തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം സൃഷ്ടിച്ച കോളിളക്കത്തിന്റെ അലയൊലികൾ തുടരുകയാണ്. പരസ്പരം കടിച്ചുകീറുകയാണ്, പൊതുസമൂഹത്തിലും സോഷ്യൽ മീഡിയയിലും രാഷ്ട്രീയ കക്ഷികളും വിഷയത്തിൽ തൽപരരും. അതേസമയം, കഴിഞ്ഞ രണ്ടുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് കൂടുതൽ മതംമാറ്റം നടക്കുന്നത് ഹിന്ദുമതത്തിലേക്ക് ആണെന്ന് ഔദ്യോഗിക കണക്കുകൾ. സർക്കാർ ഗസറ്റിലെ വിവരങ്ങൾ ആധാരമാക്കി കഴിഞ്ഞ വർഷത്തെ കണക്കുകൾ ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസും ഈ വർഷം ഏഷ്യാനെറ്റ് ന്യൂസുമാണ് വിശകലനം ചെയ്ത് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. പൊതുധാരണയ്ക്ക് വിരുദ്ധമാണ് കണക്കുകളിലെ വിവരങ്ങൾ.

സംസ്ഥാനത്ത് 2021 ജനുവരി മാസം മുതൽ ജൂലൈ മാസാവസാനം വരെ നടന്ന മതംമാറ്റങ്ങളിൽ, ക്രിസ്തുമതം ഉപേക്ഷിച്ചവർ അധികവും പോയത് ഹിന്ദുമതത്തിലേക്കാണ്. ഇതിൽ തന്നെ ബഹുഭൂരിപക്ഷവും ദളിത് ക്രൈസ്തവരാണ്. 2020 ലെ പോലെ തന്നെ 2021 ലും ഹിന്ദുമതത്തിലേക്കാണ് കൂടുതൽ മതംമാറ്റം നടന്നിട്ടുള്ളത്. 2021 ജനുവരി മുതൽ ജൂലൈ അവസാനം വരെ മതംമാറിയവരിൽ 181 ആൾക്കാർ ഹിന്ദുമതത്തിലേക്കാണ് പോയത്. ക്രിസ്തു മതത്തിൽ നിന്നും ഇസ്ലാം മതത്തിൽ നിന്നുമാണ് ഇത്രയും പേർ ഹിന്ദുമതത്തിലേക്ക് പോയത്. ഇതിൽ തന്നെ 166 പേർ ക്രിസ്തു മതം വിട്ടുപോയവരാണ്. 15 പേരാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് പോയത്.

ആകെ 211 ക്രൈസ്തവരാണ് തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് ഇക്കാലയളവിൽ മറ്റ് മതവിശ്വാസങ്ങൾ സ്വീകരിച്ചത്. ഇവരിൽ 45 പേരാണ് ഇസ്ലാം മതത്തിലേക്ക് പോയത്. മതംമാറിയവരിൽ 145 പേർ ദളിത് ക്രൈസ്തവരാണ്. ഹിന്ദുമതത്തിലേക്ക് മാറിയ ക്രൈസ്തവരിൽ 122 പേരും ക്രിസ്ത്യൻ പുലയ, ക്രിസ്ത്യൻ സാംബവ, ക്രിസ്ത്യൻ ചേരമർ സമുദായങ്ങളിൽ നിന്നുള്ളവരാണ്. ഇതിലധികവും കുടുംബത്തോടെ മതംമാറിയവരാണ്. അതേസമയം മുസ്ലിം മതവിശ്വാസത്തിലേക്ക് പോയവരിൽ പകുതിയിലധികം ക്രൈസ്തവരും പുരുഷന്മാരാണെന്നാണ് നിഗമനം.

ഹിന്ദുമതത്തിൽ നിന്നാണ് ഏറ്റവുമധികം ആളുകൾ മറ്റ് മതവിശ്വാസങ്ങൾ സ്വീകരിച്ചത്, 220 പേർ. 105 പേർ ക്രിസ്തുമത വിശ്വാസവും 115 പേർ ഇസ്ലാം മത വിശ്വാസവും സ്വീകരിച്ചു. ഇക്കാലയളവിൽ ഇസ്ലാം മതം ഉപേക്ഷിച്ചത് ആകെ 18 വിശ്വാസികളാണ്. 15 പേർ ഹിന്ദുമതത്തിലേക്കും മൂന്ന് പേർ ക്രിസ്തുമതത്തിലേക്കുമാണ് മാറിയത്.

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന മതംമാറ്റങ്ങളിൽ 47 ശതമാനവും ഹിന്ദുമതത്തിലേക്കാണെന്ന്, ഗസറ്റ് രേഖകൾ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

2020ൽ 506 മതംമാറ്റങ്ങളാണ് സംസ്ഥാന ഗസറ്റിൽ പരസ്യം ചെയ്തത്. ഇതിൽ 241ഉം ക്രിസ്ത്യൻ, മുസ്ലിം മതങ്ങളിൽനിന്ന് ഹിന്ദുമതത്തിലേക്കു മാറിയതാണ്. 144 പേരാണ് പുതുതായി ഇസ്ലാം മതം സ്വീകരിച്ചത്. 119 പേർ ക്രിസ്ത്യാനികളായി. ഹിന്ദുമതത്തിലേക്കു മാറിയവരിൽ 72 ശതമാനവും ദലിത് ക്രിസ്ത്യാനികൾ ആണ്. ദലിത് ക്രിസ്ത്യാനികൾക്കു സംവരണ ആനുകൂല്യങ്ങൾ ലഭിക്കാത്തതാവാം അവർ തിരിച്ചു ഹിന്ദുമതത്തിൽ എത്തിയതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്ലാമിൽനിന്നു ഹിന്ദുമതത്തിൽ എത്തിയത് 32 പേരാണ്.

മറ്റു മതങ്ങളിൽ ചേരുന്നതിനു ക്രിസ്തുമതം ഉപേക്ഷിച്ചത് 242 പേരാണ്. ക്രിസ്തുമതത്തിലേക്കു പുതുതായി എത്തിയവർ ആവട്ടെ 119 പേരും. ഇസ്ലാമിലേക്കു 144 പേർ എത്തിയപ്പോൾ ഉപേക്ഷിച്ചത് 40 പേർ. രണ്ടു പേർ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു.

ഇസ്ലാമിലേക്കു പുതുതായി എത്തിയവരിൽ 77 ശതമാനവും ഹിന്ദുക്കളാണ്. അതിൽ 63 ശതമാനവും സ്ത്രീകളും. ഈഴവ, തിയ്യ, നായർ സമുദായങ്ങളിൽനിന്നാണ് ഇവരിൽ ഭൂരിഭാഗവും. 13 സ്ത്രീകൾ ഉൾപ്പെടെ 25 ഈഴവർ ഇസ്ലാം മതം സ്വീകരിച്ചു. 11 സ്ത്രീകൾ ഉൾപ്പെട 17 തിയ്യരാണ് ഇസ്ലാമിൽ എത്തിയത്. നായർ സമുദായത്തിൽനിന്ന് 12 സ്ത്രീകൾ ഉൾപ്പെടെ 17 പേർ ഇസ്ലാം മതം സ്വീകരിച്ചതായും കണക്കുകൾ പറയുന്നു.

ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്ലാമിൽ എത്തിയ 33 പേരിൽ ഒൻപതു പേർ സിറിയൻ കത്തോലിക്കരാണ്. ഇതിൽ രണ്ടു പേർ വനിതകളും ആണെന്ന് 2020 ലെ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ട് പറയുന്നു.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്, ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്