാണ് ഇതിലൂടെ ലോക നേതാക്കൾക്ക് ബ്രിട്ടൻ നൽകാൻ ഉദ്ദേശിക്കുന്നതും. വിദേശ യാത്ര നടത്തി എന്നതുകൊണ്ട് ഒരു കുടുംബവും കോവിഡിന്റെ പേരിൽ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടാൻ പാടില്ല എന്നാണ് സാജിദ് ജാവേദ് പറയുന്നത്.
യുകെയിൽ നിന്നും കേരളത്തിൽ കഴിഞ്ഞ വർഷം സന്ദർശനത്തിന് എത്തിയ മലയാളികൾക്ക് ക്വാറന്റീന് ഹോട്ടലിൽ കഴിയേണ്ടി വന്നപ്പോഴും പിസിആർ ടെസ്റ്റ് റിസൾട്ട് എത്തുന്നതിനുള്ള കാത്തിരിപ്പു സമയവും ചിലവേറിയ ഹോട്ടലുകളിൽ തങ്ങേണ്ടി വന്നുവെന്ന ആക്ഷേപം അടക്കമുള്ള കാര്യങ്ങൾ ഇതിനോട് കൂട്ടിവായിക്കപ്പെടേണ്ടതുമാണ്. ഇത്തരം കാര്യങ്ങളിൽ പരാതി ഉയർന്നപ്പോഴൊക്കെ മറുപടി നൽകാൻ പോലും ഉത്തരവാദിത്വപ്പെട്ടവർ രംഗത്ത് വന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഒടുവിൽ വ്യാപനം കൈവിട്ടപ്പോൾ മാത്രമാണ് ഇത്തരം നീക്കങ്ങളിൽ നിന്നും കേരളം അടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ പിന്നോക്കം പോയതും. എന്നാൽ ഇന്ത്യയിൽ നിന്നും യുകെയിൽ മടങ്ങി എത്തുമ്പോൾ ഹോട്ടലിൽ കഴിയുന്നത് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നു എന്ന് ഇന്ത്യൻ സർക്കാർ നേരിട്ട് ബ്രിട്ടനെ ബോധ്യപ്പെടുത്തിയപ്പോൾ ഇന്ത്യയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുന്നു എന്ന് ഉറപ്പാക്കിയ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് ഇന്ത്യയെ മാറ്റിയതും തീരുമാനങ്ങൾ ജനങ്ങൾക്ക് ഭാരമാകാൻ പാടില്ല എന്ന നയത്തിന്റെ ചുവടു പറ്റി തന്നെ ആയിരുന്നു.
ചിറകു മുളയ്ക്കുന്ന പ്രതീക്ഷകൾ
എന്നാൽ ഏതു തീരുമാനവും ഘട്ടം ഘട്ടമായേ നടപ്പാക്കാനാകൂ എന്നും ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർക്കുന്നുണ്ട്. അടുത്ത മാസം മുതൽ ട്രാവൽ ട്രാഫിക് സിസ്റ്റം തന്നെ ഇല്ലാതാക്കിയേക്കും എന്ന സൂചന കൂടി പുറത്തു വരുമ്പോൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ പോയി മടങ്ങി എത്തുന്നവരെയും പിസിആർ ടെസ്റ്റിൽ നിന്നും ഒഴിവാക്കുമോ എന്ന കാര്യവും സർക്കാരിന്റെ പ്രഖ്യാപനത്തിനു ശേഷം മാത്രമേ അറിയാനാകൂ.
പതിനായിരക്കണക്കിന് ബ്രിട്ടീഷ് ഇന്ത്യൻ വംശജരും ഇന്ത്യൻ വിദ്യാർത്ഥികളും ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയെ ഓരോ തീരുമാനം എടുക്കുമ്പോഴും ബ്രിട്ടൻ പ്രത്യേക പരിഗണനയോടെ കണക്കിലെടുക്കും എന്ന പ്രതീക്ഷ ഏവരിലുമുണ്ട്. ഇക്കാര്യത്തിൽ ഓരോ ഘട്ടത്തിലും ബ്രിട്ടനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഇന്ത്യൻ സർക്കാർ ലണ്ടൻ ഹൈ കമ്മീഷൻ ഓഫിസിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ അതിന്റെ ഗുണഫലം യുകെ മലയാളികളെ തേടിയും എത്താതിരിക്കില്ല എന്ന പ്രതീക്ഷയാണ് ഇപ്പോൾ ശക്തമാകുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.