കാബൂൾ: താലിബാൻ കാബൂൾ പിടിക്കുമെന്നായതോടെ ജീവനും കൊണ്ട് ഉസ്ബക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ട അഫ്ഗാൻ പൈലറ്റുമാർ ഇപ്പോൾ കടുത്ത ഭീതിയിലാണ്. ഉസ്ബക്ക് ക്യാമ്പുകളിൽ കഴിയുന്ന തങ്ങളെ തിരികെ അഫ്ഗാനിസ്ഥാനിലേക്ക് അയയ്ക്കുമോ എന്നാണ് ഇവരുടെ പേടി. അങ്ങനെ തിരിച്ചുപോയാൽ, താലിബാൻ തങ്ങളുടെ തല കൊയ്യുമെന്നും അവർക്ക് ആധിയുണ്ട്. പ്രതികാരം ചെയ്യില്ല എന്നൊക്കെ താലിബാൻ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും മുഖവിലയ്ക്ക് എടുക്കാനാവില്ല.

ഇതിനൊപ്പം. ഉസ്ബക്കിസ്ഥാനിലേക്ക് മാറ്റിയ എ-29 ലൈറ്റ് അറ്റാക്ക് വിമാനങ്ങളും, യുഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളും അടക്കം 46 പോർ വിമാനങ്ങൾ എന്തുചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല. വിമാനങ്ങളും, വൈമാനികരെയും കൈമാറാൻ വേണ്ടി താലിബാൻ ഉസ്ബക്കിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തി വരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ഉസ്ബക്ക് ക്യാമ്പിൽ, ഒരുമാസമായി വേവലാതി പൂണ്ട് കഴിയുന്ന അമേരിക്കൻ പരിശീലനം കിട്ടിയ പൈലറ്റുമാരും, മറ്റുജീവനക്കാരും ഞായറാഴ്ച മുതൽ രാജ്യം വിടാൻ തുടങ്ങി. അമേരിക്കയുമായി ഉള്ള ധാരണപ്രകാരമാണിത്.ആദ്യസംഘം ആദ്യം യുഎഇയിലേക്ക് പോകുമെന്നാണ് വിവരം. പിന്നീട് യുഎസിലേക്കും. പലഘട്ടങ്ങളിലായി ആയിരിക്കും ഇവരെ മാറ്റുക. ടെർമെസ് നഗരത്തിനടുത്തുള്ള ഉസ്ബെക്ക് ക്യാംപിൽ പൈലറ്റുമാർ തടവുകാരെപ്പോലെയാണു കഴിഞ്ഞിരുന്നത്. ഇവർക്ക് മതിയായ ഭക്ഷണമോ, മരുന്നുകളോ കിട്ടിയിരുന്നില്ല. സഞ്ചാര സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല.

പോർവിമാനങ്ങൾ താലിബാന് തിരിച്ചുനൽകില്ലെന്നും അവ യുഎസിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകുമെന്നും ആണ് താൻ കരുതുന്നതെന്ന് ഉസ്ബക്കിസ്ഥാനിലെ മുൻ അംബാസഡർ ജോൺ ഹെർബ്‌സ്റ്റ് പറഞ്ഞു. ഉസ്ബക്ക് സാഹചര്യത്തെ കുറിച്ച് താലിബാൻ പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉസ്ബക്കിസ്ഥാനിലേക്ക് പോയ മുൻ സൈനികരെ രാജ്യത്തിന്റെ പുതിയ ഔദ്യോഗിക സേനയിൽ ചേരാൻ ഔദ്യോഗികമായി ക്ഷണിക്കുമെന്നും അവരെ ഉപദ്രവിക്കില്ലെന്നുമാണ് താലിബാൻ ഭരണകൂടം പറയുന്നത്. എന്നാൽ, അത് പൊള്ളയായ വാഗ്ദാനമാണെന്ന് അഫ്ഗാൻ പൈലറ്റുകൾ കരുതുന്നു. താലിബാൻ ഭരണം പിടിക്കും മുമ്പ് തന്നെ യുഎസ് പരിശീലനം കിട്ടിയ ഇംഗ്ലീഷ് സംസാരിക്കുന്ന പൈലറ്റുമാരെ അവർ ലക്ഷ്യമിട്ടിരുന്നു. പല പൈലറ്റുമാരെയും തേടിപ്പിടിച്ച് വകവരുത്തിയിരുന്നു.

ഒരാഴ്ച മുമ്പ് അഫ്ഗാനികളുടെ ബയോമെട്രിക് രേഖകൾ എടുക്കാൻ യുഎസ് അധികൃതർ വന്നതോടെയാണ് പൈലറ്റുമാരുടെ പ്രതീക്ഷ ഉണർന്നത്. പലരും ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് ഉസ്ബക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടത്.